യുകെ പ്രതിരോധമന്ത്രാലയം അഫ്​ഗാനിൽ നഷ്ടപരിഹാരത്തുകയായി നൽകിയത് 6.9 കോടി, കുറഞ്ഞ തുക 10000

By Web TeamFirst Published Sep 24, 2021, 3:26 PM IST
Highlights

മാധ്യമശ്രദ്ധ നേടിയ ഒരു അപകടത്തിന് നൽകിയ തുക വളരെ കൂടുതലാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ നിന്ന് തെറിച്ചുവീണ വെടിയുണ്ടയേറ്റ് പരിക്കേറ്റ അഞ്ച് അഫ്ഗാൻ കുട്ടികൾക്ക് 7,204.97 പൗണ്ട് (7,28,364.02) ലഭിച്ചു. 

അഫ്​ഗാനിസ്ഥാനിൽ ബ്രിട്ടീഷ് സായുധസേനയുമായി ബന്ധപ്പെട്ട് പൗരന്മാർക്കുണ്ടായ നാശനഷ്ടങ്ങൾക്കുള്ള നഷ്ടപരിഹാരത്തുക ആദ്യമായി വെളിപ്പെടുത്തി. 2006-14 കാലയളവിൽ 289 സിവിലിയൻ മരണങ്ങൾക്ക് പ്രതിരോധ മന്ത്രാലയം 688,000 പൗണ്ടാണ് (ഏകദേശം 6.9 കോടി രൂപ) നഷ്ടപരിഹാരമായി നൽകിയത്. ശരാശരി 2,380 പൗണ്ട് (2,40,595.75 രൂപ). എന്നാൽ ഒരു കേസിൽ, ഒരു കുടുംബത്തിന് വെറും 104.17 പൗണ്ടാണ് നഷ്ടപരിഹാരമായി നൽകിയത്. അതായത് ഏകദേശം 10,530.61 രൂപ. ഇത് ആറ് കഴുതകൾ കൊല്ലപ്പെട്ടതിന് കിട്ടിയ നഷ്ടപരിഹാരത്തുകയേക്കാൾ കുറവാണ് എന്ന് ആക്ഷേപമുയരുന്നുണ്ട്. 

നഷ്ടപരിഹാരം നിശ്ചയിച്ചിരിക്കുന്നത് നിയമപരമായ തത്വങ്ങളെ അടിസ്ഥാനമാക്കിയും മുൻകാലത്തെയും ഭാവിയിലെയും നഷ്ടങ്ങളും പ്രാദേശിക ആചാരങ്ങളും ഉൾപ്പടെ കണക്കാക്കിയുമാണ് എന്ന് പ്രതിരോധ മന്ത്രാലയം പറയുന്നു. 2014 വരെ അഫ്ഗാനിസ്ഥാനിലെ ഹെൽമണ്ടിലെ പോരാട്ട പ്രവർത്തനങ്ങളിൽ ബ്രിട്ടീഷ് സൈന്യം നൽകിയ ഏതാണ്ട് 7,000 നഷ്ടപരിഹാര ക്ലെയിമുകളാണ് ചാരിറ്റി ആക്ഷൻ ഓൺ ആംഡ് വയലൻസ് (AOAV) വിശകലനം ചെയ്തത്.

കൊല്ലപ്പെട്ടവരില്‍ ഏറ്റവും ചെറിയ കുട്ടി ഒരു മൂന്നുവയസുകാരനാണ്. ബ്രിട്ടീഷ് മൈന്‍ ക്ലിയറന്‍സിനിടെയാണ് കുട്ടി കൊല്ലപ്പെടുന്നത്. കൊല്ലപ്പെട്ട 289 പേരില്‍ പതിനാറ് പേരെങ്കിലും കുട്ടികളാണ്. ഫ്രീഡം ഓഫ് ഇൻഫർമേഷൻ റിക്വസ്റ്റുകൾക്ക് കീഴിൽ ലഭിച്ച ഡാറ്റ ഉപയോഗിച്ച്, അഫ്ഗാനിസ്ഥാനിലെ പൗരന്മാരുടെ ജീവിതത്തിൽ ബ്രിട്ടീഷ് സേനയുണ്ടാക്കിയ നഷ്ടങ്ങളും മറ്റും പരിശോധിക്കാനുള്ള ആദ്യ ശ്രമമാണിത്. 

കൊല്ലപ്പെട്ട സാധാരണക്കാർക്കുള്ള നഷ്ടപരിഹാര തുകകള്‍ വ്യാപകമായി വ്യത്യാസപ്പെട്ടിരിക്കുന്നു. 2008 ഫെബ്രുവരിയിൽ ഒരു കുടുംബത്തിന് 104.17 പൗണ്ട് (10,530.61 രൂപ) മാത്രമാണ് മരണത്തിനും സ്വത്ത് നാശത്തിനും ലഭിച്ചത്. ഇതിനെ കുറിച്ച് കൂടുതൽ വിശദാംശങ്ങളൊന്നും നൽകിയിട്ടില്ല. എന്നാൽ, ഒരു സാധാരണ മരണത്തിന് കിട്ടിയ, രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ തുകയാണിത് എന്ന് കരുതുന്നു. ഇതിനു വിപരീതമായി, ബ്രിട്ടീഷ് സൈന്യം ക്യാമ്പ് ബാസ്റ്റണിൽ നഷ്ടപ്പെട്ട മൊബൈൽ ഫോണിന് 110 പൗണ്ടും (11,120.84), ആറ് കഴുതകളുടെ മരണത്തിന് 662 പൗണ്ടും (66,927.21) നൽകി.

പൗരന്മാർ കൊല്ലപ്പെട്ടതുമായി ബന്ധപ്പെട്ട മറ്റ് തുകകളിൽ 10 വയസുള്ള ഒരു ആൺകുട്ടിയുടെ മരണത്തിന് 586.42 പൗണ്ട് (59,288.79) ഉൾപ്പെടുന്നു. അതേ മാസം തന്നെ ഇന്റർനാഷണൽ സെക്യൂരിറ്റി അസിസ്റ്റൻസ് ഫോഴ്സ് വെടിവെച്ചു കൊന്ന നാല് കുട്ടികൾക്കായി ബ്രിട്ടീഷ് സേന 4,233.60 പൗണ്ടും (54,83,239.32) നൽകി. ഇംഗ്ലീഷ് മാധ്യമങ്ങളിൽ ഈ സംഭവത്തെക്കുറിച്ച് രേഖകളൊന്നുമില്ല. 

മാധ്യമശ്രദ്ധ നേടിയ ഒരു അപകടത്തിന് നൽകിയ തുക വളരെ കൂടുതലാണ്. ബ്രിട്ടീഷ് സൈന്യത്തിന്റെ ഹെലികോപ്റ്ററിൽ നിന്ന് തെറിച്ചുവീണ വെടിയുണ്ടയേറ്റ് പരിക്കേറ്റ അഞ്ച് അഫ്ഗാൻ കുട്ടികൾക്ക് 7,204.97 പൗണ്ട് (7,28,364.02) ലഭിച്ചു. മൊത്തത്തിൽ, 240 പരിക്കുകൾക്ക് ബ്രിട്ടീഷുകാർ 397,000 പൗണ്ട് (4,01,33,479.73 രൂപ) നൽകി - ശരാശരി 1,654 പൗണ്ട് (1,67,184.67 രൂപ). 2007 -ൽ കാബൂളിൽ നടന്ന ഒരൊറ്റ മരണത്തിന് 54,347 പൗണ്ടാണ് (54,93,340.41 രൂപ) ഏറ്റവും വലിയ ഒറ്റ പേയ്മെന്റ് നൽകിയത്. സംഭവത്തിന്റെ കൂടുതൽ വിശദാംശങ്ങൾ രേഖപ്പെടുത്തിയിട്ടില്ല. 

നഷ്ടപരിഹാരത്തിനുള്ള ഭൂരിഭാഗം ക്ലെയിമുകളും നിരസിക്കപ്പെട്ടതായി രേഖകൾ കാണിക്കുന്നു. മൊത്തത്തിൽ 885 മരണ അവകാശവാദങ്ങളും 285 ക്ലെയിമുകളും പ്രതിരോധ മന്ത്രാലയം നിഷേധിച്ചു.

മരണം, പരിക്കുകൾ, സ്വത്ത് നാശനഷ്ടങ്ങൾ എന്നിവയ്ക്കായി 2006 ഒക്ടോബറിനും 2014 സെപ്റ്റംബറിനും ഇടയിൽ യുഎസ് സൈന്യം 1,600 -ലധികം "കണ്ടോളന്‍സ് പേയ്മെന്റുകൾ" അടച്ചു. സെന്‍റര്‍ ഫോര്‍ സിവിലിയന്‍സ് ഇന്‍ കോണ്‍ഫ്ലിക്ട് റിപ്പോര്‍ട്ട് പ്രകാരം യുഎസ്സിന് ആകെ 4.9 മില്ല്യണ്‍ ഡോളര്‍ ചെലവായി എന്ന് പറയുന്നു. 

"ഓരോ പൗരന്മാരുടെ മരണവും ഒരു ദുരന്തം തന്നെയാണ്, ഞങ്ങളുടെ കഠിനമായ ടാർഗെറ്റിംഗ് പ്രക്രിയയിലൂടെ പൗരന്മാർക്കുള്ള അപകടസാധ്യത കുറയ്ക്കാൻ യുകെ എപ്പോഴും ശ്രമിക്കുന്നു. പക്ഷേ ആ അപകടസാധ്യത ഒരിക്കലും പൂർണ്ണമായും നീക്കം ചെയ്യാൻ കഴിയില്ല" ഒരു പ്രതിരോധമന്ത്രാലയം വക്താവ് പറഞ്ഞു.

(ചിത്രം പ്രതീകാത്മകം)


 

click me!