
പശ്ചിമ ബംഗാളിലെ ജൽപായ്ഗുരി ജില്ലയിൽ ഏഴാം ക്ലാസിൽ പഠിക്കുന്ന ഒരു വിദ്യാർത്ഥിനിയുടെ ബാങ്ക് അക്കൗണ്ടിൽ അപ്രതീക്ഷിതമായി 759 കോടിയിലധികം രൂപ കണ്ടെത്തി. സർക്കാർ സ്കോളർഷിപ്പായി ലഭിച്ച 900 രൂപ പിൻവലിക്കാനെത്തിയപ്പോഴാണ് കുടുംബം അക്കൗണ്ടിൽ അസാധാരണമായ ബാങ്ക് ബാലൻസ് കണ്ടത്. പിന്നാലെ സംഭവത്തിൽ ബാങ്ക് അധികൃതരും പോലീസും അന്വേഷണം ആരംഭിച്ചു.
ജൽപായ്ഗുരി ജില്ലയിലെ ഹൽദിബാരി സ്വദേശിനിയായ വിദ്യാർത്ഥിനിക്ക് സർക്കാർ സ്കോളർഷിപ്പിന്‍റെ ഭാഗമായി ഏകദേശം 800 രൂപ ബാങ്ക് അക്കൗണ്ടിൽ നിക്ഷേപിച്ചതായി സന്ദേശം ലഭിച്ചു. പിന്നാലെ സഹോദരനൊപ്പം സമീപത്തെ ഓൺലൈൻ ബാങ്കിംഗ് സേവന കേന്ദ്രത്തിലെത്തി അക്കൗണ്ടിൽ നിന്ന് 800 പിൻവലിച്ച ശേഷം ബാലൻസ് പരിശോധിച്ചു. അപ്പോഴാണ് അക്കൗണ്ടിൽ 759 കോടി 69 ലക്ഷത്തിലധികം രൂപ നിക്ഷേപിക്കപ്പെട്ടതായി കണ്ടെത്തിയത്. അപ്രതീക്ഷിതമായ ബാങ്ക് അക്കൗണ്ടിലെത്തിയ പണം കുടുംബത്തെ ആശങ്കയിലാഴ്ത്തി. വിദ്യാർത്ഥിനിയുടെ അച്ഛൻ കേരളത്തിൽ പ്രവാസ തൊഴിലാളിയായി ജോലി ചെയ്യുന്നതായും കുടുംബം സാധാരണ സാമ്പത്തിക സാഹചര്യത്തിലാണ് ജീവിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു.
അക്കൗണ്ടിൽ ഇത്രയും വലിയ തുക പ്രത്യക്ഷപ്പെട്ടത് എങ്ങനെയാണെന്ന് അറിയില്ലെന്നും ബാങ്ക് അധികൃതർ പണത്തിന്‍റെ ഉറവിടം പരിശോധിക്കണമെന്നും കുടുംബം ആവശ്യപ്പെട്ടു. സംഭവം പുറത്തറിഞ്ഞതോടെ ബാങ്ക് അധികൃതരും പ്രാദേശിക പോലീസും കുട്ടിയുടെ വീട്ടിലെത്തി വിവരങ്ങൾ തിരക്കി. സാങ്കേതിക പിഴവാണോ, ബാങ്കിംഗ് സംവിധാനത്തിലെ തകരാറാണോ, മറ്റേതെങ്കിലും കാരണമാണോ ഇതിന് പിന്നിലെന്നത് പരിശോധിച്ച് വരികയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. നിലവിൽ അക്കൗണ്ടിലെ വിവരങ്ങൾ വിശദമായി പരിശോധിക്കുകയാണെന്ന് ബാങ്ക് അധികൃതരും വിവരമറിയിച്ചു.
അതേസമയം, ജൽപായ്ഗുരി ജില്ലയിൽ തന്നെ സമാന സ്വഭാവമുള്ള മറ്റൊരു സംഭവവും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. സർക്കാർ പദ്ധതിയുടെ ആനുകൂല്യം പിൻവലിക്കാൻ എത്തിയ മറ്റൊരു സ്ത്രീയുടെ ബാങ്ക് അക്കൗണ്ടിലും നൂറുകണക്കിന് കോടികളുടെ ബാലൻസ് കണ്ടെത്തിയിരുന്നു. ഈ സംഭവത്തിലും അന്വേഷണം നടക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഈ രണ്ട് സംഭവങ്ങളും തമ്മിൽ എന്തെങ്കിലും ബന്ധമുണ്ടോയെന്നും അധികൃതർ പരിശോധിക്കുന്നുണ്ട്. അതേസമയം ബീഹാറിലെ 82 -കാരനായ കാമേശ്വർ മിശ്ര, തന്‍റെ വാർധക്യ പെൻഷൻ എടുക്കാനെത്തിയപ്പോൾ അക്കൗണ്ടിൽ കണ്ടെത്തിയത് 759 കോടി രൂപ! കാമേശ്വർ മിശ്രയുടെ മകന്‍റെ അക്കൗണ്ടിലും സമാനമായ തുക നിക്ഷേപിക്കപ്പെട്ടിരുന്നു. ഇരുവരുടെ അക്കൗണ്ടിലുമായി എത്തിയത് 1,500 കോടിയോളം രൂപയെന്നാണ് റിപ്പോർട്ട്. ഈ സംഭവത്തിലും പോലീസ് അന്വേഷണം നടക്കുകയാണ്. സാധാരണ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ കോടിക്കണക്കിന് രൂപയുടെ ബാലൻസ് പ്രത്യക്ഷപ്പെടുന്ന ഇത്തരം സംഭവങ്ങൾ ബാങ്കിംഗ് സംവിധാനത്തിന്‍റെ വിശ്വാസ്യതയെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവെച്ചു. അന്വേഷണ റിപ്പോർട്ട് പുറത്തുവന്ന ശേഷമേ ഈ അസാധാരണ സംഭവത്തിന് പിന്നിലെ യഥാർത്ഥ കാരണം വ്യക്തമാകൂ.