അമേരിക്കയിലെ കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു മാഗസിൻ 132 വർഷങ്ങൾക്ക് ശേഷം തിരികെ നൽകി. പിഴ ഈടാക്കുന്നത് ലൈബ്രറി മരവിപ്പിച്ചതോടെയാണ് 84-കാരനായ ജോൺ ഹാൻസൺ 1894-ലെ ഈ മാഗസിൻ തിരിച്ചേൽപ്പിച്ചത്. പിഴ ഈടാക്കിയിരുന്നെങ്കിൽ ഏകദേശം 11.5 ലക്ഷത്തോളം രൂപ ഇദ്ദേഹം നൽകേണ്ടി വരുമായിരുന്നു.

മേരിക്കയിലെ ന്യൂ ഹാംഷെയറിലുള്ള കോൺകോർഡ് പബ്ലിക് ലൈബ്രറിയിൽ നിന്ന് എടുത്ത ഒരു മാഗസിൻ 132 വർഷത്തിന് ശേഷം ഒടുവിൽ തിരികെ നൽകി. ബാരിംഗ്ടൺ സ്വദേശിയായ ജോൺ ഹാൻസൺ എന്ന 84 -കാരനാണ് 1894 സെപ്റ്റംബർ പതിപ്പിലെ 'ദി സെഞ്ച്വറി ഇല്ലസ്ട്രേറ്റഡ് മന്ത്ലി മാഗസിൻ' ലൈബ്രറിയിൽ ഏൽപ്പിച്ചത്. വൈകിയുള്ള പുസ്തകങ്ങൾക്ക് പിഴ ഈടാക്കുന്നത് ലൈബ്രറി താത്കാലികമായി മരവിപ്പിച്ചതായി അറിഞ്ഞതോടെയാണ് മാഗസിൻ തിരികെ നൽകാൻ ഇദ്ദേഹം തീരുമാനിച്ചത്.

11.5 ലക്ഷത്തോളം രൂപ!

കൃത്യമായി പറഞ്ഞാൽ 48,220 ദിവസങ്ങൾക്ക് ശേഷമാണ് ഈ മാഗസിൻ ലൈബ്രറിയിൽ തിരിച്ചെത്തുന്നത്. നിലവിലുണ്ടായിരുന്ന പിഴയുടെ നിരക്കനുസരിച്ച് തുക കണക്കാക്കിയിരുന്നെങ്കിൽ ഏകദേശം 12,055 ഡോളർ (ഇന്ത്യൻ രൂപയിൽ 11.5 ലക്ഷത്തോളം രൂപ) നൽകേണ്ടി വന്നേനെ. പതിറ്റാണ്ടുകളായി ഈ മാഗസിൻ തന്‍റെ വീട്ടിൽ ഉണ്ടായിരുന്നുവെന്നും എന്നാൽ, അത് എങ്ങനെ അവിടെയെത്തി എന്നതിനെക്കുറിച്ച് തനിക്ക് യാതൊരു അറിവുമില്ലെന്നും ഹാൻസൺ പറയുന്നു. പിഴ ഒഴിവാക്കിയത് വഴി സാധാരണ വൈകിയ പുസ്തകങ്ങൾ തിരിച്ചെത്തുമെന്ന് ലൈബ്രറി അധികൃതർ പ്രതീക്ഷിച്ചിരുന്നെങ്കിലും, 19-ാം നൂറ്റാണ്ടിലെ മാഗസിൻ തേടിയെത്തിയത് അധികൃതരെ അത്ഭുതപ്പെടുത്തി.

Scroll to load tweet…

'ഇത് പ്രതീക്ഷിച്ചില്ല'

"പിഴ ഒഴിവാക്കൽ പ്രഖ്യാപിച്ചത് മുതൽ നിരവധി ആളുകളാണ് സന്തോഷത്തോടെ പുസ്തകങ്ങൾ തിരികെ നൽകാൻ എത്തുന്നത്. കുറെ നാളുകളായി വൈകിയ പുസ്തകങ്ങൾ തിരികെ ലഭിക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ 19-ാം നൂറ്റാണ്ടിന്‍റെ അവസാനത്തിൽ നിന്നുള്ള ഒരു മാഗസിൻ തിരിച്ചുകിട്ടുമെന്ന് കരുതിയതേയില്ല!" എന്ന് ലൈബ്രറി സോഷ്യൽ മീഡിയയിൽ കുറിച്ചു.

'എങ്ങനെ വീട്ടിലെത്തിയെന്ന് അറിയില്ല'

1966 -ൽ ബോസ്കാവനിൽ നിന്ന് ബാരിംഗ്ടണിലേക്ക് താമസം മാറുമ്പോഴാണ് ഈ മാഗസിൻ ആദ്യമായി തന്‍റെ ശ്രദ്ധയിൽപ്പെടുന്നതെന്ന് ഹാൻസൺ വെളിപ്പെടുത്തി. അതേസമയം തന്‍റെ മാതാപിതാക്കൾക്ക് ഈ ലൈബ്രറിയിൽ മെമ്പർഷിപ്പ് കാർഡ് ഉണ്ടായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "സത്യത്തിൽ ഇത് എങ്ങനെ എന്‍റെ കൈയിലെത്തിയെന്ന് എനിക്കറിയില്ല. ആരെങ്കിലും സമ്മാനമായി തന്നതാണോ, അതോ വഴിയരികിൽ സൗജന്യമായി വായിക്കാൻ വെച്ചിരുന്ന പുസ്തകക്കൂട്ടത്തിൽ നിന്ന് എടുത്തതാണോയെന്നും വ്യക്തമല്ല," എന്ന് ഹാൻസൺ മാധ്യമങ്ങളോട് പറഞ്ഞു. വായിക്കാൻ ഏറെ താല്പര്യമുണ്ടായിരുന്ന തന്‍റെ പരേതയായ ഭാര്യ കരോൾ ലൈബ്രറിയിൽ പതിവായി പോകാറുണ്ടായിരുന്നെങ്കിലും, ഒരു പുസ്തകമോ മാഗസിനോ ഇത്രയും കാലം തിരികെ നൽകാതെ വച്ചിരിക്കാൻ അവർ ഒരിക്കലും അനുവദിക്കില്ലായിരുന്നുവെന്നും ഹാൻസൺ കൂട്ടിച്ചേർത്തു.