
തമിഴ്‌നാട്ടിലെ മയിലാടുംതുറയ്ക്ക് അടുത്തുള്ള നീദൂർ ഗ്രാമം ചെറിയ പെരുന്നാൾ കാലത്ത് ലോകശ്രദ്ധ നേടി. അവിടെ അമീനുള്ള എന്നയാളുടെ കുടുംബ ഏഴ് തലമുറകളായി സൂക്ഷിക്കുന്ന മുസ്ലീം മതവിശ്വാസികളുടെ വിശിഷ്ട ഗ്രന്ഥമായ ഒരു ചെറിയ ഖുർആനായിരുന്നു ഈ പെരുമയ്ക്ക് കാരണം. എന്നാൽ ആധുനിക ശാസ്ത്ര. അക്കാദമിക് സമൂഹങ്ങളുടെ ശ്രദ്ധയാകർഷിച്ചത് ഖുർആൻ സൂക്ഷിച്ചിരുന്ന ഒരു ചെറിയ പെട്ടിയായിരുന്നു. നൂറ്റാണ്ടുകളോളും വിശുദ്ധ പുസ്തകത്തെ കേടുകൂടാതെ സംരക്ഷിച്ച, ഏതാണ്ട് 2,600°C താപനിലയെ പോലും അതിജീവിക്കാൻ കഴിയുന്ന ഒരു കുഞ്ഞ് പെട്ടി.
ചെറിയ വലിപ്പമുള്ളതാണെങ്കിലും പൗരാണികമായ ഈ ഖുർആൻ കരകൗശല വൈദഗ്ധ്യത്തിന്‍റെ ഒരു അത്ഭുതമാണ്. വളരെ സങ്കീർണ്ണമായ മൈക്രോ - കാലിഗ്രാഫി ഉപയോഗിച്ച് അറബിയിൽ വെറും 19 പേജുകളിലായി 6,676 അധ്യായങ്ങൾ ഇതിൽ ഈ ഗ്രന്ഥത്തിൽ ഉൾചേർത്തിരിക്കുന്നു. അസാധാരണമായ കൃത്യതയും വൈദഗ്ധ്യവും അവകാശപ്പെടാവുന്ന ഗ്രന്ഥം. ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ പ്രാഥമിക വിലയിരുത്തലുകളിൽ ഈ പുരാവസ്തു പതിനേഴാം നൂറ്റാണ്ടിലേതാണെന്നായിരുന്നു കരുതിയത്. എന്നാൽ സമീപകാലത്ത് നടത്തിയ വിശദവുമായ പഠനങ്ങൾ പ്രകാരം ഈ വിശുദ്ധ ഗ്രന്ഥം പതിനാലാം നൂറ്റാണ്ടിൽ രചിക്കപ്പെട്ടതാണെന്ന് തെളിഞ്ഞു.
മണ്ണമ്പണ്ടൽ എവിസി കോളേജിലെ ഭൗതികശാസ്ത്ര വിഭാഗത്തിലെ പ്രൊഫസർ രാമലിംഗത്തിന്‍റെ നേതൃത്വത്തിലുള്ള ഒരു ഗവേഷണ സംഘം ലോഹപ്പെട്ടിയുടെ ആഴത്തിലുള്ള ശാസ്ത്രീയ വിശകലനം നടത്തി. സെൻട്രൽ ഇലക്ട്രോകെമിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (സിഇസിആർഐ), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് (ഐഐഎസ്‌സി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐഐടി), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (എൻഐടി) എന്നിവയുൾപ്പെടെയുള്ള പ്രമുഖ സ്ഥാപനങ്ങളിൽ നിന്നുള്ള പഠന സംഘം സാമ്പിളുകൾ പരിശോധിച്ചു. പഠന ഫലങ്ങൾ ഗവേഷകരെ അത്ഭുതപ്പെടുത്തി.
നൂറ്റാണ്ടുകൾ പഴക്കമുള്ള ഖുർആൻ ആത്മീയവും സാംസ്കാരികവുമായ നിധിയായപ്പോൾ പുരാതന ഇന്ത്യയിലെ വിപുലമായ അറിവിന്‍റെയും കരകൗശലത്തിന്‍റെയും തെളിവായി ആ കുഞ്ഞ് പെട്ടി നിലകൊണ്ടു. പുരാതനമായ ഖുർആൻ സൂക്ഷിച്ചിരുന്ന ഏകദേശം 1.5 ഇഞ്ച് വീതിയും 1.75 ഇഞ്ച് നീളവുമുള്ള ഒരു ചെറിയ ലോഹപ്പെട്ടി. 78 വ്യത്യസ്ത ലോഹങ്ങളുടെ കൂട്ടായിരുന്നു പെട്ടിയുടെ നിർമ്മാണത്തിനായി ഉപയോഗിച്ചിരുന്നതെന്നത് ഗവേഷകരെ അമ്പരപ്പിച്ചു. അതിൽ 32 ലോഹങ്ങൾ ചെറിയ അളവിലും 46 ലോഹങ്ങൾ വലിയ അനുപാതത്തിലുമാണ് ചേർത്തിരിക്കുന്നത്.
ബഹിരാകാശ പേടക സാങ്കേതികവിദ്യയിൽ ഉപയോഗിക്കുന്ന ചില ആധുനിക സെറാമിക് വസ്തുക്കളേക്കാൾ പുരോഗമിച്ചതാണ് ഈ സങ്കീർണ്ണ ലോഹശാസ്ത്രമെന്നാണ് ഗവേഷകരുടെ കണക്കുകൂട്ടൽ. ലോഹകൂട്ടുകളെ കുറിച്ചുള്ള പൗരാണിക അറിവിന്‍റെ വെളിപ്പെടുത്തൽ കൂടിയായി ഇത്. അസാധാരണമായ താപ പ്രതിരോധമാണ് ഈ കുഞ്ഞു പെട്ടിക്കുള്ളത്. ഏതാണ്ട് 2,600 ഡിഗ്രി സെൽഷ്യസ് ചൂടിനെ വരെ ഈ പെട്ടി പ്രതിരോധിക്കുന്നു. 2,500 ഡിഗ്രി താപനിലയിലും ഈ പെട്ടി ഉരുകാതെ ഇരിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു. സ്ഥിരതയുള്ള അവസ്ഥകളിൽ കാണപ്പെടുന്ന യുറേനിയം, തോറിയം, കൊബാൾട്ട് തുടങ്ങിയ റേഡിയോ ആക്ടീവ് മൂലകങ്ങളുടെ സാന്നിധ്യവും പെട്ടിയിലുണ്ട്. 700 നൂറ്റാണ്ടുകളെ അതിജീവിച്ചിട്ടും പെട്ടിയ്ക്ക് ഒരു തുരുമ്പ് പോലുമില്ലെന്നും റിപ്പോര്‍ട്ടിൽ പറയുന്നു.
ഉയർന്ന താപനിലയെ അതിജീവിക്കാൻ ആധുനിക ബഹിരാകാശ പേടകങ്ങൾ കനത്ത സെറാമിക് കോട്ടിംഗുകളെയാണ് ആശ്രയിക്കുന്നതെന്നും ഇത് ഇന്ധന ഉപഭോഗം വർദ്ധിപ്പിക്കുമെന്നും പ്രൊഫസർ രാമലിംഗം അഭിപ്രായപ്പെട്ടു. എന്നാൽ ഇതിന് വിപരീതമായി, ഈ പുരാതന പെട്ടിയിൽ ഉപയോഗിച്ചിരിക്കുന്ന സാങ്കേതികവിദ്യയ്ക്ക്, ഭാരം കുറഞ്ഞതും ചൂടിനെ പ്രതിരോധിക്കാൻ കഴിയുന്നതുമായ ബഹിരാകാശ പേടകങ്ങൾ വികസിപ്പിക്കാൻ കഴിയുന്ന ലോഹകൂട്ട് നിർമ്മിക്കാൻ സഹായിക്കുമെന്നും ഇത് ബഹിരാകാശ എഞ്ചിനീയറിംഗിൽ ഗണ്യമായ നേട്ടങ്ങമുണ്ടാക്കുമെന്നും പ്രൊഫസർ രാമലിംഗം കൂട്ടിച്ചേർക്കുന്നു.
മറ്റൊരു ശ്രദ്ധേയമായ വെളിപ്പെടുത്തൽ പെട്ടിയിൽ 'നിക്കൽ പ്ലേറ്റിംഗ്' സാങ്കേതികത ഉപയോഗിച്ചിരുന്നുവെന്നതാണ്. ഈ രീതി 17, 18 നൂറ്റാണ്ടുകളിൽ വികസിപ്പിച്ചെടുത്തതാണെന്നാണ് ഇതുവരെ കരുതിയിരുന്നത്. എന്നാൽ, 14-ാം നൂറ്റാണ്ടിൽ തന്നെ ഇത്തരമൊരു രീതി ഇവിടെ രൂപപ്പെട്ടിരുന്നുവെന്ന് ഈ സംരക്ഷണ പെട്ടിയിലെ 'നിക്കൽ പ്ലേറ്റിംഗ്' തെളിവ് നൽകുന്നു. ഈ പെട്ടി മനുഷ്യന്‍റെ ലോഹ ഉപയോഗ ചരിത്രത്തെ കുറിച്ചും അവയുടെ കൂട്ടുകളുടെ സാങ്കേതിക വിദ്യകളെക്കുറിച്ചും നിരവധി ചോദ്യങ്ങളാണ് അവശേഷിപ്പിക്കുന്നത്. ഇത് സംബന്ധിച്ച കൂടുതൽ പഠനങ്ങൾ ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുമെന്നാണ് ഗവേഷകരുടെ അനുമാനം. ആത്മീയതോടൊപ്പം ലോഹ സാങ്കേതിക ചരിത്രത്തിലേക്കും സാങ്കേതിക വിദ്യയുടെ വികാസത്തിലേക്കും പുതിയൊരു വഴി കൂടി തുറന്നിടുകയാണ് മയിലാടുംതുറ.