നീറ്റ് ക്രമക്കേടിൽ ജന്തർ മന്തറിൽ പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്ക് നാഗാലാൻഡിൽ നിന്നുള്ള ഷാ ലൂവ് എന്നയാൾ 68,000 രൂപയുടെ 150 പിസകൾ ഓർഡർ ചെയ്തു. നേരിട്ട് എത്താൻ കഴിയാത്തതിനാലാണ് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഭക്ഷണം എത്തിച്ചതെന്നും, ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായെന്നും അദ്ദേഹം വ്യക്തമാക്കി.
രാജ്യാന്തര തലത്തിൽ ശ്രദ്ധ നേടിയ ജന്തർ മന്തിറിലെ വിദ്യാർഥി പ്രതിഷേധ സ്ഥലത്തേക്ക് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ നിന്നും സ്വിഗ്ഗി, സൊമാറ്റോ വഴി ഓർഡർ ചെയ്യുന്ന ഭക്ഷണം എത്തുന്നുവെന്ന വാർത്ത നേരത്തെ തന്നെ റിപ്പോർട്ട് ചെയ്യപ്പെട്ടതാണ്. എന്നാൽ നാഗാലാന്‍ഡിൽ നിന്നും പ്രതിഷേധത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് കൊണ്ട് ഒരു വ്യക്തി നടത്തിയ ഭക്ഷണ ഓർഡർ വിദ്യാർത്ഥികളെ അമ്പരപ്പിച്ചു. നീറ്റ് ക്രമക്കേടിൽ രാജ്യതലസ്ഥാനത്ത് പ്രതിഷേധിക്കുന്ന വിദ്യാർത്ഥികൾക്കായി അദ്ദേഹം ഓർഡർ ചെയ്തത് 68,000 രൂപ വില വരുന്ന 150 പിസകൾ! സംഭവത്തെ കുറിച്ച് പങ്കുവയ്ക്കപ്പെട്ടതോടെ സമൂഹ മാധ്യമങ്ങളിലും വൈറലായി.
'എത്തിച്ചേരാൻ പറ്റാത്തതിനാൽ...'
പ്രതിഷേധ സ്ഥലത്ത് നേരിട്ട് എത്താൻ കഴിയാത്തതിലുള്ള വിഷമമാണ് ഈ തീരുമാനത്തിന് പിന്നിലെന്നാണ് ഷാ ലൂവ് സമൂഹ മാധ്യമത്തിലൂടെ വ്യക്തമാക്കിയത്. ദൂരെയിരുന്നാലും സമരത്തിന് പിന്തുണ അറിയിക്കാനും പ്രതിഷേധത്തിൽ പങ്കെടുക്കുന്നവർക്ക് ചെറിയൊരു സഹായമെങ്കിലും നൽകാനുമാണ് ഭക്ഷണം എത്തിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. " ഇന്ന് രാത്രി, പ്രതിഷേധത്തിൽ പങ്കെടുക്കാൻ കഴിയാത്തതിന്‍റെ ദുഃഖത്തിൽ എനിക്ക് അത്താഴം ആസ്വദിക്കാൻ കഴിഞ്ഞില്ല, എന്‍റെ സഹോദരീ സഹോദരന്മാർ അവിടെ പട്ടിണി കിടക്കുകയാണ്. വീട്ടിൽ നിന്ന് വളരെ അകലെയുള്ള ജന്തർ മന്തറിൽ ആയിരക്കണക്കിന് വിദ്യാർത്ഥികൾ മെച്ചപ്പെട്ട ഭാവിക്കും ന്യായമായ വിദ്യാഭ്യാസ സമ്പ്രദായത്തിനും വേണ്ടി പോരാടുമ്പോൾ ഞാൻ ഇവിടെ നാഗാലാൻഡിൽ ഇരിക്കുകയാണ്. എനിക്ക് അവരോടൊപ്പം ഉണ്ടായിരിക്കാൻ കഴിഞ്ഞില്ല, അതിനാൽ എനിക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും കുറഞ്ഞത് ഇതാണ്. ഞാൻ 150 ഡൊമിനോസ് ഫാംഹൗസ് ചീസ് ബർസ്റ്റ് പിസ്സകൾ ഓർഡർ ചെയ്തു, ഡെലിവറി പങ്കാളിയോട് ആൾക്കൂട്ടത്തിലേക്ക് പോയി ഭക്ഷണം ആവശ്യമുള്ള ആർക്കും വിതരണം ചെയ്യാൻ ആവശ്യപ്പെട്ടു." ഭക്ഷണ ഓർഡറിന്‍റെ സ്ക്രീൻ ഷോട്ട് പങ്കുവച്ച് കൊണ്ട് ഷാ ലൂവ് തന്‍റെ ഇന്‍സ്റ്റാഗ്രാം പേജിൽ എഴുതി. സമൂഹ മാധ്യമങ്ങളിൽ നൽകിയത് പ്രകാരം ഷാ ഒരു കവി കൂടിയാണ്.
'ഒപ്പമുണ്ട്...'
തന്‍റെ പ്രവർത്തിക്ക് മറുപടിയായി ലഭിച്ച അഭിനന്ദന വാക്കുകൾ തന്നെ ഏറെ സ്പർശിച്ചുവെന്നും ഈ സമരം പ്രതിഷേധ സ്ഥലത്തുള്ളവരെ മാത്രമല്ല, വിദ്യാഭ്യാസ സംവിധാനത്തെക്കുറിച്ച് ആശങ്കപ്പെടുന്ന നിരവധി പേരെ മാനസികമായി സ്വാധീനിച്ചിട്ടുണ്ടെന്ന തിരിച്ചറിവും ആ അനുഭവം നൽകിയതായി ഷാ കൂട്ടിച്ചേർത്തു. പോസ്റ്റിനൊപ്പം പങ്കുവെച്ച ഓർഡർ വിവരങ്ങൾ പ്രകാരം 150 പിസകളുടെ ആകെ ചെലവ് നികുതികളും മറ്റ് ചാർജുകളും ഉൾപ്പെടെ ഏകദേശം 67,700 രൂപയായിരുന്നു. എന്നാൽ, തന്‍റെ ഈ സഹായം പ്രശംസ നേടാൻ വേണ്ടിയല്ല പങ്കുവെച്ചതെന്നും, എവിടെയായിരുന്നാലും സമൂഹത്തിന് കഴിയുന്ന വിധത്തിൽ കൈത്താങ്ങാകാമെന്ന സന്ദേശം നൽകാനാണ് തന്‍റെ ശ്രമമെന്നും അദ്ദേഹം വിശദീകരിച്ചു.
ജനകീയ ഐക്യം
സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ നിരവധി പേരാണ് അദ്ദേഹത്തിന്‍റെ പ്രവർത്തിയെ അഭിനന്ദിച്ച് രംഗത്തെത്തിയത്. നേരിട്ട് സമരത്തിൽ പങ്കെടുക്കാൻ കഴിയാതിരുന്നിട്ടും വ്യത്യസ്തമായ രീതിയിൽ പിന്തുണ അറിയിച്ചതിനെ നിരവധി ഉപയോക്താക്കൾ മാതൃകാപരമായ നടപടിയെന്ന് വിശേഷിപ്പിച്ചു. ഭാവി തലമുറയ്ക്ക് വേണ്ടിയുള്ള ഈ സമരത്തിൽ ഇന്ത്യ ഐക്യപ്പെട്ടെന്നായിരുന്നു മറ്റൊരു കുറിപ്പ്.


