30 വർഷത്തെ ഏകാന്തജീവിതം അവസാനിച്ചു, ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോയ്ക്ക് ഇനി ന​ഗരജീവിതം

By Web TeamFirst Published Sep 28, 2021, 5:06 PM IST
Highlights

മുന്‍ അധ്യാപകനായിരുന്ന മൗറോ 31 വര്‍ഷം മുമ്പ് ഇറ്റലിയില്‍ നിന്നും പോളിനേഷ്യയിലേക്കുള്ള കപ്പല്‍യാത്രക്കിടെയാണ് യാദൃച്ഛികമായി ദ്വീപിലെത്തിപ്പെട്ടത്. 

33 വര്‍ഷത്തെ ഏകാന്തജീവിതം അവസാനിപ്പിക്കേണ്ടി വന്നു, ഇറ്റലി(Italy) യുടെ റോബിന്‍സണ്‍ ക്രൂസോയ്ക്കിനി നഗരജീവിതം. മൗറോ മൊറാൻഡി (Mauro Morandi) എന്നയാളാണ് ഏകദേശം 33 വർഷങ്ങൾ സാർഡിനിയൻ ദ്വീപായ ബുഡെല്ലി(Budelli )യിൽ പൂച്ചകള്‍ക്കും കാട്ടുപക്ഷികള്‍ക്കുമൊപ്പം തനിയെ താമസിച്ചിരുന്നത്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അദ്ദേഹത്തിന് ദ്വീപിൽ താമസിക്കുന്ന മനുഷ്യ സുഹൃത്തുക്കളാരും ഉണ്ടായിരുന്നില്ല. 

എന്നിരുന്നാലും, ജീവിതത്തിന്റെ പകുതിയും ഏകാന്തതയിൽ ചെലവഴിച്ച ശേഷം, ആ 82 -കാരൻ ഇപ്പോൾ നഗരത്തിലേക്ക് മടങ്ങി ഒരു പുതിയ ജീവിതം ആരംഭിക്കുകയാണ്. അടുത്തിടെയാണ് ദ്വീപിനെ പരിസ്ഥിതി നിരീക്ഷണ കേന്ദ്രമാക്കി മാറ്റുകയാണെന്ന് അധികൃതർ പ്രഖ്യാപിച്ചത്. അതോടെ മൗറോ മൊറാന്‍ഡിക്ക് അവിടെ നിന്നും ഇറങ്ങേണ്ടി വരികയായിരുന്നു. 

അധ്യാപകനായി ജോലി ചെയ്തിരുന്നപ്പോൾ ലഭിച്ച പെൻഷൻ തുക ഉപയോഗിച്ച് മേയ് മാസത്തിൽ അദ്ദേഹം അടുത്തുള്ള ദ്വീപായ ലാ മദ്ദലീനയിലേക്ക് താമസം മാറ്റി. ഇപ്പോള്‍ ആളുകള്‍ക്കൊപ്പം താമസിച്ച് ശീലിക്കുകയാണ് അദ്ദേഹം. 

സിഎൻഎന്നിനോട് അദ്ദേഹം പറഞ്ഞത് ഇങ്ങനെ: "വളരെക്കാലമായി ഞാൻ ഒറ്റയ്ക്കാണ് താമസിച്ചിരുന്നത്, ഞാൻ ആദ്യമായി ബുഡെല്ലിയിൽ നിന്നും ഇറങ്ങിയതിന് ശേഷം വർഷങ്ങളോളം എനിക്ക് ആരോടും സംസാരിക്കാൻ തോന്നിയില്ല. ശരിയാണ്, എനിക്ക് ഇനി ദ്വീപിന്റെ ഏകാന്തത ആസ്വദിക്കാൻ കഴിയില്ല. പക്ഷേ എന്റെ ജീവിതം ഇപ്പോൾ ഒരു പുതിയ വഴിത്തിരിവിലായി, മറ്റുള്ളവരുമായി ആശയവിനിമയം നടത്തുന്നതിലും മറ്റുള്ളവരുടെ അടുത്തായിരിക്കുന്നതിലും ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് ഇപ്പോള്‍. "

മുന്‍ അധ്യാപകനായിരുന്ന മൗറോ 31 വര്‍ഷം മുമ്പ് ഇറ്റലിയില്‍ നിന്നും പോളിനേഷ്യയിലേക്കുള്ള കപ്പല്‍യാത്രക്കിടെയാണ് യാദൃച്ഛികമായി ദ്വീപിലെത്തിപ്പെട്ടത്. അവിടത്തെ ശുദ്ധമായ വെള്ളവും തെളിഞ്ഞ ആകാശവും മനോഹരമായ സൂര്യാസ്‍തമയദൃശ്യവുമെല്ലാം അദ്ദേഹത്തെ വല്ലാതെ ആകര്‍ഷിച്ചു. അങ്ങനെ അവിടെ തുടര്‍ന്നും താമസിക്കാന്‍ അദ്ദേഹം തീരുമാനിക്കുകയായിരുന്നു. നേരത്തെ അവിടെയുണ്ടായിരുന്ന പരിചരണക്കാരനില്‍ നിന്നും ആ ചുമതല വൈകാതെ മൗറോ ഏറ്റെടുത്തു. ഏതായാലും ഇനിയുള്ള കാലം മൗറോയ്ക്ക് ന​ഗരത്തിൽ ആളുകൾക്കൊപ്പമുള്ള ജീവിതമായിരിക്കും. 

വായിക്കാം: 30 വര്‍ഷത്തെ ഏകാന്തവാസം അവസാനിപ്പിക്കേണ്ടി വരുമോ ഇറ്റലിയുടെ റോബിന്‍സണ്‍ ക്രൂസോയ്ക്ക്?

click me!