900 വർഷം പഴക്കമുള്ളൊരു പാത്രം, വിറ്റുകിട്ടിയത് മൂന്നുകോടിയിലധികം രൂപ, ഞെട്ടി ഉടമയുടെ കുടുംബം

By Web TeamFirst Published Sep 9, 2021, 11:04 AM IST
Highlights

ചൈനയിലെ സോംഗ് രാജവംശകാലത്തേതാണ് ഈ ബൗള്‍ എന്ന് കരുതപ്പെടുന്നു. സമാനമായ ബൗളുകള്‍ ഇതുപോലെ സ്വകാര്യവ്യക്തികളുടെ കയ്യിലുള്ളത് ചുരുങ്ങിയ എണ്ണം മാത്രമാണ്. 

നമ്മുടെ വീട്ടിൽ മൂലയ്ക്ക് പൊടി പിടിച്ചിരിക്കുന്ന ഒരു പാത്രം. ആ പാത്രത്തിന് കോടികൾ വില വരുമെന്ന് ആരെങ്കിലും സ്വപ്നം കാണുമോ? എന്നാൽ, അങ്ങനെ സംഭവിച്ചിരിക്കുകയാണ്. അത്തരമൊരു പാത്രത്തിന് ലേലത്തിൽ കോടികൾ കിട്ടിയിരിക്കുകയാണ്. വെറും £500 (ഏകദേശം 50,804) രൂപ മാത്രമേ വില കിട്ടൂ എന്ന് കരുതിയ ഒരു ബൗളാണ് £320,000 (ഏകദേശം 3,25,15,030.30) രൂപ ലേലത്തിന് വിറ്റിരിക്കുന്നത്. അപൂര്‍വമായ ചൈനീസ് പുരാവസ്തു എന്ന് കാണിച്ചാണ് ഇത് ഇത്രയധികം രൂപയ്ക്ക് വിറ്റുപോയിരിക്കുന്നത്. 

ലിങ്കൺഷയറിലെ ഒരു ദമ്പതികളുടെ ഉടമസ്ഥതയിലുള്ള 900 വർഷം പഴക്കമുള്ള പാത്രം അവരുടെ മരണശേഷം വില്‍പ്പനയ്ക്കെത്തിയ വസ്തുക്കളില്‍ ഒന്നായിരുന്നു. അഞ്ച് ഇഞ്ച് (13cm) ഉയരമുള്ള ഈ ഇനം അപൂര്‍വമാണ് എന്ന് കരുതപ്പെടുന്നു, ഇതോടെ ലേലക്കാര്‍ ഇതിന് വേണ്ടി മത്സരമായിരുന്നത്രെ. 'സ്റ്റാംഫോര്‍ഡ് ഓക്ഷന്‍ റൂംസ്' എന്ന ലേലശാലയില്‍ നിന്നുമുള്ള ജെസിക്ക വാള്‍ പറയുന്നത് ഇത് തീര്‍ത്തും അപ്രതീക്ഷമാണ് എന്നാണ്. 

മരിച്ചുപോയ ദമ്പതികളുടെ വീട്ടിലെ ഡ്രോയറുകള്‍ക്കുള്ളിലായിരുന്നു ഈ ബൗള്‍ കണ്ടെത്തുന്നത്. എന്നാല്‍, കുടുംബത്തിന് ഇതിന്‍റെ യഥാര്‍ത്ഥ വിലയെ കുറിച്ച് യാതൊരു ധാരണയും ഇല്ലായിരുന്നു. 50,000 മുതല്‍ 80,000 രൂപ വരെയേ ഇതിന് വില കിട്ടൂ എന്നാണ് ആദ്യം കരുതിയിരുന്നത് എന്ന് വാള്‍ പറയുന്നു. എന്നാല്‍, അവസാനം എല്ലാവരേയും ഞെട്ടിച്ചു കൊണ്ട് ഈയൊരു ബൗളിന് കിട്ടിയതാകട്ടെ കോടികളും. 

ചൈനയിലെ സോംഗ് രാജവംശകാലത്തേതാണ് ഈ ബൗള്‍ എന്ന് കരുതപ്പെടുന്നു. സമാനമായ ബൗളുകള്‍ ഇതുപോലെ സ്വകാര്യവ്യക്തികളുടെ കയ്യിലുള്ളത് ചുരുങ്ങിയ എണ്ണം മാത്രമാണ്. 'ഇത് ഏകദേശം 10,000 പൗണ്ടിലെത്തിയപ്പോൾ, ഇത് രസകരമാണല്ലോ എന്നും നേട്ടമാണല്ലോ എന്നും ഞാൻ കരുതി, പക്ഷേ അത് അവിടെ നില്‍ക്കുമെന്ന് ഞാന്‍ കരുതി. എന്നാല്‍, വില കുതിച്ചുയര്‍ന്നത് തന്നെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചു' എന്നും വാള്‍ പറയുന്നു. അക്ഷരാര്‍ത്ഥത്തില്‍ 'ആകാശത്തിലായിപ്പോയി' എന്നാണ് ഈ റെക്കോര്‍ഡ് വില്‍പനയെ കുറിച്ച് ഉടമയുടെ കുടുംബം പറയുന്നത്. 

click me!