നൂറ്റാണ്ടുകൾക്കുമുമ്പ് വംശനാശം സംഭവിച്ചെന്ന് കരുതിയ പക്ഷി വീണ്ടും, ആവേശത്തിൽ ​പക്ഷിനിരീക്ഷകര്‍

By Web TeamFirst Published Jul 7, 2021, 11:43 AM IST
Highlights

മലായ് പെനിൻസുല, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ അവയെ കാണാമെങ്കിലും, അവയുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റ് മദർഷിപ്പ് പറയുന്നു.

നൂറ്റാണ്ടുകൾക്ക് മുൻപ് വംശനാശം സംഭവിച്ചു എന്ന് കരുതിയ ഒരു പക്ഷിയെ വീണ്ടും കാണാൻ സാധിച്ച സന്തോഷത്തിലാണ് സിംഗപ്പൂരിലെ പക്ഷി നിരീക്ഷകർ. പച്ചത്തൂവലുകൾക്ക് പേരുകേട്ട ഗ്രീൻ ബ്രോഡ്‌ബില്ലിനെയാണ് ജൂൺ 27 -ന് പുലാവു ഉബിൻ ദ്വീപിൽ കണ്ടെത്തിയത്. അതിനെ ഒരുനോക്ക് കാണാൻ ഇപ്പോൾ നിരവധിപേരാണ് ദ്വീപിലേക്ക് ഒഴുകി എത്തുന്നത്. ഈ പക്ഷി 70 വർഷം മുൻപ് വംശനാശം സംഭവിച്ചതായി കരുതപ്പെടുന്നു.      

പക്ഷി നിരീക്ഷകൻ ജോയ്‌സ് -ലെ മെസൂറിയറാണ് ഈ അപൂർവ പക്ഷിയെ ആദ്യമായി കണ്ടത്. സിംഗപ്പൂർ ബേർഡ്സ് പ്രോജക്റ്റ് അനുസരിച്ച് പുലാവു ഉബിൻ ദ്വീപിൽ സാധാരണമായി കണ്ടുവന്നിരുന്ന പക്ഷിയായിരുന്നു ഗ്രീൻ ബ്രോഡ്‌ബിൽ. എന്നിരുന്നാലും, 1941 മുതൽ സിംഗപ്പൂരിൽ പക്ഷിയെ കാണാനില്ലെന്ന് അവരുടെ റിപ്പോർട്ടിൽ പറയുന്നു. അതേസമയം, ഈ പക്ഷിയ്ക്ക് വംശനാശം സംഭവിച്ചതായി പ്രഖ്യാപിച്ചുവെങ്കിലും, ഏപ്രിൽ 11 -നും ഏഴ് വർഷങ്ങൾക്ക് മുൻപ് 2014 -ലും ഉൾപ്പെടെ നിരവധി അവസരങ്ങളിൽ ഇതിനെ കണ്ടുവെന്ന് സ്ട്രെയിറ്റ് ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. ദ്വീപിൽ കണ്ട പക്ഷി ഒരു ആണായിരിക്കും എന്നാണ് വിദഗ്ധരുടെ അഭിപ്രായം. ആൺപക്ഷികളുടേത് പോലുള്ള കടും പച്ച തൂവലുകളും, കൊക്കിന് മുകളിലുള്ള തൂവൽ കെട്ടും അതിന് ഉണ്ടായിരുന്നു. ഇത് കൂടാതെ, പുരുഷന് കണ്ണുകൾക്ക് പിന്നിൽ ഒരു കറുത്ത പാടും, ചിറകിൽ കറുത്ത വരകളുമുണ്ടാകും.

പെൺപക്ഷികൾ ഏറെക്കുറെ ആൺപക്ഷികളോട് സാമ്യം പുലർത്തുന്നവയാണെങ്കിലും, ആണുമായി താരതമ്യപ്പെടുത്തുമ്പോൾ തൂവലുകൾക്ക് കടും പച്ച നിറമോ, കറുത്ത അടയാളങ്ങളോ പെൺപക്ഷികൾക്ക് ഇല്ല. മറിച്ച്,  ഇളം പച്ച നിറവുമുള്ള തൂവലുകൾ മാത്രമാണ് അവയ്ക്കുള്ളത്. മലായ് പെനിൻസുല, സുമാത്ര, ബോർണിയോ എന്നിവിടങ്ങളിൽ അവയെ കാണാമെങ്കിലും, അവയുടെ എണ്ണം അതിവേഗം കുറഞ്ഞുവരികയാണെന്ന് സിംഗപ്പൂർ ആസ്ഥാനമായുള്ള ഡിജിറ്റൽ മീഡിയ ഔട്ട്‌ലെറ്റ് മദർഷിപ്പ് പറയുന്നു. സാധാരണയായി വനങ്ങളിൽ കഴിയുന്ന ഇവയെ അപൂർവമായിട്ടെങ്കിലും സിംഗപ്പൂരിലെ പൂന്തോട്ടങ്ങളിലും കണ്ടെത്താറുണ്ട്. ഇപ്പോൾ കണ്ട പക്ഷി എത്രകാലമായി പുലാവ് ഉബിനിൽ തങ്ങുന്നു എന്നത് വ്യക്തമല്ല.   

click me!