താലിബാൻ സർക്കാരിനെ പിന്തുണച്ചുകൊണ്ട് അഫ്​ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം

By Web TeamFirst Published Sep 13, 2021, 10:50 AM IST
Highlights

"കഴിഞ്ഞ സർക്കാരിനെ ഇഷ്ടപ്പെടുന്നതാണോ സ്വാതന്ത്ര്യം? അല്ല. കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവർ സ്ത്രീകളുടെ സൗന്ദര്യം കണ്ട് കൊണ്ട് മാത്രമാണ് റിക്രൂട്ട് ചെയ്തിരുന്നത്" അവർ അവകാശപ്പെട്ടു. 

താലിബാൻ സർക്കാരിന്റെ പുതിയ നയങ്ങളെ പിന്തുണച്ച് അഫ്ഗാനിസ്ഥാനിൽ സ്ത്രീകളുടെ പ്രകടനം. മുഖവും ശരീരവും മൂടുന്ന വസ്ത്രം ധരിച്ച മുന്നോറോളം അഫ്ഗാൻ സ്ത്രീകളാണ് ശനിയാഴ്ച താലിബാനെ പിന്തുണച്ച് കാബൂൾ യൂണിവേഴ്സിറ്റി പ്രഭാഷണ തിയേറ്ററിൽ എത്തിയത്. പലരും കറുത്ത കയ്യുറകളും ധരിച്ചിരുന്നു. ലിംഗവിവേചനത്തെക്കുറിച്ചുള്ള താലിബാന്റെ കർക്കശ നയങ്ങളെ അവർ പിന്തുണച്ചു. പാശ്ചാത്യർക്കെതിരെ സംസാരിച്ച അവർ പുതിയ സർക്കാരിന്റെ നയങ്ങൾക്ക് പിന്തുണ പ്രഖ്യാപിയ്ക്കുകയും, താലിബാൻ പതാകകൾ വീശുകയും ചെയ്തു.  

സർക്കാരിൽ തങ്ങളുടെ പങ്കാളിത്തത്തിന് വേണ്ടിയും, വിദ്യാഭ്യാസത്തിനും ജോലിക്കും വേണ്ടിയും സ്ത്രീകൾ കഴിഞ്ഞ ആഴ്ചകളിൽ കാബൂളിലും അഫ്ഗാനിസ്ഥാനിലെ മറ്റ് നഗരങ്ങളിലും പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. താലിബാനികൾ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ ആകാശത്തേക്ക് വെടിവെച്ചും, പ്രതിഷേധ പ്രകടനങ്ങളെ അടിച്ചമർത്തിയും ഇതിനെ ഇല്ലാതാക്കാൻ ശ്രമിക്കുന്നു. എന്നാൽ, അതിനിടയിലാണ് ഇപ്പോൾ ഒരുകൂട്ടം സ്ത്രീകൾ താലിബാന്റെ നയങ്ങളെ അനുകൂലിച്ച് രംഗത്ത് വന്നിരിക്കുന്നത്. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ പ്രതിനിധികളായിട്ടാണ് തങ്ങൾ ഇവിടെ എത്തിയിരുക്കുന്നതെന്നാണ് അവരുടെ വാദം. "അഫ്ഗാനിസ്ഥാൻ വിട്ടുപോയ സ്ത്രീകൾക്ക് ഞങ്ങളെ പ്രതിനിധീകരിക്കാൻ സാധിക്കില്ല. മുജാഹിദീന്റെ (താലിബാൻ) മനോഭാവത്തിലും പെരുമാറ്റത്തിലും ഞങ്ങൾ സംതൃപ്തരാണ്" താലിബാനെ അനുകൂലിച്ച് കൊണ്ട് അവർ പറഞ്ഞു.  

അവിടെ ഒത്തുചേർന്നവർ വിദ്യാർത്ഥികളാണെന്നാണ് സംഘാടകർ പറയുന്നത്. താലിബാനെതിരെ പ്രതിഷേധിച്ച സ്ത്രീകളെ വിമർശിയ്ക്കുകയും, അഫ്ഗാനിസ്ഥാനിലെ പുതിയ സർക്കാരിനെ‌ പ്രതിരോധിയ്ക്കുകയും ചെയ്തു അവർ. “സ്ത്രീകളുടെ പ്രതിനിധികളാണെന്ന് അവകാശപ്പെട്ട് തെരുവിൽ സമരം ചെയ്യുന്ന സ്ത്രീകൾക്ക് ഞങ്ങൾ എതിരാണ്” ആദ്യ പ്രഭാഷക പറഞ്ഞു.  

Pro-Taliban women gathering in Kabul. pic.twitter.com/G9GYNpzjNl

— Lotfullah Najafizada (@LNajafizada)

"കഴിഞ്ഞ സർക്കാരിനെ ഇഷ്ടപ്പെടുന്നതാണോ സ്വാതന്ത്ര്യം? അല്ല. കഴിഞ്ഞ സർക്കാർ സ്ത്രീകളെ ദുരുപയോഗം ചെയ്യുകയായിരുന്നു. അവർ സ്ത്രീകളുടെ സൗന്ദര്യം കണ്ട് കൊണ്ട് മാത്രമാണ് റിക്രൂട്ട് ചെയ്തിരുന്നത്" അവർ അവകാശപ്പെട്ടു. പ്രസംഗം കേൾക്കാനെത്തിയ സ്ത്രീകളിൽ ചിലർ കൈക്കുഞ്ഞുങ്ങളെയും കൊണ്ടാണ് വന്നത്. നീതിന്യായ മന്ത്രാലയത്തിന്റെ അനുമതി ലഭിച്ചതിന് ശേഷമാണ് സ്ത്രീകൾ പ്രതിഷേധം സംഘടിപ്പിച്ചതെന്ന് വിദ്യാഭ്യാസ മന്ത്രാലയത്തിലെ വിദേശ ബന്ധങ്ങളുടെ ഡയറക്ടർ ദൗദ് ഹഖാനി പറഞ്ഞു. സ്ത്രീകൾ തല മറയ്ക്കണമെന്ന താലിബാൻ നയത്തോട് താൻ യോജിക്കുന്നുവെന്ന് ഷബാന ഒമാരി എന്ന വിദ്യാർത്ഥിനി  ജനക്കൂട്ടത്തോട് പറഞ്ഞു. "ഹിജാബ് ധരിക്കാത്തവർ നമ്മളെയെല്ലാം ഉപദ്രവിക്കുന്നു" അവർ പറഞ്ഞു.  

താലിബാൻ തിരിച്ചുവന്നതിനുശേഷം ചരിത്രം മാറിയതായി മറ്റൊരു പ്രഭാഷകയായ സോമയ പറഞ്ഞു. "ഇതിന് ശേഷം ശിരോവസ്ത്രം ധരിക്കാത്തവരെ കാണാനില്ല. ഇനി മുതൽ സ്ത്രീകൾ സുരക്ഷിതരായിരിക്കും. എല്ലാ ശക്തിയും ഉപയോഗിച്ച് ഞങ്ങൾ ഞങ്ങളുടെ സർക്കാരിനെ പിന്തുണയ്ക്കുന്നു" അവർ പറഞ്ഞു. മീറ്റിംഗ് ഹാളിലെ പ്രഭാഷണങ്ങൾക്ക് ശേഷം, സ്ത്രീകൾ അച്ചടിച്ച ബാനറുകളുമായി തെരുവിൽ അൽപ ദൂരം റാലി നടത്തി. റൈഫിളുകളും മെഷീൻ ഗണ്ണുകളുമായി താലിബാൻകാർ അവരെ അനുഗമിച്ചു.  

click me!