ഏറ്റവും ഉയരമുള്ള മാലിന്യമലയായി എവറസ്റ്റ് മാറുമോ? എവറസ്റ്റ് ക്യാമ്പ്സൈറ്റിലെ മാലിന്യക്കൂമ്പാരത്തിന്‍റെ വീഡിയോ!

Published : May 30, 2023, 01:18 PM ISTUpdated : May 30, 2023, 01:20 PM IST
ഏറ്റവും ഉയരമുള്ള മാലിന്യമലയായി എവറസ്റ്റ് മാറുമോ? എവറസ്റ്റ് ക്യാമ്പ്സൈറ്റിലെ മാലിന്യക്കൂമ്പാരത്തിന്‍റെ വീഡിയോ!

Synopsis

1953 മെയ് 29-ന് എഡ്മണ്ട് ഹിലാരിയും ഷെർപ്പ ടെൻസിങ് നോർഗെയും 8,848 മീറ്റർ ഉയരമുള്ള ഏവറസ്റ്റ് കീഴടക്കി കൊടി പാറിച്ചത് മുതല്‍ ഏവറസ്റ്റ് ലോകമെങ്ങുമുള്ള സാഞ്ചാരികളുടെ പറുദീസയാണ്. 


17 തവണ എവറസ്റ്റ് കൊടുമുടി കീഴടക്കിയ പരിചയസമ്പന്നനായ ബ്രിട്ടീഷ് പർവതാരോഹകനായ കെന്‍റൺ കൂൾ, കഴിഞ്ഞ കാലങ്ങളെ അപേക്ഷിച്ച് ഹിമാലയത്തില്‍ ഹിമത്തിന്‍റെ അളവില്‍ വലിയ തോതിലുള്ള കുറവ് രേഖപ്പെടുത്തിയെന്ന് റോയിറ്റേഴ്സിലൂടെ ലോകത്തോട് വിളിച്ച് പറഞ്ഞപ്പോള്‍, ലോകം നേരിടാനിരിക്കുന്ന വലിയൊരു വിപത്തിനെ കൂടെയാണ് ചൂണ്ടിക്കാണിച്ചത്. ലോകമെങ്ങും ശക്തമാകുന്ന കാലാവസ്ഥാ വ്യതിയാനം ഹിമാലയത്തെയും പിടിമുറുക്കിക്കഴിഞ്ഞു. ഹിമവാനില്‍ മഞ്ഞില്ലാത്ത അവസ്ഥ അചിന്തനീയമാണ്. എന്നാല്‍, മഞ്ഞുരുക്കം മാത്രമല്ല, ഹിമാലയം നേരിടുന്ന പ്രശ്നം. ഇന്ന് ഹിമവാനെയും മൂടി മാലിന്യ കൂമ്പാരം ഉയരുകയാണ്. 

1953 മെയ് 29-ന് എഡ്മണ്ട് ഹിലാരിയും ഷെർപ്പ ടെൻസിങ് നോർഗെയും 8,848 മീറ്റർ ഉയരമുള്ള ഏവറസ്റ്റ് കീഴടക്കി കൊടി പാറിച്ചത് മുതല്‍ ഏവറസ്റ്റ് ലോകമെങ്ങുമുള്ള സാഞ്ചാരികളുടെ പറുദീസയാണ്. വര്‍ഷം കഴിയുന്തോറും സൗകര്യങ്ങള്‍ കൂടിയതോടെ ലോകമെമ്പാടുനിന്നും ആയിരക്കണക്കിന് സഞ്ചാരികളാണ് ഓരോ വര്‍ഷവും ഹിമാലയം കയറിയിറങ്ങുന്നത്. ഓരോരുത്തരും ഹിമാലയം കയറിയിറങ്ങുമ്പോള്‍ അവരവരുടെ ജീവിതത്തിലെ ഏറ്റവും വലിയ ലക്ഷ്യം പൂര്‍ത്തികരിക്കുന്നു. എന്നാല്‍, അവര്‍ ഹിമാലയത്തില്‍ അവശേഷിപ്പിക്കുന്ന മാലിന്യങ്ങള്‍ ഇന്ന് ഹിമാലയത്തെ മറ്റൊരു മാലിന്യ കൂമ്പാരമാക്കിമാറ്റിയിരിക്കുന്നു എന്നതാണ് യാഥാര്‍ത്ഥ്യം. എവറസ്റ്റ് ക്ലൈംബിംഗിനായി ഇന്ന് മുന്‍നിരയിലുള്ള പോർട്ടലായ എവറസ്റ്റ് ടുഡേ പങ്കിട്ട വീഡിയോയിലാണ് ഹിമവാന്‍റെ ഏറ്റവും സങ്കടകരമായ കാഴ്ച കാണിച്ച് തരുന്നത്. 

വീഡിയോ ട്വിറ്ററില്‍ പങ്കുവച്ച് കൊണ്ട് ഏവറസ്റ്റ് ടുഡേ ഇങ്ങനെ കുറിച്ചു. ''#എവറസ്റ്റിലെ (8848.86 മീ.) ക്യാമ്പ് IV-ൽ മാലിന്യം കുമിഞ്ഞുകൂടുന്നത് കാണുമ്പോൾ നിരാശ തോന്നുന്നു. ഈ പ്രശ്നത്തെ നാം അടിയന്തിരമായും പ്രതിബദ്ധതയോടെയും അഭിമുഖീകരിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കർശനമായ നിയന്ത്രണങ്ങൾ, ക്ലീൻ ക്ലൈംബിംഗ് രീതികൾ നടപ്പിലാക്കൽ, ഫലപ്രദമായ മാലിന്യ സംസ്കരണ തന്ത്രങ്ങൾ എന്നിവ ആവശ്യപ്പെടാം,'' 

 

കാലാവസ്ഥാ വ്യതിയാനം; 17 തവണ ഹിമാലയം കീഴടക്കിയയാള്‍ പറയുന്നു 'ഹിമാലയത്തില്‍ മഞ്ഞ് കുറയുന്നു '

ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള മാലിന്യ നിക്ഷേപം എന്ന പദവിയാകും ഇനി ഏവറസ്റ്റിനെ തേടിയെത്തുക. നാഷണൽ ജിയോഗ്രാഫിക്കിന്‍റെ കണക്കനുസരിച്ച്, എവറസ്റ്റിലെ ഓരോ പർവതാരോഹകനും ഏകദേശം എട്ട് കിലോഗ്രാം മാലിന്യമാണ് ഏവറസ്റ്റില്‍ ഉപേക്ഷിക്കുന്നത്. അതിൽ തന്നെ ഭക്ഷണ പാത്രങ്ങൾ, കൂടാരങ്ങൾ, ശൂന്യമായ ഓക്സിജൻ ടാങ്കുകൾ, കൂടാതെ മനുഷ്യവിസര്‍ജ്യം എന്നിവ ഉള്‍പ്പെടുന്നു. ശ്വസിക്കാൻ പാടുപെടുകയും ഓക്കാനം കൊണ്ട് നിക്കക്കള്ളിയുമില്ലാതാകുമ്പോള്‍  ക്ഷീണിതരായ പർവതാരോഹകർ പലപ്പോഴും തങ്ങളുടെ ഭാരമുള്ള കൂടാരങ്ങൾ പിന്നിൽ ഉപേക്ഷിച്ച് ഏവറസ്റ്റ് ഇറങ്ങുന്നു. 

വീഡിയോ കണ്ട നിരവധി പേര്‍ അങ്ങളുടെ അഭിപ്രായം രേഖപ്പെടുത്താനെത്തി. ' ഇത് സാഹസികമായി ഞാന്‍ കരുതുന്നില്ല. ആളുകള്‍ ത്രില്ലിന്‍റെ പേരില്‍ അവര്‍ക്ക് തോന്നുന്നതെന്തും ചെയ്യുന്നു. ശുദ്ധവായുവും ചുറ്റുപാടും ആസ്വദിക്കാന്‍ അവര്‍ ആഗ്രഹിക്കുന്നു. എന്നാല്‍ സ്വന്തം വീട് പോലും വൃത്തിയായി സൂക്ഷിക്കാന്‍ അവര്‍ക്ക് കഴിയുന്നില്ല.' ഒരാള്‍ എഴുതി. ഐഎഫ്എസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹുവും തന്‍റെ ആഭിപ്രായം കുറിക്കാനെത്തി. 'മനുഷ്യര്‍ ഏവറസ്റ്റ് കൊടുമുടിയെ പോലും തങ്ങളുടെ മാലിന്യങ്ങളും പ്ലാസ്റ്റിക് മാലിന്യവും തള്ളുന്നതില്‍ നിന്ന് ഒഴിവാക്കാത്തപ്പോള്‍, ഇത് ശരിക്കും ഹൃദയഭേദകമാണ്.'  

ഏറ്റവും പുതിയ ജീൻ സീക്വൻസിങ് സാങ്കേതികവിദ്യ ഉപയോഗിച്ച് എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള മണ്ണ് വിശകലനം ചെയ്ത ഗവേഷകര്‍ പറഞ്ഞത്, ഏവറസ്റ്റ് ഇന്നൊരു വലിയ രോഗാണു കേന്ദ്രമാണെന്നാണ്. ഏവറസ്റ്റ് കയറുന്ന പര്‍വ്വതാരോഹകര്‍ തുമ്മുകയും ചുമക്കുകയും ചിലപ്പോള്‍ മരിച്ച് മൃതദേഹം കണ്ടെത്താനാകാത്തതിനാല്‍ ഹിമാലയത്തില്‍ ഉപേക്ഷിക്കപ്പെടുകയും ചെയ്യുമ്പോള്‍ മനുഷ്യ ശരീരത്തിലെ ആയിരക്കണക്കിന് സൂക്ഷ്മാണുക്കളും ഹിമാലയത്തില്‍ ഉപേക്ഷിക്കപ്പെടുന്നു. കഠിനമായ തണുപ്പ് ഈ സൂക്ഷ്മാണുക്കളെ നൂറ്റാണ്ടുകളോളും നിര്‍ജ്ജീവാവസ്ഥയില്‍ സൂക്ഷിക്കുന്നു. ചില സൂക്ഷ്മാണുക്കള്‍ നിഷ്ക്രിയാവസ്ഥയിലാണെങ്കിലും അവ അതിജീവനത്തിന് ശേഷി നേടിയെന്നുമാണ്. ആർട്ടിക്, അന്‍റാർട്ടിക്ക്, ആൽപൈൻ റിസർച്ച് എന്ന ജേര്‍ണലില്‍ പ്രസിദ്ധീകരിച്ച പഠനത്തിലാണ് പുതിയ വിവരമുള്ളത്. 

ഏവറസ്റ്റ് കൊടുമുടിയില്‍ ലോകമെങ്ങു നിന്നുമുള്ള രോഗാണുക്കള്‍ വിശ്രമത്തിലാണെന്ന് പഠനം
 

PREV
click me!

Recommended Stories

മീറ്റിം​ഗിൽ പങ്കെടുത്തില്ലെന്ന് പറഞ്ഞ് കുറച്ചത് ഒരുദിവസത്തെ ശമ്പളം, ജോലിയിലെ ദുരവസ്ഥ പങ്കുവച്ച് യുവാവ്
യുഎസ് വിസ കിട്ടണമെങ്കിൽ സമൂഹ മാധ്യമ അക്കൗണ്ടുകൾ ഇനി 'ക്ലീൻ' ആയിരിക്കണം; പുതിയ ഉത്തരവ്