Latest Videos

ഇന്റർനെറ്റില്ലെങ്കിൽ വോട്ടുമില്ല, തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന് ജനങ്ങൾ

By Web TeamFirst Published Jul 21, 2021, 1:22 PM IST
Highlights

കർണാടകയിലെ മൽനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ താലൂക്കിൽ എല്ലാ ദിവസവും കനത്ത മഴയാണ്. ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ നിരവധി യുവാക്കൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം കാരണം വീട്ടിൽ ഇരുന്ന് ജോലിചെയ്യാൻ പാടുപെടുന്നു. 

കൊവിഡ് നമ്മുടെ ജീവിതത്തെ ഗുരുതരമായി തന്നെ ബാധിക്കുന്നു. ഇന്നലെവരെ ശീലിച്ച മാർ​ഗങ്ങൾ വിട്ട് പുതിയ രീതികൾ തിരഞ്ഞെടുക്കാൻ ഇന്ന് നമ്മൾ നിർബന്ധിതരാകുന്നു. ക്ലാസുകൾ മുതൽ സാധനങ്ങൾ വാങ്ങാൻ വരെ എല്ലാകാര്യങ്ങൾക്കും ഇപ്പോൾ നാം ഓൺലൈനിനെയാണ്  ആശ്രയിക്കുന്നത്. എന്നാൽ, കർണാടകയിലെ ശിവമോഗ ജില്ലയുടെ സ്ഥിതി വ്യത്യസ്തമാണ്. 2018 -ൽ ഇന്റർനെറ്റ് കണക്റ്റിവിറ്റി വർദ്ധിപ്പിക്കുന്നതിനായി സാഗർ താലൂക്കിലെ തുമരി ഗ്രാമത്തിൽ  ഒരു ബിഎസ്എൻഎൽ ടവർ സ്ഥാപിക്കുകയുണ്ടായി. ഡിജിറ്റൽ സംരംഭത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടം സ്ഥാപിച്ച ആ ടവർ എന്നാൽ വേണ്ടരീതിയിൽ പ്രവർത്തിച്ചില്ല. വർഷം ഇത്ര കഴിഞ്ഞിട്ടും അത് പ്രവർത്തനക്ഷമമാക്കാൻ ആരും താല്പര്യമെടുക്കുന്നുമില്ല. നേതാക്കളുടെ പിന്നാലെ നടന്ന് മടുത്ത ജനങ്ങൾ മൊബൈൽ നെറ്റ്‌വർക്ക് ഇല്ലെങ്കിൽ, വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് ബഹിഷ്കരിക്കുമെന്ന നിലപാടിലാണ് ഇപ്പോൾ.    

ഇന്റർനെറ്റ് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ സാഗർ താലൂക്കിലെ ഗ്രാമങ്ങളാണ് 'നെറ്റ്‌വർക്ക് ഇല്ല, വോട്ടും ഇല്ല' എന്ന കാമ്പെയ്‌ൻ ആരംഭിച്ചിരിക്കുന്നത്. വരാനിരിക്കുന്ന താലൂക്ക്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളാണ് ഗ്രാമവാസികൾ ബഹിഷ്‌കരിക്കാൻ തീരുമാനിച്ചത്. മൊബൈൽ കണക്റ്റിവിറ്റി ഉറപ്പുവരുത്തുന്നതിൽ തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പരാജയപ്പെട്ടത്തിൽ പ്രതിഷേധിച്ച് തെരഞ്ഞെടുപ്പ് ഞങ്ങൾ ബഹിഷ്കരിക്കുമെന്ന് ചന്നഗൊണ്ട ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പദ്മരാജ് പറഞ്ഞു. അദ്ദേഹത്തിന് പൂർണ പിന്തുണ നൽകി ജനങ്ങളും ഒപ്പം നിന്നു.    

കർണാടകയിലെ മൽനാട് പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ താലൂക്കിൽ എല്ലാ ദിവസവും കനത്ത മഴയാണ്. ലോക്ക് ഡൗൺ നടപ്പിലാക്കിയതിനെ തുടർന്ന് ഗ്രാമങ്ങളിലേക്ക് മടങ്ങിയ നിരവധി യുവാക്കൾ, ഇന്റർനെറ്റ് കണക്റ്റിവിറ്റിയുടെ അഭാവം കാരണം വീട്ടിൽ ഇരുന്ന് ജോലിചെയ്യാൻ പാടുപെടുന്നു. അവർ മാത്രമല്ല, പഠനം ഓൺലൈനിലാക്കിയതോടെ വിദ്യാർത്ഥികളും കുഴപ്പത്തിലാണ്. ക്ലാസ്സിൽ പങ്കെടുക്കാൻ അടുത്തുള്ള കുന്നുകളിൽ കയറാനോ, അടുത്തുള്ള പട്ടണങ്ങളിലെ ബന്ധുക്കളുടെ വീടുകളിൽ താമസിക്കാനോ അവർ നിർബന്ധിതരാകുന്നു. ഇങ്ങനെ കുന്ന് കയറുമ്പോൾ വന്യമൃഗങ്ങൾ ആക്രമിക്കുമോ എന്ന ഭയവും അവരുടെ മനസ്സിനെ അലട്ടുന്നു. ഗ്രാമീണരെ സംബന്ധിച്ചിടത്തോളം, ഇത് ഒരു വലിയ തലവേദനയായി മാറുകയാണ്.

2000 -ത്തോളം ആളുകളാണ് താലൂക്കിൽ താമസിക്കുന്നത്. "തെരഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾക്ക് ഞങ്ങൾ മുമ്പ് നിരവധി പരാതികൾ നൽകിയിരുന്നു. എന്നിട്ടും പക്ഷേ ഈ പ്രശ്നം പരിഹരിക്കാമെന്ന് വാക്കാൽ പറയുന്നതല്ലാതെ, പ്രവർത്തിയിൽ ഒന്നും കാണുന്നില്ല" ഒരു ഗ്രാമീണർ പറഞ്ഞു. അങ്ങനെയാണ് വോട്ടെടുപ്പ് ബഹിഷ്‌കരിക്കുക എന്ന ഏക പോംവഴിയിലേക്ക് അവർ എത്തിയത്.  

click me!