17 ലക്ഷത്തിന്റെ ശമ്പളം, പക്ഷേ ഉച്ചഭക്ഷണത്തിന് വെറും 15 മിനിറ്റ്! ഐഐഐടി ബിരുദധാരി ജോലി ഉപേക്ഷിച്ചത് എന്തിന്?

Published : Apr 16, 2026, 04:56 PM IST
Job

Synopsis

ഇന്നത്തെ കാലത്ത് ഒരു ലക്ഷ്വറി ജോലി എന്നത് ആരുടെയും സ്വപ്നമാണ്. എന്നാൽ 17 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ബാങ്കിംഗ് ജോലി വേണ്ടെന്ന് വെച്ച് ഒരു 24-കാരൻ പടിയിറങ്ങിയ വാർത്തയാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്.

ഇന്നത്തെ കാലത്ത് ഒരു ലക്ഷ്വറി ജോലി എന്നത് ഏതൊരു യുവാവിന്റെയും സ്വപ്നമാണ്. എന്നാൽ 17 ലക്ഷം രൂപ വാർഷിക ശമ്പളമുള്ള ബാങ്കിംഗ് ജോലി വേണ്ടെന്ന് വെച്ച് ഒരു 24-കാരൻ പടിയിറങ്ങിയ വാർത്തയാണ് ഇപ്പോൾ ഡിജിറ്റൽ ലോകത്ത് വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുന്നത്. ഐഐഐടി ഡൽഹിയിൽ നിന്ന് ബിരുദം നേടിയ ചിരാഗ് മദാൻ എന്ന യുവാവാണ് കോർപ്പറേറ്റ് ബാങ്കിംഗ് മേഖലയിലെ തന്റെ ഉയർന്ന ജോലി ഉപേക്ഷിച്ച് ശ്രദ്ധേയനായത്. ഇത് വെറുമൊരു രാജിയല്ല, മറിച്ച് ശ്വാസം മുട്ടിക്കുന്ന കോർപ്പറേറ്റ് തൊഴിൽ സംസ്കാരത്തോടുള്ള ശക്തമായ പ്രതിഷേധം കൂടിയാണെന്നാണ് യുവാവിൻ്റെ വാദം.

രാവിലെ 9 മുതൽ വൈകിട്ട് 5 വരെ എന്ന നിലയിലായിരുന്നു ചിരാഗ് ജോലി ആരംഭിച്ചത്. എന്നാൽ വളരെ പെട്ടെന്ന് തന്നെ സ്ഥിതിഗതികൾ മാറിമറിഞ്ഞു. ജോലി സമയം രാവിലെ 9 മുതൽ രാത്രി 7 വരെയായി നീണ്ടു. ആഴ്ചയിൽ അഞ്ച് ദിവസം എന്നുള്ളത് ആറ് ദിവസമായി മാറുകയും ചെയ്തതോടെ വിശ്രമിക്കാനോ സ്വന്തം കാര്യങ്ങൾ ശ്രദ്ധിക്കാനോ സമയമില്ലാത്ത അവസ്ഥയായി. ഇത്രയും ഉയർന്ന ശമ്പളം ലഭിച്ചിട്ടും സ്വന്തം ജീവിതം നഷ്ടപ്പെടുന്ന മാനസികാവസ്ഥയിലായിരുന്നു ചിരാഗ്.

തൊഴിലിടത്തിലെ മനുഷ്യത്വരഹിതമായ ചില രീതികളെക്കുറിച്ചും ചിരാഗ് തുറന്നുപറയുന്നുണ്ട്. ഉച്ചഭക്ഷണത്തിനായി ലഭിച്ചിരുന്ന സമയം വെറും 10 മുതൽ 15 മിനിറ്റ് വരെ മാത്രമായിരുന്നു. കനത്ത ജോലിഭാരം കാരണം അത്രയും സമയത്തിനുള്ളിൽ ആഹാരം കഴിച്ച് തീർത്ത് വീണ്ടും ജോലിയിൽ പ്രവേശിക്കാൻ ജീവനക്കാർ നിർബന്ധിതരായിരുന്നു. ഇതിനേക്കാളൊക്കെ അമ്പരപ്പിക്കുന്ന മറ്റൊരു കാര്യം അസുഖം വന്നാൽ പോലും അവധി എടുക്കാൻ സാധിക്കാത്ത അവസ്ഥയായിരുന്നു എന്നതാണ്. അസുഖമാണെന്ന് ബോധ്യപ്പെടുത്താൻ കടുത്ത വിശദീകരണങ്ങൾ നൽകേണ്ടി വരുന്നത് ജീവനക്കാരെ മാനസികമായി തളർത്തിയിരുന്നു.

ബാങ്കിംഗ് മേഖലയിലെ കടുത്ത ടാർഗെറ്റുകളെക്കുറിച്ചും ചിരാഗ് വെളിപ്പെടുത്തുന്നുണ്ട്. ഓരോ മാസവും 10 കോടി രൂപ വരെയുള്ള ഡീലുകൾ ക്ലോസ് ചെയ്യണമെന്ന കടുത്ത സമ്മർദ്ദമാണ് ജീവനക്കാരുടെ മേൽ അധികൃതർ ചെലുത്തിയിരുന്നത്. ഈ ലക്ഷ്യങ്ങൾ കൈവരിക്കാൻ സാധിക്കാതെ വരുമ്പോൾ മേലുദ്യോഗസ്ഥരിൽ നിന്ന് വലിയ രീതിയിലുള്ള മാനസിക പീഡനങ്ങൾ നേരിടേണ്ടി വന്നിരുന്നതായും അദ്ദേഹം ആരോപിക്കുന്നു. കൂടാതെ, ഉപഭോക്താക്കളെ തെറ്റിദ്ധരിപ്പിച്ച് ഉൽപ്പന്നങ്ങൾ വിൽക്കാൻ മാനേജ്‌മെന്റ് വലിയ സമ്മർദ്ദം ചെലുത്തിയിരുന്നതും ജോലി വിടാൻ പ്രധാന കാരണമായി.

ചിരാഗിന്റെ ഈ വെളിപ്പെടുത്തൽ പുറത്തുവന്നതോടെ സോഷ്യൽ മീഡിയയിൽ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് രംഗത്തെത്തിയത്. ഉയർന്ന ശമ്പളത്തേക്കാൾ പ്രധാനം സ്വന്തം സമാധാനവും ആരോഗ്യവുമാണെന്ന് ഒരു വിഭാഗം വാദിക്കുമ്പോൾ, 17 ലക്ഷം രൂപയുടെ ശമ്പളം ഉപേക്ഷിക്കുന്നത് പ്രായോഗികമായ തീരുമാനമാണോ എന്ന് ചോദിക്കുന്നവരും കുറവല്ല. എങ്കിലും, കോർപ്പറേറ്റ് മേഖലയിലെ 'ടോക്സിക്' ആയ സാഹചര്യങ്ങളെക്കുറിച്ച് തുറന്നുപറയാൻ ചിരാഗ് കാണിച്ച ധൈര്യം ഇന്ന് ആയിരക്കണക്കിന് യുവാക്കൾക്കിടയിൽ വലിയൊരു ചർച്ചയ്ക്ക് തിരികൊളുത്തിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

സ്കൂൾ വിദ്യാർത്ഥികളെ കൊല്ലാനായി തോക്കുമായെത്തി, പക്ഷേ കാലിൽ വെടിയേറ്റിട്ടും പ്രിൻസിപ്പാൾ കൊലയാളി കീഴടക്കി; വീഡിയോ
അനാവശ്യ ടെൻഷൻ വേണ്ട, ജസ്റ്റ് ബി 'നോൺഷാലന്റ്'! ജെൻ സി ഏറ്റെടുത്ത പുതിയ 'കൂൾ' സ്ലാങ്; വൈറൽ വാക്കിന് പിന്നിലെ കഥയറിയാം!