
യുഎസിലെ ഒഹിയോയില്‍ ഗോഷെനിലുള്ള ഒബാനൺ ടെറസ് റിട്ടയര്‍മെന്‍റ് ഹോമില്‍ വച്ച് 77 കാരി ഡെറോത്തി ഫിദേലി അസാധാരണമായ ഒരു കാര്യം ചെയ്തു. തന്നോട് തന്നെയുള്ള അഗാധമായ പ്രണയത്തിനൊടുവില്‍ അവര്‍, റിട്ടയര്‍മെന്‍റ് ഹോമിലെ അന്താവാസികളുടെയും സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തില്‍ സ്വയം വിവാഹം ചെയ്തു. 'ജീവിതത്തില്‍ താന്‍ ചെയ്യേണ്ടിയിരുന്ന എല്ലാ കാര്യങ്ങളും താന്‍ ചെയ്തെന്നും അതിനാല്‍ ഇനി താന്‍ സ്വയം വിവാഹം കഴിക്കുകയാണെന്നും ഫിദേലി ടുഡേ ഡോട്ട് കോമിനോട് പറഞ്ഞു.
ഫിദേലിയുടെ ആവശ്യപ്രകാരം റിട്ടയര്‍മെന്‍റ് ഹോമിലെ ഫിദേലിയുടെ വസ്തുവകകളുടെ മനേജരായ റോബ് ഗീഗറാണ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കിയത്. വിവാഹത്തോടനുബന്ധിച്ച് താന്‍ അല്പം അസ്വസ്ഥയാണെങ്കിലും ആവേശത്തിലാണെന്നും അവര്‍ പറഞ്ഞു. വിവാഹ കാര്യത്തെ കുറിച്ച് സംസാരിച്ചപ്പോള്‍ റോബ് ആശ്ചര്യപ്പെട്ടെന്ന് ഫിദേലി പറയുന്നു. മകളോടും താന്‍ ഇക്കാര്യം പറഞ്ഞു. 'ഓ അമ്മാ പോയി അത് ചെയ്യൂ. നിങ്ങളുടെ വിവാഹ വസ്ത്രം ഞാന്‍ ശരിയാക്കാം, നിങ്ങള്‍ക്ക് വേണ്ടതെല്ലാം ഞാന്‍ ഒരുക്കാം.' മകള്‍ പറഞ്ഞതായി ഫിദേലി കൂട്ടിച്ചേര്‍ത്തു.
1.7 ടിക്കറ്റ് വിലയുള്ള ബിസിനസ് ക്ലാസ് യാത്ര അസഹ്യം, കേസ്; പിന്നീട് സംഭവിച്ചത്
വിവാഹ ദിവസം ഫിദേലി, പൂക്കള്‍ തുന്നിച്ചേര്‍ത്ത സുതാര്യമായ നീളമുള്ള കൈകളുള്ള വെള്ള വസ്ത്രവും വെള്ളി കൊണ്ടുള്ള ഒരു ബെൽറ്റും അലങ്കരിച്ച ഹെഡ്‌ബാൻഡുള്ള മൂടുപടവും ധരിച്ചിരുന്നു. കൂടാതെ ഒരു വെളുത്ത താമരപ്പൂവും അവര്‍ കൈയില്‍ കരുതി. 'ഞാന്‍ അസ്വസ്ഥയായിരുന്നു പക്ഷേ, പതിവില്‍ കവിഞ്ഞ സന്തോഷത്തിലുമായിരുന്നു താനെന്ന്' വിവാഹശേഷം മാധ്യമങ്ങളോട് സംസാരിക്കവെ ഫിദേലി പറഞ്ഞു. ഫിദേലിക്ക് തന്‍റെ അയല്‍വാസിയില്‍ നിന്നാണ് ഇത്തരമൊരു ആശയം കിട്ടുന്നത്. അവര്‍ മുമ്പ് കണ്ട ഒരു ടിവി ടോക് ഷോയില്‍ അത്തരത്തില്‍ സ്വയം വിവാഹം ചെയ്ത ഒരാളെക്കുറിച്ചുള്ളതായിരുന്നു. കഴിഞ്ഞ 40 വര്‍ഷമായി ഞാന്‍ എന്നില്‍ തന്നെ ഒതുങ്ങിയിട്ട്. അതിനാല്‍ എല്ലാവരെയും അത്ഭുതപ്പെടുത്തുന്ന എന്തെങ്കിലും ചെയ്യണമെന്നുണ്ടായിരുന്നു. ഇന്ന് മക്കളും കൊച്ചുമക്കളും എന്നെ കുറിച്ച് മാത്രം സംസാരിക്കുന്നത് കാണാന്‍ സന്തോഷമുണ്ടെന്നും ഫിദേലി അഭിപ്രായപ്പെട്ടു.