
ചെന്നൈയിലെ ഒരു ഗവൺമെന്റ് ഡോക്ടറുടെ ശമ്പളമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിയൊരുക്കുന്നത്. 28 വർഷത്തെ സർവീസിന് ശേഷവും കയ്യിൽ കിട്ടുന്ന ശമ്പളം 1.3 ലക്ഷം രൂപ മാത്രമാണെന്ന് വ്യക്തമാക്കുന്ന കുറിപ്പാണ് ചർച്ചയാകുന്നത്. ഡോക്ടറായ ജെയ്‌സൺ ഫിലിപ്പാണ് എക്സിൽ (ട്വിറ്റർ) ഈ പേ സ്ലിപ്പ് ഷെയർ ചെയ്തിരിക്കുന്നത്. 28 വർഷത്തെ നീണ്ട സർക്കാർ സേവനത്തിന് ശേഷവും തനിക്ക് ലഭിക്കുന്ന തുകയാണിത്, എന്തെങ്കിലും നിർദ്ദേശങ്ങളുണ്ടോ സുഹൃത്തുക്കളേ എന്നും ചോദിച്ചാണ് ഡോ. ജെയ്സൺ പോസ്റ്റ് ഷെയർ ചെയ്തിരിക്കുന്നത്. പിന്നാലെ ഇത് സോഷ്യൽ മീഡിയയിൽ ശ്രദ്ധിക്കപ്പെടുകയായിരുന്നു. സർവീസ് വച്ച് നോക്കുമ്പോൾ ഈ തുക വളരെ കുറവാണ് എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. സ്വകാര്യ മേഖലയിലെ ഡോക്ടർമാരുടെ വരുമാനവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് വളരെ പിന്നിലാണെന്നും പലരും ചൂണ്ടിക്കാട്ടി.
ഈ ചർച്ചകൾക്കിടെ, താൻ സർക്കാർ ജോലി രാജിവെച്ച് പൂർണമായും സ്വകാര്യ പ്രാക്ടീസിലേക്ക് മാറാൻ ആലോചിക്കുകയാണെന്നും ഡോ. ജെയ്‌സൺ ഫിലിപ്പ് വ്യക്തമാക്കി. 'ഞാൻ ജോലി ഉപേക്ഷിക്കാൻ പോകുകയാണ്' എന്ന് അദ്ദേഹം ഒരു കമന്റിന് മറുപടിയായി പറഞ്ഞു. ഇത്രയും എക്സ്പീരിയൻസുള്ള ഡോക്ടർമാർക്ക് വിദേശത്ത് വലിയ ഡിമാൻഡ് ഉണ്ടെന്ന് ചിലർ ചൂണ്ടിക്കാട്ടിയെങ്കിലും, അതിനുള്ള സമയം അതിക്രമിച്ചു എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് പോലും ഇതിനേക്കാൾ കൂടുതൽ ശമ്പളം സ്വകാര്യ മേഖലയിൽ ലഭിക്കുന്നുണ്ടെന്നാണ് ചിലർ കമന്റ് ചെയ്തത്. പെൻഷൻ, മറ്റ് അലവൻസുകൾ എന്നിവ കണക്കിലെടുത്താലും 28 വർഷത്തെ സീനിയോറിറ്റിയുള്ള ഒരാൾക്ക് ഈ തുക കുറവാണെന്നാണ് ഭൂരിഭാഗം പേരുടെയും അഭിപ്രായം. സർക്കാർ മേഖലയിലെ ഡോക്ടർമാർ നേരിടുന്ന കുറഞ്ഞ വേതനത്തെക്കുറിച്ചും ജോലിഭാരത്തെക്കുറിച്ചും വീണ്ടും സജീവമായ ചർച്ചകൾക്ക് ഈ പോസ്റ്റ് കാരണമായിട്ടുണ്ട്.