ഉയർന്ന പദവിയുള്ള സിവിൽ സർവീസ് ജോലി ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മടങ്ങിയതിന്റെ കാരണങ്ങൾ തുറന്നുപറയുകയാണ് മുൻ ഉദ്യോഗസ്ഥനായ ഭരണി വി എൽ. ഇന്ത്യൻ ബ്യൂറോക്രസിയിലെ വിവേചനവും ജനറലിസ്റ്റുകളുടെ ആധിപത്യവും സിസ്റ്റത്തിലെ പോരായ്മകളുമാണ് അദ്ദേഹം പ്രധാനമായും ചൂണ്ടിക്കാണിക്കുന്നത്.

യർന്ന പദവിയും സുരക്ഷിതത്വവും ഉറപ്പുനൽകുന്ന സർക്കാർ ജോലി ഉപേക്ഷിച്ച് സ്വകാര്യ മേഖലയിലേക്ക് മടങ്ങിയ കാരണം തുറന്ന് പറഞ്ഞ് മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥൻ. ഐ.ഐ.ടി മദ്രാസ് പൂർവ്വ വിദ്യാർത്ഥിയും സിവിൽ സർവീസ് പരീക്ഷ പാസ്സായി ഇന്ത്യൻ ട്രേഡ് സർവീസിൽ (ITS) പ്രവേശിക്കുകയും ചെയ്ത ഭരണി വി എൽ ആണ് സോഷ്യൽ മീഡിയയിൽ ഇന്ത്യൻ ബ്യൂറോക്രസിയിലെ വിവേചനവും സിസ്റ്റത്തിലെ പോരായ്മകളും തുറന്നുകാട്ടി രംഗത്തെത്തിയത്.

ഒരേ പരീക്ഷ, പക്ഷേ...

ഒരേ പരീക്ഷയെഴുതി തുല്യ കഠിനാധ്വാനത്തിലൂടെ കടന്നുവരുന്ന രണ്ടുപേർ, അവർക്ക് ലഭിക്കുന്ന സർവീസ് കേഡറിന്‍റെ അടിസ്ഥാനത്തിൽ തികച്ചും വ്യത്യസ്തമായ ജീവിതസാഹചര്യങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു. 'എലൈറ്റ്' സർവീസുകളും മറ്റ് സർവീസുകളും തമ്മിൽ വലിയ അസമത്വമുണ്ടെന്നും ഇത് കേവലം പദവിയുടെയോ ആനുകൂല്യങ്ങളുടെയോ മാത്രം വിഷയമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഉദ്യോഗസ്ഥരുടെ അവസരങ്ങൾ, ജോലി ചെയ്യുന്ന അന്തരീക്ഷം, സ്ഥാപനപരമായ പദവി, ജീവിതനിലവാരം എന്നിവയിലെല്ലാം വലിയ വ്യത്യാസങ്ങളാണുള്ളത്.

\

വളർച്ച കരിയറിനെയല്ല. സർവ്വീസിനെ ആശ്രയിച്ച്!

ഭരണനിർവ്വഹണം കൂടുതൽ സങ്കീർണ്ണമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ വിദഗ്ദ്ധരുടെ (Specialists) സേവനം അത്യാവശ്യമാണെങ്കിലും, ഇപ്പോഴും കാര്യങ്ങൾ തീരുമാനിക്കുന്നത് 'ജനറലിസ്റ്റു'കളാണെന്ന് ഭരണി വിമർശിച്ചു. വിദഗ്ദ്ധർക്ക് ഉയർന്ന പദവികളിലേക്ക് വളരാൻ പരിമിതമായ അവസരങ്ങൾ മാത്രമേയുള്ളൂ. ജോലി ചെയ്താലും ഇല്ലെങ്കിലും വലിയ വ്യത്യാസമില്ലാത്തതും ഉത്തരവാദിത്തം കൃത്യമായി നിശ്ചയിക്കപ്പെടാത്തതുമായ സിസ്റ്റത്തിൽ കരിയറിലെ വളർച്ച വ്യക്തിപരമായ മികവിനേക്കാൾ സർവീസിനെ ആശ്രയിച്ചാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

പദവി കണ്ട് വർഷങ്ങൾ പാഴാക്കരുത്!

സിവിൽ സർവീസിലേക്ക് പ്രവേശിക്കുന്നതിനേക്കാൾ ബുദ്ധിമുട്ടാണ് അർത്ഥവത്തായ രീതിയിൽ അതിൽ നിന്ന് പുറത്തുകടക്കാനെന്ന് അദ്ദേഹം ഓർമ്മിപ്പിക്കുന്നു. "സർവീസിൽ തുടരുന്തോറും മാറ്റങ്ങളെക്കുറിച്ച് ചിന്തിക്കാൻ പോലും കഴിയാത്തവിധം വ്യക്തിപരമായ സമ്മർദ്ദം ഏറും. സിസ്റ്റത്തിനുള്ളിൽ നിന്നുകൊണ്ട് മികച്ച രീതിയിൽ ജോലി ചെയ്യുന്നവരോട് ബഹുമാനമുണ്ട്, എന്നാൽ അതിനർത്ഥം സ്ഥാപനപരമായ പ്രശ്നങ്ങൾക്ക് നേരെ മൗനം പാലിക്കണമെന്നല്ല," ഭരണി കുറിച്ചു.

സിവിൽ സർവീസ് പരീക്ഷയ്ക്ക് തയ്യാറെടുക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ചില മുന്നറിയിപ്പുകളും അദ്ദേഹം നൽകുന്നുണ്ട്. ജീവിതത്തിലെ ഏറ്റവും മികച്ച വർഷങ്ങളാണ് ഇതിനായി ചെലവഴിക്കുന്നത്. ചുറ്റുമുള്ളവർ പറയുന്നു എന്നതുകൊണ്ട് മാത്രം മറ്റ് അവസരങ്ങൾ മാറ്റിവെച്ച് ഇതൊരു അന്തിമ ലക്ഷ്യമായി കണ്ട് മത്സരത്തിലേക്ക് ചാടിവീഴരുതെന്നും അദ്ദേഹം ഉപദേശിക്കുന്നു.

ഭരണിയുടെ വെളിപ്പെടുത്തൽ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. അദ്ദേഹത്തിന്‍റെ തുറന്നുപറച്ചിലിനെയും ധൈര്യത്തെയും ഒരുവിഭാഗം ആളുകൾ അഭിനന്ദിച്ചപ്പോൾ, സിസ്റ്റത്തിന് ഉള്ളിൽ നിന്നുകൊണ്ട് മാറ്റങ്ങൾ വരുത്താൻ ശ്രമിക്കുകയായിരുന്നു വേണ്ടതെന്ന് മറ്റൊരു വിഭാഗം അഭിപ്രായപ്പെട്ടു.