മാദകനൃത്തത്തിനൊപ്പം മതപ്രഭാഷണം; ടര്‍ക്കി സെലിബ്രിറ്റി പ്രഭാഷകന് 8658 വര്‍ഷം തടവ്

Published : Nov 18, 2022, 08:19 PM IST
മാദകനൃത്തത്തിനൊപ്പം മതപ്രഭാഷണം; ടര്‍ക്കി  സെലിബ്രിറ്റി പ്രഭാഷകന് 8658 വര്‍ഷം തടവ്

Synopsis

അര്‍ദ്ധനഗ്‌നകളായ സ്ത്രീകള്‍ക്ക് നടുവിലിരുന്നാണ് ഇയാള്‍ മതപ്രഭാഷണം നടത്തിയിരുന്നത്. മാത്രമല്ല, ഇയാള്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍, സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരിണികളായി നൃത്തം ചെയ്യുന്നതും പതിവായിരുന്നു.

അര്‍ദ്ധനഗ്‌നകളായ സ്ത്രീകളുടെ നൃത്തം. അതിനിടയില്‍, മതപ്രഭാഷണം. വിചിത്രമായ ഈ ചേരുവകളോടെയാണ് അദ്‌നാന്‍ ഒക്തര്‍ എന്ന സെലിബ്രിറ്റി പ്രഭാഷകന്‍ ടര്‍ക്കിയിലെ ചര്‍ച്ചാ വിഷയമായത്. സ്വന്തമായി നടത്തുന്ന ഓണ്‍ലൈന്‍ ചാനലിലൂടെയാണ്, അല്‍പ്പവസ്ത്രധാരിണികളായ സ്ത്രീകളുടെ സാന്നിധ്യത്തില്‍ നടത്തുന്ന അദ്‌നാന്റെ മതപ്രഭാഷണങ്ങള്‍ വന്‍ പ്രചാരത്തിലായത്. 

വമ്പന്‍ പ്രചാരമുള്ള ഈ പരിപാടികള്‍ക്ക് പിന്നാലെ ഇപ്പോള്‍ അദ്‌നാന്‍ അഴിക്കുള്ളിലായിരിക്കുകയാണ്. ഇസ്താംബുള്‍ ഹൈ ക്രിമിനല്‍ കോടതിയാണ് കോടീശ്വരനായ ഈ മതപ്രഭാഷകനെ തടവു ശിക്ഷയ്ക്ക് വിധിച്ചത്. തടവുശിക്ഷ എന്നു വെച്ചാല്‍, വെറും തടവല്ല,  8658 വര്‍ഷത്തേക്ക് ഇയാളെ ജയിലില്‍ അടക്കാനാണ് കോടതി ഉത്തരവിട്ടത്. 1075 വര്‍ഷം തടവിലിടാനുള്ള കുറ്റമാണ് ഇയാള്‍ ചെയ്തതെന്ന കീഴ്‌ക്കോടതി വിധിക്കെതിരെ അപ്പീല്‍ പോയതിനെ തുടര്‍ന്നാണ് ശിക്ഷ 8658 വര്‍ഷമായി കുറച്ചത്. ഇത് ടര്‍ക്കി ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ജയില്‍ശിക്ഷാ കാലാവധിയാണ്. 

 

 

ഹാറൂണ്‍ യഹ്‌യ എന്നും അറിയപ്പെടുന്ന ഈ 66-കാരനെതിരെ ലൈംഗിക പീഡനം അടക്കം നിരവധി കുറ്റങ്ങളാണ് ചുമത്തിയിട്ടുള്ളത്. സ്വന്തമായി ക്രിമിനല്‍ സംഘത്തെ കൊണ്ടുനടക്കുന്നു, സ്ത്രീകളെ അടിമകളാക്കി വെച്ച് ലൈംഗിക ചൂഷണം നടത്തുന്നു, മതപ്രഭാഷണത്തിന്റെ മറവില്‍ സെക്‌സ് റാക്കറ്റ് നടത്തുന്നു എന്നിവയടക്കം നിരവധി കുറ്റങ്ങള്‍. 

കോടികളുടെ ആസ്തിയുള്ള വമ്പന്‍ സാമ്രാജ്യമാണ് ഇയാളുടെ സെക്‌സ് കള്‍ട്ടെന്നാണ് കുറ്റപത്രം വിശേഷിപ്പിക്കുന്നത്. സുന്ദരികളായ സ്ത്രീകളെ അനുയായികളാക്കിയും ജോലിക്ക് വെച്ചുമാണ് ഇയാള്‍ തന്റെ സാമ്രാജ്യം മുന്നോട്ടുകൊണ്ടുപോയത്. നേരത്തെ മതപ്രഭാഷണ രംഗത്തു പ്രവര്‍ത്തിച്ചിരുന്ന ഇയാള്‍ പിന്നീട് അതിലേക്ക് അര്‍ദ്ധനഗ്‌നകളായ സ്ത്രീകളുടെ സാന്നിധ്യം കൂടി കൊണ്ടുവരികയായിരുന്നു. സ്വന്തം ഓണ്‍ലൈന്‍ ചാനലായ എ നൈന്‍ ടിവിയിലൂടെയാണ് ഇയാളുടെ നിറപ്പകിട്ടാര്‍ന്ന മതപ്രഭാഷണ പരിപാടി നടന്നിരുന്നത്. ലക്ഷക്കണക്കിന് കാഴ്ചക്കാരുള്ള ഈ പരിപാടിയില്‍, അര്‍ദ്ധനഗ്‌നകളായ സ്ത്രീകള്‍ക്ക് നടുവിലിരുന്നാണ് ഇയാള്‍ മതപ്രഭാഷണം നടത്തിയിരുന്നത്. ഇതു മാത്രമല്ല, ഇയാള്‍ മതപരമായ കാര്യങ്ങള്‍ പറയുമ്പോള്‍, സ്ത്രീകള്‍ അല്‍പ്പവസ്ത്രധാരിണികളായി നൃത്തം ചെയ്യുന്നതും പതിവായിരുന്നു. ഈ പരിപാടികള്‍ ഏറെ കാഴ്ചക്കാരെ നേടിയെങ്കിലും വലിയ വിമര്‍ശനമാണ് ഇയാള്‍ക്കെതിരെ ഉയര്‍ന്നു വന്നത്. 

 

 

അതിനിടയിയിലാണ് ഇയാള്‍ക്കെതിരെ ഗുരുതരമായ ആരോപണങ്ങള്‍ ഉയര്‍ന്നു വന്നത്. സൗന്ദര്യ മല്‍സര വേദിയില്‍നിന്നും ഇയാളുടെ അനുയായിയായി എത്തിയ ഇബ്രു സിമെക് എന്ന മോഡല്‍ ഇയാള്‍ തന്നെ ലൈംഗിക പീഡനങ്ങള്‍ക്ക് വിധേയമാക്കിയതായി ആരോപണമുയര്‍ത്തിയിരുന്നു. സ്ത്രീകളെ ലൈംഗിക അടിമകളാക്കി വെച്ചിരുന്ന ഇയാളുടെ കള്‍ട്ടില്‍നിന്നും പുറത്തുവരാന്‍ ്രശമിച്ചപ്പോള്‍ പണവും സ്വാധീനവും ക്രിമിനല്‍ സംഘങ്ങളുടെ പിന്തുണയുമായി അദ്‌നാന്‍ തന്നെ വേട്ടയാടിയിരുന്നതായും ഇവര്‍ കോടതിയില്‍ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. മറ്റു നിരവധി സ്ത്രീകളും ഇയാള്‍ക്കെതിരെ ലൈംഗിക ആരോപണം ഉയര്‍ത്തിയിരുന്നു. 

ആദ്യകാലങ്ങളില്‍ കാര്യമായ പൊലീസ് നടപടികള്‍ ഇയാള്‍ക്കെതിരെ ഉണ്ടായിരുന്നില്ല. എന്നാല്‍, ടര്‍ക്കി സര്‍ക്കാറിനെതിരെ കലാപം നടത്താന്‍ ശ്രമിച്ചുവെന്ന് ആരോപണമുള്ള മതനേതാവുമായി ഇയാള്‍ക്ക് ബന്ധമുണ്ടെന്ന ആരോപണം ഉയര്‍ന്നതോടെ പൊലീസ് നടപടി വന്നു. ഇയാളുടെ കൂറ്റന്‍ ബംഗ്ലാവില്‍ നടത്തിയ പൊലീസ് റെയ്ഡില്‍ ആയിരക്കണക്കിന് ഗര്‍ഭനിരോധന ഉറകള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നാണ് കഴിഞ്ഞ വര്‍ഷം ഇയാള്‍ അറസ്റ്റിലായത്. 
 

PREV
Read more Articles on
click me!

Recommended Stories

സ്വന്തം പേരുപോലും ആ 13 -കാരി പറഞ്ഞില്ല, ഒന്നിനും കാത്തുനിന്നില്ല, തണുത്തുറഞ്ഞ തടാകത്തിൽ വീണ 4 വയസുകാരനെ രക്ഷിക്കാനിറങ്ങി പെണ്‍കുട്ടി
'പ്രണയാവധി' വേണമെന്ന് ജീവനക്കാരൻ; ബോസിന്‍റെ മറുപടി വൈറൽ