മകൻ ആഗ്രഹിച്ച ഒരു പ്ലേറ്റ് ബിരിയാണി; ദാരിദ്ര്യത്തിനിടയിലും ആ പിതാവ് നൽകിയ വിരുന്ന്, കണ്ണുനിറയ്ക്കും ഈ കാഴ്ച

Published : Apr 18, 2026, 02:48 PM IST
social media

Synopsis

സാമൂഹ്യമാധ്യമങ്ങളിൽ ഓരോ ദിവസവും ആയിരക്കണക്കിന് വീഡിയോകൾ നമ്മൾ കാണാറുണ്ട്. എന്നാൽ ചില ദൃശ്യങ്ങൾ നമ്മുടെ ഉള്ളുലയ്ക്കും, കണ്ണുനിറയ്ക്കും. അത്തരത്തിൽ പശ്ചിമ ബംഗാളിലെ ഒരു സാധാരണക്കാരനായ പിതാവും മകനും പങ്കുവെച്ച ഹൃദയസ്പർശിയായ വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ തരംഗമാകുന്നത്.

പലർക്കും ബിരിയാണി എന്നത് ഒരു സാധാരണ ഭക്ഷണമായിരിക്കാം. എന്നാൽ പശ്ചിമ ബംഗാളിലെ ബഗുല സ്വദേശിയായ നാരായൺ സർക്കാരിനും മകനും അത് ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം ലഭിച്ച ഒരു വലിയ ആഘോഷമായിരുന്നു. സാമ്പത്തിക പ്രയാസങ്ങൾക്കിടയിലും മകന്റെ ആഗ്രഹം നിറവേറ്റിയ ഒരു പിതാവിന്റെ സ്നേഹമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കൈയടി നേടുന്നത്.

ആഗ്രഹം സഫലമായ നിമിഷം

ഡിജിറ്റൽ ക്രിയേറ്റർ കൂടിയായ നാരായൺ സർക്കാർ പങ്കുവെച്ച വീഡിയോയിൽ, തന്റെ മകൻ വളരെക്കാലമായി ബിരിയാണി കഴിക്കണമെന്ന് ആവശ്യപ്പെടുന്നുണ്ടായിരുന്നു എന്ന് അദ്ദേഹം പറയുന്നു. എന്നാൽ വീട്ടുസാഹചര്യങ്ങൾ അതിന് അനുവദിച്ചിരുന്നില്ല. കഴിഞ്ഞ ദിവസം ചന്തയിൽ പോയപ്പോൾ ബിരിയാണിക്ക് വില അല്പം കുറഞ്ഞതായി ശ്രദ്ധയിൽപ്പെട്ടു. ആ അവസരം പാഴാക്കാതെ അദ്ദേഹം മൂന്ന് പാക്കറ്റ് ബിരിയാണി വാങ്ങി വീട്ടിലെത്തി. ചെറിയ സൗകര്യങ്ങൾ മാത്രമുള്ള തങ്ങളുടെ ഡൈനിംഗ് ടേബിളിലിരുന്ന് മകൻ ബിരിയാണി ആസ്വദിച്ചു കഴിക്കുന്ന ദൃശ്യങ്ങളാണ് വീഡിയോയുടെ ഹൈലൈറ്റ്. ഓരോ വറ്റിലും ആ കുഞ്ഞിന്റെ മുഖത്ത് വിരിയുന്ന സന്തോഷം വാക്കുകൾക്ക് അപ്പുറമാണ്.

സോഷ്യൽ മീഡിയയിൽ തരംഗമായി വീഡിയോ

'മകൻ ഒരുപാട് നാളായി ചോദിക്കുന്നു, ഇന്ന് വില കുറവായതുകൊണ്ട് വാങ്ങി നൽകി. എല്ലാവരുടെയും അനുഗ്രഹം വേണം' എന്ന നാരായൺ സർക്കാരിന്റെ വാക്കുകൾ പെട്ടെന്ന് തന്നെ വൈറലായി. വീഡിയോ കണ്ടവരുടെ കണ്ണ് നിറയിക്കുന്നതായിരുന്നു ആ കുഞ്ഞിന്റെ നിഷ്കളങ്കമായ ചിരി. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രാർത്ഥനകളുമായും സഹായ വാഗ്ദാനങ്ങളുമായും എത്തുന്നത്. ഇത് കേവലം ഒരു പ്ലേറ്റ് ബിരിയാണിയല്ല, ഒരു പിതാവിന്റെ കഠിനാധ്വാനവും സ്നേഹവുമാണ്,' എന്നാണ് പലരുടെയും കമൻ്റുകൾ. തന്റെ ചെറിയ അടുക്കളയിലെ വിശേഷങ്ങളും ജീവിത സാഹചര്യങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെക്കാറുള്ള വ്യക്തിയാണ് നാരായൺ സർക്കാർ. ഇൻസ്റ്റാഗ്രാമിലും മറ്റുമായി മൂവായിരത്തിലധികം ഫോളോവേഴ്‌സ് അദ്ദേഹത്തിനുണ്ട്. സാധാരണക്കാരായ മനുഷ്യരുടെ അതിജീവനത്തിന്റെയും ചെറിയ സന്തോഷങ്ങളുടെയും കഥകൾ ഇദ്ദേഹം നിരന്തരം പങ്കുവെക്കാറുണ്ട്.

ദാരിദ്ര്യത്തിന്റെ കയ്പിനിടയിലും മകന്റെ മുഖത്ത് ബിരിയാണിയിലൂടെ വിരിഞ്ഞ ആ മധുരമുള്ള പുഞ്ചിരി ഇന്ന് ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളുടെ ഹൃദയം കീഴടക്കിയിരിക്കുകയാണ്.

PREV
Read more Articles on
click me!

Recommended Stories

മുംബൈയിൽ ഒരുമാസത്തെ ചിലവ് 18000 -മെന്ന് യുവതി, വാടക 11,500, ഇത് ഏത് മുംബൈയെന്ന് നെറ്റിസൺസ്
ഫ്ലാറ്റിൽ നിന്നും നോട്ടുമഴ, പണം വലിച്ചെറിഞ്ഞ് യുവതി, വാരിക്കൂട്ടാൻ തിക്കും തിരക്കും