ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന അവാ ആദിവാസികൾ ഭക്ഷണം തേടി ഗ്രാമത്തിലെത്തി. പുറംലോകത്തുനിന്നുള്ള കടന്നുകയറ്റം കാരണം ഇവർ കടുത്ത സമ്മർദ്ദം നേരിടുന്നുണ്ടെന്ന് സർവൈവൽ ഇന്‍റർനാഷണൽ വിലയിരുത്തുന്നു. ഇത്തരം സമ്പർക്കങ്ങൾ ഇവർക്ക് രോഗപ്പകർച്ച ഉൾപ്പെടെയുള്ള വലിയ ഭീഷണികൾ സൃഷ്ടിക്കാമെന്ന് മുന്നറിയിപ്പുണ്ട്.
ബ്രസീലിലെ ആമസോൺ മഴക്കാടുകളിൽ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന അവാ ആദിവാസി വിഭാഗത്തിലെ ഇരുപതോളം പേർ കാടിന് പുറത്തേക്ക് വന്ന് ഭക്ഷണം ആവശ്യപ്പെട്ട സംഭവം ലോകശ്രദ്ധ നേടി. ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മാരൻഹാവോയിലെ അരാരിബോയയിലെ ഒരു ഗ്രാമത്തിലാണ് ഭക്ഷണം തേടിയിവർ എത്തിയത്. ആദിവാസി ജനവിഭാഗങ്ങളുടെ അവകാശങ്ങൾക്കായി പ്രവർത്തിക്കുന്ന സർവൈവൽ ഇന്‍റർനാഷണൽ സംഭവത്തിന്‍റെ ദൃശ്യങ്ങൾ പങ്കുവെക്കുകയും ഇതിനെ 'ചരിത്രപരമായ കൂടിക്കാഴ്ച' എന്ന് വിശേഷിപ്പിക്കുകയും ചെയ്തു.
ചേന വാങ്ങി മടക്കം
അരാരിബോയയിലെ ഗ്രാമത്തിലെത്തിയ അവാ വിഭാഗത്തിലെ അംഗങ്ങൾ ഗ്രാമവാസികളോട് ഭക്ഷണം ആവശ്യപ്പെടുകയും അവർ അത് നൽകുകയും ചെയ്തു. "അവർ കിഴങ്ങ് വർഗമായ ചേന ആവശ്യപ്പെട്ടു. അത് വാങ്ങി വീണ്ടും കാട്ടിലേക്ക് മടങ്ങി. സമീപകാല ചരിത്രത്തിൽ അവാ വിഭാഗത്തിൽപ്പെട്ടവർ ഇത്തരത്തിൽ പെരുമാറിയ മറ്റൊരു സംഭവം ഉണ്ടായിട്ടില്ല." സർവൈവൽ ഇന്‍റർനാഷണൽ വ്യക്തമാക്കി. പുറംലോകത്തുനിന്നുള്ളവർ തങ്ങളുടെ പ്രദേശത്തേക്ക് കടന്നുകയറുന്നത് മൂലമുണ്ടായ സമ്മർദം കാരണമായിരിക്കാം ഇവർ ഭക്ഷണം ആവശ്യപ്പെട്ട് കാടിറങ്ങിയതെന്ന് സർവൈവൽ ഇന്‍റർനാഷണൽ വിലയിരുത്തി.
ചുരുങ്ങുന്ന വനമേഖല
കഴിഞ്ഞ കുറച്ചുവർഷങ്ങളായി ആമസോൺ മേഖലയിലെ ആദിവാസി വിഭാഗങ്ങൾ വിവിധ തരത്തിലുള്ള ഭീഷണികൾ നേരിടുകയാണ്. അവാ വിഭാഗത്തിലെ പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്നവർ കടുത്ത സമ്മർദ്ദത്തിലാണന്ന് സർവൈവൽ ഇന്‍റർനാഷണൽ ഡയറക്ടർ കരോലിൻ പിയേഴ്സ് വ്യക്തമാക്കി. അവരുടെ പ്രദേശത്തിന്‍റെ എല്ലാ ഭാഗങ്ങളിൽ നിന്നും പുറത്തുനിന്നുള്ളവർ കടന്നുകയറുകയാണ്. അതിനാൽ ആമസോൺ മഴക്കാടുകളുടെ കൂടുതൽ ചെറുതായൊരു ഭാഗത്തേക്ക് അവർ ഒതുങ്ങേണ്ടിവരുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.
സർക്കാർ ജാഗ്രതയോടെ പെരുമാറണം
സർവൈവൽ ഇന്‍റർനാഷണലിന്‍റെ കണക്കുകൾ പ്രകാരം പത്തോളം രാജ്യങ്ങളിലായി പുറംലോകവുമായി ബന്ധമില്ലാതെ കഴിയുന്ന 196 ആദിവാസി വിഭാഗങ്ങളുണ്ട്. ഇവരിൽ ഏകദേശം 95 ശതമാനവും ആമസോൺ മേഖലയിലാണ് താമസിക്കുന്നത്. ഒറ്റപ്പെട്ട് കഴിയുന്ന അവാ വിഭാഗവുമായിയുണ്ടായ കൂടിക്കാഴ്ചയിൽ ഉത്തരവാദപ്പെട്ട സർക്കാർ ഏജൻസികൾ അതീവ ജാഗ്രതയോടെ ഇടപെടേണ്ടതിന്‍റെ ആവശ്യകതയാണ് വ്യക്തമാകുന്നതെന്ന് മാരൻഹാവോയിലെ ആദിവാസി സംഘടനയായ കോഅപിമ പറഞ്ഞു. ആസൂത്രണമില്ലാത്ത ഇത്തരം സമ്പർക്കങ്ങൾ ഒറ്റപ്പെട്ടുകഴിയുന്ന ആദിവാസി ജനവിഭാഗങ്ങൾക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാം. പ്രത്യേകിച്ച് രോഗങ്ങൾ പകരാനുള്ള സാധ്യതയും അവരുടെ സുരക്ഷയ്ക്കും നിലനിൽപ്പിനുമുള്ള മറ്റ് ഭീഷണികളും ഇതിലൂടെ വർധിക്കാമെന്നും കോഅപിമ മുന്നറിയിപ്പ് നൽകി.














