
വിമാനയാത്രയ്ക്കിടയിൽ കണ്ടുമുട്ടിയ 77 വയസ്സുകാരനായ മുതിർന്ന പൗരന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ് ഒരു ഐടി ജീവനക്കാരൻ. ചാറ്റ്ജിപിടിയോട് അദ്ദേഹം കാണിച്ച മാന്യതയും പെരുമാറ്റവുമാണ് ഇപ്പോൾ ഇന്‍റർനെറ്റിൽ വൻ തരംഗമായി മാറിയിരിക്കുന്നത്. @theteknosaur എന്ന എക്സ് അക്കൗണ്ടിലൂടെയാണ് ഈ രസകരമായ സംഭവം പുറത്തുവന്നത്.
വിമാനത്തിൽ ഒപ്പമിരുന്ന 77 -കാരനായ യാത്രക്കാരൻ തന്‍റെ മൊബൈൽ ഫോണിൽ അതീവ ശ്രദ്ധയോടെ മുഴുകിയിരിക്കുന്നത് ഐടി ജീവനക്കാരന്‍റെ ശ്രദ്ധയിൽപ്പെട്ടു. 'വർട്ടിക്കൽ ഫാമിംഗ്' എന്ന നൂതന കാർഷിക രീതിയെക്കുറിച്ചുള്ള ബിസിനസ്സ് പ്ലാൻ തയ്യാറാക്കുകയായിരുന്നു അദ്ദേഹം. എന്നാൽ, ടെക് ജീവനക്കാരനെ അതിശയിപ്പിച്ചത് അദ്ദേഹത്തിന്‍റെ ബിസിനസ്സ് പ്ലാൻ മാത്രമല്ല, ചാറ്റ്‌ബോട്ടിനോട് അദ്ദേഹം സംസാരിച്ച രീതിയായിരുന്നു. എഐയോട് ലളിതമായ കമാൻഡുകൾ നൽകുന്നതിന് പകരം, മനുഷ്യരോടെന്ന പോലെ "വളരെ നല്ല മാർഗ്ഗ നിർദ്ദേശം സർ... നന്ദി സർ, രണ്ട് ഫയലുകളും ഡൗൺലോഡ് ചെയ്യട്ടെ സർ..." എന്നിങ്ങനെ അത്യധികം ബഹുമാനത്തോടെയാണ് അദ്ദേഹം മെസ്സേജുകൾ അയച്ചിരുന്നത്.
77 year old grandpa on my flight was cooking up a vertical farming business plan w/ ChatGPT until takeoff. and he calls the AI "sir" 😭 the respect!!
we yapped the whole flight, now we're besties. this man is more locked in than all of us pic.twitter.com/upRjJhRr9f— teknosaur (@theteknosaur) September 29, 2026
"എന്‍റെ വിമാനത്തിലുണ്ടായിരുന്ന 77 വയസ്സുള്ള മുത്തശ്ശൻ ടേക്ക് ഓഫ് വരെ ചാറ്റ്ജിപിടിയുടെ സഹായത്തോടെ ബിസിനസ്സ് പ്ലാൻ തയ്യാറാക്കുകയായിരുന്നു. എഐയെ അദ്ദേഹം വിളിക്കുന്നത് 'സർ' എന്നാണ്. എന്തൊരു ബഹുമാനം!! വിമാനയാത്രയിലുടനീളം ഞങ്ങൾ സംസാരിച്ചു, ഇപ്പോൾ ഞങ്ങൾ അടുത്ത സുഹൃത്തുക്കളാണ്," എന്ന് കുറിച്ച് കൊണ്ടാണ് യുവാവ് ഈ ദൃശ്യങ്ങൾ പങ്കുവെച്ചത്. 28 ലക്ഷത്തിലധികം ആളുകളാണ് സോഷ്യൽ മീഡിയയിൽ ഈ പോസ്റ്റ് കണ്ടത്. 25,000-ത്തിലധികം ആളുകൾ പോസ്റ്റ് ലൈക്ക് ചെയ്യുകയും ചെയ്തു. പുതിയ സാങ്കേതികവിദ്യകളെ കൗതുകത്തോടെ പഠിച്ചെടുക്കാനുള്ള അദ്ദേഹത്തിന്‍റെ മനസ്സിനെയും ബഹുമാനത്തോടെയുള്ള പെരുമാറ്റത്തെയും അഭിനന്ദിച്ച് നിരവധി ആളുകളാണ് കുറിപ്പെഴുതിയത്. "എഐയോട് മാന്യമായി സംസാരിക്കുന്നത് ഭാവിയിൽ എഐ ആക്രമണങ്ങളിൽ നിന്ന് രക്ഷപ്പെടാൻ സഹായിക്കും" എന്ന് ചിലർ തമാശ രൂപേണ കുറിച്ചപ്പോൾ, "നമ്മൾ എഐയോട് എങ്ങനെ പ്രതികരിക്കുന്നു എന്നതിനെ ആശ്രയിച്ചാണ് അത് തിരിച്ചും പ്രതികരിക്കുന്നത്" എന്ന് മറ്റു ചിലർ അഭിപ്രായപ്പെട്ടു.