
യൂട്യൂബ് ചാനലിലെ കാഴ്ചക്കാരുടെ എണ്ണം കൂട്ടാനുള്ള ശ്രമത്തിനിടെ പിതാവിന്‍റെ കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് ഒമ്പതുകാരൻ പരസ്യം നൽകിയതിനെ തുടർന്ന് ഭീമമായ സാമ്പത്തിക ബാധ്യത. അമേരിക്കയിലാണ് സംഭവം. തന്‍റെ മൈൻക്രാഫ്റ്റ് , റോബ്ലോക്സ് വീഡിയോകൾ പ്രൊമോട്ട് ചെയ്യാനായി കമ്പനി ക്രെഡിറ്റ് കാർഡ് ഉപയോഗിച്ച് പരസ്യം നൽകിയ കുട്ടിക്കാണ് ഏകദേശം ഒരുകോടി രൂപ പരസ്യ ബില്ല് ലഭിച്ചത്. മാർക്കറ്റിംഗ് വിദഗ്ദ്ധനും കുട്ടിയുടെ പിതാവുമായ ഡേവിഡ് സർക്കിസ്യാൻ ആണ് ഈ വിവരം പുറത്തുവിട്ടത്. 'Mighty Mike Plays is Over' എന്ന തലക്കെട്ടിൽ പുറത്തിറക്കിയ യൂട്യൂബ് വീഡിയോയിലൂടെയാണ് അദ്ദേഹം മകൻ പറ്റിച്ച പണിയുടെ വിശദാംശങ്ങൾ പങ്കുവെച്ചത്.
@MightyMikePlays67 എന്ന അക്കൗണ്ടിലൂടെയാണ് കുട്ടി ഗെയിമിംഗ് വീഡിയോകൾ അപ്‌ലോഡ് ചെയ്തിരുന്നത്. "ഇതൊന്നും വലിയ കാര്യമായി തുടങ്ങിയതല്ല," ഡേവിഡ് വീഡിയോയിൽ വ്യക്തമാക്കുന്നു. "മകൻ എട്ടുവയസ്സുള്ളപ്പോൾ മണിക്കൂറുകളോളം മറ്റ് ഗെയിമർമാരുടെ വീഡിയോകൾ നോക്കിയിരിക്കുമായിരുന്നു. തുടർന്ന് സ്വന്തമായി ഗെയിം സ്ട്രീം ചെയ്യാൻ ആഗ്രഹം പ്രകടിപ്പിച്ചപ്പോൾ താൻ അതിന് സഹായിക്കുകയായിരുന്നു." എന്നാൽ ചാനലിൽ കാഴ്ചക്കാർ കുറവാണെന്ന് കുട്ടി പരാതിപ്പെട്ടതോടെ പിതാവ് 20 ഡോളർ ചെലവഴിച്ച് ഒരു ചെറിയ പരസ്യ കാമ്പയിൻ തുടങ്ങി നൽകി.
പരസ്യം നൽകിയ ശേഷം അക്കൗണ്ടിൽ നിന്ന് പണമടയ്ക്കൽ വിവരങ്ങൾ നീക്കം ചെയ്യാൻ മറന്ന് പോയതാണ് വൻ തിരിച്ചടിയായത്. " കാർഡ് വിവരങ്ങൾ അക്കൗണ്ടിൽ തന്നെ കിടന്നത് അവൻ ആപ്പ് തുറക്കുമ്പോഴെല്ലാം ലഭ്യമാകുമെന്ന കാര്യം ഞാൻ ചിന്തിച്ചതേയില്ല," പിതാവ് പറഞ്ഞു. ഈ സാമ്പത്തിക ഇടപാടിന്‍റെ ഗൗരവം കുട്ടിക്ക് മനസ്സിലായിരുന്നില്ലെന്നും ഒരു മുതിർന്ന വ്യക്തിയെന്ന നിലയിൽ താൻ കൂടുതൽ ശ്രദ്ധിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കമ്പനി മാനേജരും ധനകാര്യ വിഭാഗവും വിളിച്ച് ചേർത്ത യോഗത്തിലാണ് 3 ആഴ്ചയ്ക്കിടെ 1,18,000 ഡോളർ (ഏകാണ്ട് 11,300,000 ഇന്ത്യൻ രൂപ) പരസ്യങ്ങൾക്കായി ചെലവഴിച്ച വിവരം ഡേവിഡ് അറിയുന്നത്. പ്രൊമോട്ട് ചെയ്ത 3 വീഡിയോകൾക്ക് ഏകദേശം 2 ലക്ഷത്തോളം കാഴ്‌ചക്കാരെ ലഭിച്ചിരുന്നു. സംഭവത്തെ തുടർന്ന് കുട്ടിയുടെ യൂട്യൂബ് ചാനൽ പ്രവർത്തനം പൂർണ്ണമായി നിർത്തിവെച്ചിരിക്കുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു. .