
ജോലി ചെയ്യുന്ന കമ്പനിയിൽ നിന്നും നിങ്ങൾക്കായി ഒരു വെൽനെസ് അലവൻസ് അനുവദിച്ചു. ആ തുകയ്ക്ക് നിങ്ങൾ എന്തെല്ലാം ചെയ്യും? ജിമ്മിൽ ചേരാം, സ്കിൻ കെയറും മറ്റും നോക്കാം, യോഗ ക്ലാസിന് ചേരാം അങ്ങനെ പലതും ചെയ്യാം. എന്നാൽ, ഈ കമ്പനിയിലെ ഒരു ജീവനക്കാരി ഇതൊന്നുമല്ല ചെയ്തത്. മറിച്ച് ആ പണം ആടുകൾക്ക് ഭക്ഷണം നൽകാൻ വേണ്ടി മാറ്റിവയ്ക്കാനാണ് അവർ തീരുമാനിച്ചത്. അതേ, സംഗതി സത്യമാണ്. എക്സിലാണ് (ട്വിറ്റർ) ഇതുമായി ബന്ധപ്പെട്ട ഒരു പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത് വൈറലായി മാറിയത്. അതിൽ പറയുന്നത് തന്റെ കമ്പനി ജീവനക്കാർക്കെല്ലാം വെൽനസ് അലവൻസ് നൽകിയപ്പോൾ ഒരു ജീവനക്കാരി ആ കാശുമായി ഒരു മൃഗശാല സന്ദർശിക്കുകയും അവിടെയുള്ള മൃഗങ്ങളുടെ ഭക്ഷണത്തിനായി ആ തുക ചെലവഴിക്കുകയും ചെയ്തു എന്നാണ്.
$120 (ഏകദേശം 10,000) വും ആടുകൾക്കുള്ള തീറ്റ വാങ്ങിക്കൊടുക്കാനായിട്ടാണ് ഈ ജീവനക്കാരി ഉപയോഗിച്ചത് അല്ലാതെ സാധാരണയായി ചെയ്യുന്ന വെൽനെസ് കാര്യങ്ങൾക്കായിട്ടല്ലത്രെ. 'എന്റെ ജീവനക്കാർക്ക് എല്ലാ മാസവും വെൽനസിന് വേണ്ടി ചെലവഴിക്കാൻ ഒരു ബജറ്റ് ഉണ്ട്. അത് അവരുടെ ജിം മെമ്പർഷിപ്പ്, മെഡിറ്റേഷൻ ആപ്പുകൾ, മസാജ് തുടങ്ങി അവർക്കിഷ്ടമുള്ള എന്തിനും വേണ്ടി ചെലവഴിക്കാം. എന്നാൽ, ഒരു പെൺകുട്ടിയിൽ നിന്നും എനിക്ക് കിട്ടിയ റെസീപ്റ്റുകൾ അവൾ തന്റെ ബജറ്റിന്റെ ഒരു ഭാഗം മൃഗശാലയിൽ പോയി മൃഗങ്ങൾക്ക് ഭക്ഷണം കൊടുക്കാൻ ചെലവഴിച്ചതിന്റെയാണ്. ആടുകളുടെ തീറ്റയ്ക്ക് വേണ്ടി അവൾ $120 ചെലവഴിച്ചു. എനിക്ക് അവളെ വളരെ ഇഷ്ടമായി' എന്നാണ് പോസ്റ്റിൽ കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് പോസ്റ്റിന് കമന്റുകളുമായി എത്തിയത്. എത്ര മനോഹരമായ കാര്യമാണ് ആ ജീവനക്കാരി ചെയ്തത് എന്നാണ് പലരും കമന്റ് നൽകിയിരിക്കുന്നത്.