
ബ്രസീലിലെ സാവോ പോളോ സര്‍വകലാശാലയിലെ ഗവേഷകര്‍ ഈയടുത്ത ദിവസങ്ങളില്‍ ഗംഭീരമായ ഒരു കണ്ടുപിടിത്തം നടത്തി. 72 മുതല്‍ 66 മില്യന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് ഭൂമിയില്‍ ജീവിച്ചിരുന്ന ഒരു മുതല സ്പീഷീസിനെയാണ് ഗവേഷകര്‍ കണ്ടെത്തിയത്. ആദിമകാലത്ത്, ഭൂമിയില്‍ ഡിനോസറുകള്‍ക്കൊപ്പം ജീവിച്ചിരുന്ന കൂറ്റന്‍ മുതലയാണിത്. വമ്പന്‍ പല്ലുകളുള്ള, ഈ മുതലകളെ ടൈറ്റനോ ചാംപ്‌സ അയോരി എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. 10-20 അടി നീളമുള്ള ഈ മുതലകളുടെ പ്രധാന സവിശേഷത എന്തും കടിച്ചുമുറിക്കാന്‍ ശേഷിയുള്ള അതിന്റെ പല്ലുകളാണ്. ഹിസ്‌റ്റോറിക്കല്‍ ബയോളജി ജേണലിലാണ് ഈ പുതിയ കണ്ടുപിടിത്തവുമായി ബന്ധപ്പെട്ട പഠനറിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത്.
ബ്രസീലിയന്‍ സംസ്ഥാനമായ സാവേപോളോയിലെ മോണ്‍ടെ ആല്‍ട്ടോയില്‍ വെച്ച് 1987-ലാണ് ഈ മുതലയുടെ ഭാഗിക ഫോസിലുകള്‍ കണ്ടെത്തിയത്. എന്നാല്‍, പല കഷണങ്ങളായി ചിതറിയ നിലയിലായതിനാല്‍, ഇത് ഡിനോസറിന്റെ അസ്ഥികൂടമാണെന്നാണ് അക്കാലത്ത് കരുതിപ്പോന്നിരുന്നത്. എന്നാല്‍, പില്‍ക്കാലത്ത് നടന്ന പഠനങ്ങള്‍ ഇത് ഡിനോസറിന്‍േറതല്ല എന്നും ഡിനോസര്‍ കാലത്ത് ജീവിച്ചിരുന്ന കൂറ്റന്‍ മുതലയുടേതാണെന്നും തിരിച്ചറിഞ്ഞു. പുതിയ പഠനം, ഇക്കാര്യം ഉറപ്പിക്കുക മാത്രമല്ല, ഈ മുതലയുടെ സവിശേഷതകള്‍ കൂടി വിശദമായി അടയാളപ്പെടുത്തുന്നതാണെന്ന് ബ്രിട്ടീഷ് പത്രമായ ഇന്‍ഡിപ്പെന്‍ഡന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇക്കാലത്ത് ജീവിക്കുന്ന മുതലകളും അവയുമായി ഏറ്റവും ഫോസില്‍ സാമ്യമുള്ള മൃഗങ്ങളും ഉള്‍ക്കൊള്ളുന്ന നിയോഷുചിയ ഗ്രൂപ്പിലാണ് പുതുതായി കണ്ടെത്തിയ ഈ ജുറാസിക് മുതലകളും ഉള്‍പ്പെടുന്നതെന്ന് ശാസ്ത്രജ്ഞര്‍ വിശദീകരിക്കുന്നു. അക്കാലത്ത് ഈ മുതലകള്‍ എങ്ങനെയാണ് ജീവിച്ചത് എന്നതിനെക്കുറിച്ചുള്ള പുതിയ വിവരങ്ങള്‍ ശാസ്ത്രലോകത്തിന് നല്‍കുന്നതിന് പര്യാപ്തമാണ് ഈ പുതിയ കണ്ടെത്തല്‍ എന്നാണ് വിശേഷിപ്പിക്കപ്പെടുന്നത്. മുതലകളുടെ പരിണാമ വഴികളെക്കുറിച്ച് പ്രത്യേകമായും ജീവപരിണാമത്തെക്കുറിച്ച് പൊതുവായുമുള്ള പുതിയ പഠനങ്ങളിലേക്ക് വെളിച്ചം വീശുന്നതാണ് ഈ ഡിനോസര്‍ കാല മുതലകളുടെ കണ്ടെത്തലെന്ന് പഠനം നടത്തിയ ഗവേഷകര്‍ വ്യക്തമാക്കുന്നു.