
വാഷിംഗ്ടണ്‍: നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവില്‍ പറക്കും തളികകളുമായി ബന്ധപ്പെട്ട് സര്‍ക്കാറിന്റെ കൈയിലുള്ള രഹസ്യ ഫയലുകള്‍ പുറത്തുവിട്ട് അമേരിക്ക. പതിറ്റാണ്ടുകള്‍ പഴക്കമുള്ള 161 പുതിയ ഫയലുകളാണ് വെള്ളിയാഴ്ച പെന്റഗണ്‍ ഓണ്‍ലൈനായി പുറത്തുവിട്ടത്. വരും ദിവസങ്ങളില്‍ കൂടുതല്‍ ഫയലുകള്‍ പുറത്തുവിടുമെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കിയത്.
തൊണ്ണൂറുകളിലെ സയന്‍സ് ഫിക്ഷന്‍ ത്രില്ലറുകളെ അനുസ്മരിപ്പിക്കുന്ന ഫോണ്ടുകളും ഗ്രാഫിക്‌സും ഉള്ള വെബ്‌പേജിലൂടെയാണ്, തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കളുമായി ബന്ധപ്പെട്ട ഫയലുകള്‍ വെള്ളിയാഴ്ച പ്രസിദ്ധീകരിച്ചത്. സാധാരണക്കാരും ബഹിരാകാശ സഞ്ചാരികളും റിപ്പോര്‍ട്ട് ചെയ്ത കാഴ്ചകളുടെ വിവരണങ്ങള്‍ ഉള്‍പ്പെടുന്നു. വീഡിയോകള്‍, ചരിത്രരേഖകള്‍, അവ്യക്തമായ ചിത്രങ്ങള്‍ എന്നിവയുള്‍പ്പെടെ ഈ ഫയലുകളിലുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷണ റിപ്പോര്‍ട്ടുകളും പുതിയ ഫയലുകളില്‍ കാണാം.
അവിശ്വസനീയമായ വിശ്വാസങ്ങള്‍
കാലങ്ങളായി മനുഷ്യന്റെ ബുദ്ധിശക്തിയെയും ഭാവനയെയും ചോദ്യം ചെയ്യുന്നതാണ് അന്യഗ്രഹജീവികള്‍, ഭൂമിക്ക് പുറത്തുള്ള ജീവന്‍, പറക്കും തളികകള്‍ എന്നിവ. അന്യഗ്രഹജീവികള്‍ ഭൂമിയില്‍ വന്നുവെന്നും പറക്കുംതളികകള്‍ പലയിടങ്ങളിലും കണ്ടുവെന്നും പറഞ്ഞ് പല ഗൂഢാലോചന സിദ്ധാന്തങ്ങളും നിലവിലുണ്ട്. സ്ഥിരീകരിക്കാത്ത ഫോട്ടോകള്‍, വീഡിയോകള്‍ എന്നിവ ഇപ്പോഴും ഇതിന് തെളിവായി സോഷ്യല്‍ മീഡിയയില്‍ നിറയാറുണ്ട്. ഇന്നേവരെ ആധികാരികമായ ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ലെങ്കിലും ഇവയൊന്നും ഇല്ലെന്ന് സമ്മതിക്കാത്തവര്‍ ലോകമെങ്ങുമുണ്ട്. അമേരിക്കയില്‍ കഴിഞ്ഞ കുറേക്കാലമായി ഇത്തരക്കാരുടെ എണ്ണം കൂടുകയും ചെയ്തിട്ടുണ്ട്.
അമേരിക്കന്‍ സൈന്യവും ശാസ്ത്രഗവേഷണ സ്ഥാപനങ്ങളും കാലങ്ങളായി ഇക്കാര്യം പഠിക്കുകയാണെന്നും സുപ്രധാനമായ പല വിവരങ്ങളും അവര്‍ മറച്ചുവെക്കുകയാണെന്നുമാണ് പറക്കുംതളികാ വാദികളുടെ പതിവുപറച്ചില്‍. അമേരിക്ക പല രഹസ്യവിവരങ്ങളും പുറത്തുവിടാതെ കൊണ്ടുനടക്കുകയാണെന്ന് ഇത്തരം ഗൂഢാലോചനാ സിദ്ധാന്തങ്ങള്‍ പറയുന്നു. അത്യാധുനിക ചാരവിമാനങ്ങള്‍, ഡ്രോണുകള്‍, താഴ്ന്ന ഭ്രമണപഥത്തിലുള്ള ഉപഗ്രഹങ്ങള്‍, കാലാവസ്ഥാ ബലൂണുകള്‍ എന്നിവയുടെ സാന്നിധ്യം പറക്കുംതളികകളെക്കുറിച്ചുള്ള പല സിദ്ധാന്തങ്ങള്‍ക്കും വഴിതെളിച്ചിട്ടുണ്ട്. 'ഏരിയ 51' എന്നറിയപ്പെടുന്ന രഹസ്യ സൈനിക പരീക്ഷണ കേന്ദ്രം അമേരിക്ക നടത്തുന്നുണ്ടെന്നും കാലങ്ങളായി പറയപ്പെടുന്നുണ്ട്. പറക്കും തളികകളെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ ഇന്നും ദുരൂഹമായി തുടരുകയാണ്.
ബഹിരാകാശ യാത്രികര്‍ കണ്ടതെന്ത്?
വെള്ളിയാഴ്ച പുറത്തുവന്ന ഫയലുകളില്‍ പതിറ്റാണ്ടുകള്‍ പഴക്കമുള്ള സൈനിക മെമ്മോകള്‍, അപ്പോളോ ചന്ദ്ര ദൗത്യങ്ങളില്‍ നിന്നുള്ള റിപ്പോര്‍ട്ടുകള്‍, പറക്കുംതളികകള്‍ കണ്ടുവെന്ന് അവകാശപ്പെടുന്ന വ്യക്തികളുടെ റിപ്പോര്‍ട്ടുകള്‍ എന്നിവ ഉള്‍പ്പെടുന്നു.
1960-കളിലും 1970-കളിലും നടന്ന അപ്പോളോ 11, അപ്പോളോ 12, അപ്പോളോ 17 ചന്ദ്രയാന ദൗത്യങ്ങളിലെ ബഹിരാകാശ സഞ്ചാരികളുടെ, മുമ്പ് രഹസ്യമാക്കി വെച്ചിരുന്ന സംഭാഷണ രേഖകള്‍ ഈ ഫയലുകളിലുണ്ട്.
ചന്ദ്രയാത്രയ്ക്കിടെ വിശദീകരിക്കാനാകാത്ത നിരവധി പ്രതിഭാസങ്ങള്‍ കണ്ടതായി അപ്പോളോ 11 ദൗത്യത്തിലെ ബഹിരാകാശ സഞ്ചാരി ബസ് ഓള്‍ഡ്രിന്‍ 1969-ല്‍ നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു 'വളരെ പ്രകാശമുള്ള എന്തോ ഒന്ന് ഞാന്‍ കണ്ടു' അത് ഒരുപക്ഷേ ലേസര്‍ ആയിരിക്കാമെന്ന് ഞങ്ങള്‍ താല്‍ക്കാലികമായി കരുതി'- അദ്ദേഹം പറയുന്നു.
1969-ല്‍ ചന്ദ്രനില്‍ നടന്ന അപ്പോളോ 12 ദൗത്യത്തിനിടെ ബഹിരാകാശ സഞ്ചാരി അലന്‍ ബീന്‍ ബഹിരാകാശത്ത് ചില കണികകളും പ്രകാശ മിന്നലുകളും പാറിനടക്കുന്നത് കണ്ടതായി രേഖകള്‍ വ്യക്തമാക്കുന്നു. ആ കണികകള്‍ 'ചന്ദ്രനില്‍ നിന്ന് രക്ഷപ്പെട്ട് പോകുന്നത്' പോലെ തോന്നിച്ചു എന്നാണ് അദ്ദേഹമന്ന് പറഞ്ഞത്.
പേടകത്തില്‍ ഇരിക്കെ മിന്നിമറയുന്ന വെളിച്ചം കണ്ടതായി 1972-ലെ അപ്പോളോ 17 ദൗത്യത്തിലുണ്ടായിരുന്ന രണ്ട് ബഹിരാകാശ സഞ്ചാരികളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. പുറത്ത് അമേരിക്കന്‍ സ്വാതന്ത്ര്യദിനാഘോഷം പോലെ പ്രകാശമാണെന്നാണ് ബഹിരാകാശ സഞ്ചാരി ജാക് സ്മിത്ത് പറയുന്നത്. എന്നാല്‍ ഈ പ്രകാശം ഐസ് കഷ്ണങ്ങളില്‍ നിന്നുള്ള പ്രതിഫലനമാകാന്‍ സാധ്യതയുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പുറത്തുവിട്ട മറ്റൊരു ഫയലില്‍, 1965-ലെ ജെമിനി 7 ബഹിരാകാശ യാത്രയുടെ ഓഡിയോ റെക്കോര്‍ഡിംഗുണ്ട്. ഇതില്‍ ബഹിരാകാശ സഞ്ചാരി ഫ്രാങ്ക് ബോമാന്‍ നാസ മിഷന്‍ കണ്‍ട്രോളുമായി സംസാരിക്കുന്നത് കേള്‍ക്കാം. പേടകത്തിന്റെ ഇടതുവശത്തായി (തിരിച്ചറിയാത്ത ഒരു വസ്തുവിനെ കണ്ടതായി അദ്ദേഹം പറയുന്നു. കൂടാതെ കോടിക്കണക്കിന് ചെറിയ കണികകളെ കണ്ടതായും അദ്ദേഹം പറയുന്നു.
പറക്കും തളികകളെ കണ്ടവര്‍!
പുറത്തുവിട്ട രേഖകളില്‍, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങള്‍ കണ്ടതായുള്ള നിരവധി വ്യക്തികളുടെ മൊഴികളുണ്ട്.
തറയില്‍ നിന്ന് ഉയര്‍ന്നുപൊങ്ങുന്ന വലിയ വൃത്താകൃതിയിലുള്ള ഒരു വാഹനം കണ്ടതായി 1957-ല്‍ ഒരാള്‍ എഫ്.ബി.ഐയോട് വെളിപ്പെടുത്തിയതായി ഒരു ഫയലിലുണ്ട്. തിളക്കമുള്ള ലോഹനിര്‍മ്മിതമായ വസ്തു വായുവില്‍ തങ്ങിനില്‍ക്കുന്നത് കണ്ടതായി 2023 സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ യു.എസ്. പൗരന്മാര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
2022 മുതല്‍ ഇറാഖ്, സിറിയ, യു.എ.ഇ എന്നിവിടങ്ങളില്‍ പ്രവര്‍ത്തിച്ച സൈനികര്‍ പകര്‍ത്തിയ വീഡിയോ ക്ലിപ്പുകളും ഈ ഫയലുകളിലുണ്ട്. 2022-ല്‍ പശ്ചിമേഷ്യയിലെ പേരു വെളിപ്പെടുത്താത്ത ഒരിടത്ത് നിന്ന് പകര്‍ത്തിയ ഒരു വീഡിയോയില്‍, അണ്ഡാകൃതിയിലുള്ള ഒരു വസ്തു അതിവേഗം നീങ്ങുന്നത് കാണാം. ഇത് മിസൈല്‍ ആകാന്‍ സാധ്യതയുണ്ട് എന്നാണ് അനുബന്ധ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നത്.
ട്രംപിന്റെ തീരുമാനം!
അമേരിക്കയുടെ കൈയിലുള്ള രഹസ്യവിവരങ്ങള്‍ പുറത്തുവിടാന്‍ പ്രസിഡന്റ് ട്രംപ് തീരുമാനിച്ചത്. 'ജനങ്ങളുടെ വമ്പിച്ച താല്‍പര്യം പരിഗണിച്ച്, അന്യഗ്രഹജീവികള്‍, ഭൂമിക്ക് പുറത്തുള്ള ജീവന്‍, തിരിച്ചറിയപ്പെടാത്ത ആകാശ പ്രതിഭാസങ്ങള്‍ (UAP), തിരിച്ചറിയപ്പെടാത്ത പറക്കും വസ്തുക്കള്‍ (UFO) എന്നിവയുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ ഫയലുകള്‍ പുറത്തുവിടാനുള്ള നടപടികള്‍ ആരംഭിക്കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ഞാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സങ്കീര്‍ണ്ണമെങ്കിലും രസകരവും പ്രധാനപ്പെട്ടതുമായ ഈ വിഷയങ്ങളുമായി ബന്ധപ്പെട്ട മറ്റെല്ലാ വിവരങ്ങളും ഇതില്‍ ഉള്‍പ്പെടും.' എന്നാണ് ട്രംപ് സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
മുന്‍ പ്രസിഡന്റ് ബറാക് ഒബാമയുടെ ഒരു പരാമര്‍ശത്തില്‍ പ്രകോപിതനായാണ് ട്രംപ് ഇക്കാര്യം വെളിപ്പെടുത്തിയത. യൂട്യൂബറും പോഡ്കാസ്റ്റ് അവതാരകനുമായ ബ്രയാന്‍ ടൈലര്‍ കോഹനു നല്‍കിയ ഒരഭിമുഖത്തില്‍ ബരാക് ഒബാമ പറഞ്ഞത് ഇങ്ങനെയായിരുന്നു: 'അവ യഥാര്‍ത്ഥമാണ്, പക്ഷേ ഞാന്‍ കണ്ടിട്ടില്ല, അവരെ ഏരിയ 51-ല്‍ പാര്‍പ്പിച്ചിട്ടുമില്ല. ഇനി പ്രസിഡന്റില്‍ നിന്ന് പോലും മറച്ചുവെക്കുന്ന വലിയൊരു ഗൂഢാലോചന നടക്കുന്നുണ്ടെങ്കില്‍ എനിക്കറിയില്ല.'' തമാശയായാണ് ഒബാമ ഇങ്ങനെ പറഞ്ഞത്. പിന്നീട്, അന്യഗ്രഹജീവികളെക്കുറിച്ച് കൂടുതല്‍ ചോദ്യങ്ങളൊന്നും കോഹന്‍ ചോദിച്ചുമില്ല. പക്ഷേ, ഒബാമയുടെ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവചര്‍ച്ചയായി. അദ്ദേഹം എന്താണ് ഉദ്ദേശിച്ചതെന്നതിനെക്കുറിച്ച് പലതരം ചര്‍ച്ചകള്‍ നടന്നു. തുടര്‍ന്ന് ഒബാമ തന്നെ സോഷ്യല്‍ മീഡിയയിലൂടെ വിശദീകരണവുമായി വന്നു. പ്രപഞ്ചത്തില്‍ എവിടെയെങ്കിലും അന്യഗ്രഹ ജീവന്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ അര്‍ത്ഥമാക്കിയതെന്നും, എന്നാല്‍ തനിക്കറിയുന്നിടത്തോളം അവര്‍ ഭൂമി സന്ദര്‍ശിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. 'എന്റെ ഭരണകാലത്ത് അന്യഗ്രഹജീവികള്‍ നമ്മളുമായി ബന്ധപ്പെട്ടതിന് യാതൊരു തെളിവും സത്യമായി ഞാന്‍ കണ്ടിട്ടില്ല. എന്ന് അദ്ദേഹം തറപ്പിച്ചു പറഞ്ഞു.