പാക്കിസ്താനില്‍ ജിന്നയുടെ  പ്രതിമ ബോംബു വെച്ചു തകര്‍ത്തു

By Web TeamFirst Published Sep 28, 2021, 3:13 PM IST
Highlights

ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച പ്രതിമയാണ് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. വിനോദസഞ്ചാരികളെന്ന വ്യാജേന എത്തിയവരാണ് പ്രതിമയ്ക്കടുത്ത് ബോംബുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണറെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു.
 

പാകിസ്താനില്‍ രാഷ്ട്ര പിതാവായ മുഹമ്മദലി ജിന്നയുടെ പ്രതിമ ബോംബു വെച്ചു തകര്‍ത്തു. ആഭ്യന്തര സംഘര്‍ഷം ശക്തമായ ബലൂചിസ്ഥാന്‍ പ്രവിശ്യയിലെ ഗ്വാദര്‍ തുറമുഖ നഗരത്തിലാണ് സംഭവം. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മി സ്ഫാടനത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുത്തു. ഭീകരവിരുദ്ധ നിയമങ്ങള്‍ പ്രകാരം കേസ് എടുത്ത് അന്വേഷണം ആരംഭിച്ചതായി അ്ധികൃതര്‍ അറിയിച്ചു. 

ഒരു വര്‍ഷം മുമ്പ് സ്ഥാപിച്ച പ്രതിമയാണ് പൂര്‍ണ്ണമായും തകര്‍ക്കപ്പെട്ടത്. വിനോദസഞ്ചാരികളെന്ന വ്യാജേന എത്തിയവരാണ് പ്രതിമയ്ക്കടുത്ത് ബോംബുകള്‍ സ്ഥാപിച്ചതെന്ന് പൊലീസ് ഡെപ്യൂട്ടി കമീഷണറെ ഉദ്ധരിച്ച് ജിയോ ടിവി റിപ്പോര്‍ട്ട് ചെയ്തു. സ്ഫാടനത്തില്‍ ജിന്നയുടെ പ്രതിമ പൂര്‍ണ്ണമായും തകര്‍ന്നു. ബലൂച് ലിബറേഷന്‍ ആര്‍മി പ്രവര്‍ത്തകരാണ് സ്ഫോടകവസ്തു സ്ഥാപിച്ചതെന്ന് ആദ്യമേ പൊലീസ് പറഞ്ഞിരുന്നു. അതിനു പിന്നാലെയാണ് സംഘടന ഉത്തരവാദിത്തം ഏറ്റെടുത്തത്. പോലീസ് ഊര്‍ജിതമായ അന്വേഷണം നടത്തുകയാണെന്ന് അധികൃര്‍ അറിയിച്ചു. ഭീകരവാദ വിരുദ്ധ നിയമപ്രകാരമാണ് കേസ് എടുത്തത്. കുറ്റവാളികള്‍ ഉടന്‍ പിടിയിലാവുമെന്ന് പൊലീസ് ആത്മവിശ്വാസം പ്രകടിപ്പിച്ചു. 

രാജ്യത്തിന്റെ പ്രത്യയശാസ്ത്രത്തിനെതിരായ ആക്രമണമാണ് ഇതെന്ന് ബലൂചിസ്ഥാനിലെ മുന്‍ ആഭ്യന്തരമന്ത്രി സര്‍ഫ്രാസ് ബുഗ്തി ട്വീറ്റ് ചെയ്തു.

The demolition of Quaid-e-Azam's statue in is an attack on Ideology of Pakistan. I request authorities to punish the perpetrators in the same way as we did with those behind the attack on Quaid-e-Azam residency in Ziarat. pic.twitter.com/BQeeZjsHg3

— Senator Sarfraz Bugti (@PakSarfrazbugti)

ജിന്ന ജീവിതത്തിലെ അവസാന നാളുകള്‍ ചെലവഴിച്ച 121 വര്‍ഷം പഴക്കമുള്ള ഖായിദ്-ഇ-അസം റസിഡന്‍സി സമാനമായ സാഹചര്യത്തില്‍ തകര്‍ക്കപ്പെട്ടിരുന്നു. ദേശീയ സ്മാരകമായി പ്രഖ്യാപിച്ചതായിരുന്നു ഈ കെട്ടിടം.  

ബലൂചിസ്ഥാന്‍ പതിറ്റാണ്ടുകളായി ആഭ്യന്തര സംഘര്‍ഷത്തിലാണ്. നിരോധിത സംഘടനയായ ബലൂച് ലിബറേഷന്‍ ആര്‍മിയും സര്‍ക്കാറും തമ്മിലുള്ള പോരാട്ടം നടക്കുന്ന ഇവിടെ ഭീകരാക്രമണങ്ങള്‍ പതിവാണ്. 

click me!