സ്വന്തം മരണാനന്തര ചടങ്ങായ 'പതിമൂന്നാം അടിയന്തരം' ആഘോഷമാക്കി 80 -കാരൻ; 900 പേർക്ക് വിരുന്ന്, വീഡിയോ വൈറൽ

Published : Nov 19, 2026, 01:00 PM IST
Chaudhary Baljor Singh

Synopsis

ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിൽ 80-കാരനായ ചൗധരി ബൽജോർ സിങ് ജീവിച്ചിരിക്കെ തന്നെ സ്വന്തം മരണാനന്തര ചടങ്ങായ 'തെരഹ്‌വിൻ' സംഘടിപ്പിച്ചു. 900 പേർക്കായി സമൂഹസദ്യയൊരുക്കിയ അദ്ദേഹം, കുടുംബത്തിന്റെ ഉത്തരവാദിത്തം കൊച്ചുമകന് കൈമാറുകയും ചെയ്തു.

മരണാനന്തര ചടങ്ങുകൾ പലപ്പോഴും ദുഃഖത്തിന്‍റെയും ഓർമകളുടെയും ഒത്തുചേരലുകളാണ്. എന്നാൽ, അതിൽ നിന്നൊരു വ്യത്യസ്ത രീതിയിലൂടെ സഞ്ചരിക്കുകയാണ് ഉത്തർപ്രദേശിലെ ബാഗ്പത് ജില്ലയിലുള്ള ജോഹ്രി ഗ്രാമവാസിയായ ചൗധരി ബൽജോർ സിങ്. എൺപതാം വയസ്സിൽ, താൻ ജീവിച്ചിരിക്കെ തന്നെ സ്വന്തം 'തെരഹ്‌വിൻ' (മരണാനന്തരം 13-ാം ദിവസം നടത്തുന്ന ചടങ്ങ്) സംഘടിപ്പിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് അദ്ദേഹം. ചടങ്ങിൽ ഏകദേശം 900 പേർക്കായി സമൂഹസദ്യയും അദ്ദേഹം ഒരുക്കിയിരുന്നു.

ആഘോഷമായി തെരഹ്‍വിൻ

സാധാരണയായി ഒരാൾ മരിച്ച് 13-ാം ദിവസമാണ് 'തെരഹ്‌വിൻ' ചടങ്ങ് നടത്താറുള്ളത്. എന്നാൽ, ഈ പതിവിന് വിപരീതമായി ചടങ്ങിലുടനീളം ബൽജോർ സിങ് സന്നിഹിതനായിരുന്നു. അതിഥികളെ നേരിട്ട് സ്വീകരിക്കുകയും അവർക്കൊപ്പം സദ്യയിൽ പങ്കെടുക്കുകയും ചെയ്തുകൊണ്ട് അദ്ദേഹം ചടങ്ങിനെ വ്യത്യസ്തമാക്കി. ചൗധരി സമുദായത്തിലെ നിരവധി പേരും ഉത്തർപ്രദേശ് മന്ത്രി കെ പി മാലിക്കും ഈ ചടങ്ങിൽ പങ്കെടുത്തു.

പഗ്ഡി ചടങ്ങും നടത്തി

ചടങ്ങിലെ പ്രധാന ഘടകങ്ങളിലൊന്നായിരുന്നു പരമ്പരാഗതമായ 'പഗ്ഡി' ചടങ്ങ്. കുടുംബനാഥന്‍റെ മരണശേഷം കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കുന്നയാളെ അംഗീകരിക്കാനായി പല കുടുംബങ്ങളിലും നടത്താറുള്ള ഈ ചടങ്ങ്, ബൽജോർ സിങ് തന്‍റെ സാന്നിധ്യത്തിൽ തന്നെ നിർവഹിച്ചു. തന്‍റെ പഗ്ഡി ഏകദേശം പത്ത് വയസ്സുള്ള കൊച്ചുമകൻ മുകുളിന് കൈമാറിക്കൊണ്ട് കുടുംബത്തിന്‍റെ ഉത്തരവാദിത്തങ്ങൾ അടുത്ത തലമുറയ്ക്ക് കൈമാറുന്നതിന്‍റെ പ്രതീകാത്മക ചടങ്ങും അദ്ദേഹം പൂർത്തിയാക്കി.

എന്തുകൊണ്ട് ജീവിച്ചിരിക്കെ?

തന്‍റെ മരണശേഷം കുടുംബാംഗങ്ങൾ ചെയ്യേണ്ടിവരുന്ന ചടങ്ങുകൾ ജീവിച്ചിരിക്കുമ്പോൾ തന്നെ പൂർത്തിയാക്കണമെന്ന ആഗ്രഹമാണ് ഈ തീരുമാനത്തിന് പിന്നിലെന്ന് ബൽജോർ സിങ് വ്യക്തമാക്കുന്നു. സമൂഹ സദ്യകളിൽ ആളുകൾ പങ്കെടുക്കുന്നത് താൻ കണ്ടിട്ടുണ്ടെന്നും ജീവിച്ചിരിക്കുമ്പോൾ തന്നെ എല്ലാവരെയും ഒരുമിച്ചുകൂട്ടാൻ ആഗ്രഹിച്ചെന്നും അദ്ദേഹം പറഞ്ഞു. "എന്‍റെ കാര്യങ്ങൾ ഞാൻ തന്നെ ചെയ്യുകയാണ്" എന്നായിരുന്നു അദ്ദേഹത്തിന്‍റെ വാക്കുകൾ.

PREV
Read more Articles on
click me!

Recommended Stories

ആമസോൺ കാടുകളിൽ ഭക്ഷണമില്ല? വിഷം പുരട്ടിയ അമ്പുകളുമായി അന്നം തേടി കാടിറങ്ങി ആദിവാസി വിഭാഗം; ചരിത്രത്തിൽ തന്നെ ആദ്യ സംഭവം!
7 വയസുകാരന് ശവസംസ്കാര ചടങ്ങുകളോട് കൗതുകം; അച്ഛനുവേണ്ടിയും മിനിയേച്ചർ സംസ്കാരച്ചടങ്ങ്!