റോഡിലെ കുഴിയിൽ വീണ് പരിക്ക്, 12 കോടിയോളം നഷ്ടപരിഹാരം നൽകാൻ വിധി, സംഭവം യുകെയില്‍

By Web TeamFirst Published May 30, 2023, 1:33 PM IST
Highlights

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരവധിപ്പേരാണ് സമാനമായ പരാതി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ 11 പരാതികൾ വെൽഷ് ​ഗവൺമെന്റ് തീർപ്പാക്കി എന്നും റിപ്പോർട്ടുകൾ പറയുന്നു.

റോഡിലുള്ള കുഴി കാരണം അപകടം സംഭവിക്കുന്നത് പുതിയ കാര്യമൊന്നുമല്ല. മിക്കവാറും ഭരണാധികാരികൾ അത് കണ്ടില്ല എന്ന് നടിക്കുകയാണ് ചെയ്യാറ് എന്ന് മാത്രം. എന്നാൽ, ഇത് കേരളത്തിലോ ഇന്ത്യയിലോ മാത്രം ഉള്ള സംഭവമല്ല. ലോകത്ത് പലയിടങ്ങളിലും മോശം അവസ്ഥയിലുള്ള റോഡുകളുണ്ട്. അതുപോലെ, റോഡിലെ കുഴിയിൽ വീണ് അപകടം സംഭവിച്ച ഡ്രൈവർക്ക് £1.1 മില്ല്യൺ (ഏതാണ്ട് 12 കോടി ഇന്ത്യൻ രൂപ) നഷ്ടപരിഹാരം നൽകാനാണ് ഇപ്പോൾ വിധി വന്നിരിക്കുന്നത്. 

സംഭവം യുകെയിലാണ്. നാല് വര്‍ഷത്തെ നിയമപോരാട്ടത്തിനൊടുവിലാണ് ഇയാൾക്ക് പരിക്കേറ്റു എന്ന് തെളിഞ്ഞതിനെ തുടർന്ന് ഇത്രയധികം രൂപ നഷ്ടപരിഹാരം നൽകാൻ വിധി വന്നിരിക്കുന്നത്. റോഡിന്റെ അറ്റകുറ്റപ്പണികൾ നടത്തേണ്ടുന്നതിന്റെ ഉത്തരവാദിത്വമുള്ള വെൽഷ് ​​ഗവൺമെന്റാണ് പണം നൽകേണ്ടത്. 2018-19 -ലാണ് ഇയാൾക്ക് കുഴിയിൽ വീണ് അപകടം സംഭവിച്ചത്. 

കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നിരവധിപ്പേരാണ് സമാനമായ പരാതി നൽകിയിരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതിൽ 11 പരാതികൾ വെൽഷ് ​ഗവൺമെന്റ് തീർപ്പാക്കി എന്നും റിപ്പോർട്ടുകൾ പറയുന്നു. മിസ്റ്റർ പോത്തോൾ എന്ന് അറിയപ്പെടുന്ന റിട്ടയേർഡ് ഓപ്പറേഷൻസ് മാനേജരായ മോറെൽ പറയുന്നതനുസരിച്ച്, മോശമായിക്കിടക്കുന്ന ഈ റോഡുകൾ കാരണം മാത്രം രാജ്യത്തിന് പ്രതിവർഷം 10 ബില്യൺ പൗണ്ട് വരെ ചിലവ് വരുന്നു. 10 വർഷം മുമ്പ് മോറെൽ ഇത്തരം റോഡുകൾ നന്നാക്കുന്നതിന് വേണ്ടി കാമ്പയിൻ ആരംഭിച്ചിരുന്നു. എങ്കിലും റോഡുകൾ ഒന്നും നന്നാക്കിയില്ല എന്നും അപകടങ്ങൾ തുടർന്നു കൊണ്ടിരിക്കുന്നു എന്നുമാണ് അദ്ദേഹം പറയുന്നത്. 

ഏതായാലും റോഡ‍ിലെ കുഴികളെ തുടർന്നുള്ള അപകടങ്ങൾ ഇവിടെ മാത്രം ഉള്ളതല്ല മിക്ക രാജ്യങ്ങളിലും ഉണ്ട് എന്ന് തന്നെയാണ് പ്രസ്തുത സംഭവം തെളിയിക്കുന്നത്.

click me!