33 വർഷം, തട്ടിക്കൊണ്ട് പോയ അനിയനെ തേടി രാജ്യം മൊത്തമലഞ്ഞു; ഒടുവിൽ ചേച്ചിയുടെ കാത്തിരിപ്പിന് അന്ത്യം

Published : Apr 03, 2026, 02:24 PM IST
Chinese sister find her brother after 33 years later

Synopsis

കുട്ടിക്കാലത്ത് വേർപിരിഞ്ഞ അനിയനെ 33 വർഷത്തെ തിരച്ചിലിനൊടുവിൽ ചൈനീസ് യുവതിയായ ലി ലിനു കണ്ടെത്തി. അനിയന്‍റെ കുട്ടിക്കാലത്തെ ഒരു ഫോട്ടോയുമായി നാടുനീളെ അലഞ്ഞ അവർ, പോലീസിന്‍റെ സഹായത്തോടെയാണ് സഹോദരനെ കണ്ടെത്തിയത്. ഡിഎൻഎ പരിശോധനയിലൂടെ ബന്ധം സ്ഥിരീകരിച്ച ശേഷമുള്ള ഇവരുടെ വൈകാരികമായ പുനഃസമാഗമം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

 

ലോകമെമ്പാടും കുട്ടികളെ കാണാതാകുന്നത് ഇന്നൊരു പുതിയ വാർത്തയല്ല. മനുഷ്യകടത്തിനായി ഏതാണ്ടെല്ലാ രാജ്യങ്ങളിൽ നിന്നും കുട്ടികലെ തട്ടിക്കൊണ്ട് പോകുന്നുണ്ടെന്ന് യുഎന്നിന്‍റെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, അവരെ പിന്നിടെപ്പോഴെങ്കിലും കണ്ടെത്തുകയെന്നത് അത്യപൂർവ്വമായി മാത്രം സംഭവിക്കുന്നു. കഴിഞ്ഞ ദിവസങ്ങളിൽ അത്തരമൊരു അനുഭവം ചൈനയിലെ സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടപ്പോൾ അത് വൈറലായി. കുട്ടികളെ കാണാതാകുന്നതിൽ മുന്‍പന്തിയിലുള്ള രാജ്യങ്ങളിലൊന്നാണ് ചൈന. 

അനാഥ ബാല്യം

ഇന്ന് 44 വയസുള്ള ലി ലിനും അനുജൻ ലി സിനും യഥാക്രമം 11 ഉം 7 ഉം വയസുള്ളപ്പോൾ അച്ഛനമ്മമാരെ നഷ്ടപ്പെട്ടു. കാൻസർ ബാധിതയായ അമ്മയുടെ മരണം അച്ഛന്‍റെ മാനസീക നിലയെ ബാധിച്ചു. ഇതോടെ കുട്ടികളെ സംരക്ഷിക്കാൻ ആരുമില്ലാതായി. അക്കാലത്ത് വിശന്നപ്പോൾ ഭക്ഷണത്തിനായി ഇരുവർക്കും ഏറെ അലയേണ്ടിവന്നു. ഒരു മഴക്കാലത്ത് അതുവഴി വന്ന ഒരു ട്രക്കിൽ ഇരുവരും അഭയം തേടി. എന്നാൽ, തങ്ങളെ എന്നെന്നേയ്ക്കുമായി വഴിപിരിക്കുന്ന ഒന്നായിരുന്നു ആ ട്രക്കെന്ന് അപ്പോൾ അവർക്ക് അറിയില്ലായിരുന്നു. ഇരുവരും തീർത്തും അപരിചിതമായ ഒരു നഗരത്തിൽ എത്തപ്പെട്ടു. അവിടെ വച്ച് വിശന്ന് കരഞ്ഞ അനിയന്‍റെ അടുത്തേക്ക് ഒരു അപരിചിതയെത്തി ഒരു കഷ്ണം റൊട്ടി നൽകി. അന്ന് ലി ലിനു അനുജനെ ആ സ്ത്രീയ്ക്കൊപ്പം വിട്ടു. പക്ഷേ, അവരൊരിക്കലും ലി ലിനുവിനെ തേടി വന്നില്ല.

പേരും ഊരും മാറി അനിയൻ

തന്‍റെ സംരക്ഷണയിൽ നിൽക്കുമ്പോൾ അനിയനെ അവർ കൊണ്ട് പോയത് ജീവിതകാലം മുഴുവനും താന്നെ കുറ്റബോധത്തോടെ ജീവിക്കാൻ ഇടയാക്കിയെന്ന് പിന്നീട് ലി ലിനും പറഞ്ഞതായി സൗത്ത് ചൈന മോർണിംഗ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. ഇതിനിടെ ലി സിനുവിനെ ഗുവാങ്‌ഡോങ്ങിലെ ഒരു കുടുംബം ദത്തെടുക്കുകയും ഹാൻ എന്ന് പേര് മാറ്റുകയും ചെയ്തിരുന്നു. ഹാൻ അവിടെ നിന്നും രക്ഷപ്പെടാൻ പല തവണ ശ്രമിച്ചിരുന്നു. പക്ഷേ അപ്പോഴൊക്കെ അവന് ക്രൂരമായ പീഢനം ഏൽക്കേണ്ടിവന്നെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. അതേസമയം തന്‍റെ അനിയന്‍റെ കുട്ടിക്കാലത്തെ ഒരു ചിത്രം സൂക്ഷിച്ച് വച്ചിരുന്ന ലി ലിനും അവനെ കണ്ടെത്തുന്നതിനായി തന്‍റെ ജീവിതം തന്നെ മാറ്റി വച്ചു.

33 വർഷത്തിനൊടുവിൽ

അനിയനെ കണ്ടെത്തുന്നതിനായി ഏകദേശം ഒരു ദശലക്ഷം യുവാൻ (ഏതാണ്ട് 1,35,000 രൂപ) ചെലവായെന്ന് ലി ലിനു പറയുന്നു. തന്‍റെ അന്വേഷണത്തിനായി ലി ലിനും നിർമ്മാണ തൊഴിലാളിയായും ഹോട്ടൽ ജോലിക്കാരിയായും നിരവധി സ്ഥലങ്ങളിൽ ജോലി ചെയ്തു. ഓരോ സ്ഥലത്തും അവർ അനിയനെ തിരഞ്ഞ് നടന്നു. ഇതിടെ അനിയനെ തേടി അവർ ചൈനയിലെമ്പാടും അലഞ്ഞു. പോകുന്നിടത്തൊക്കെ അനിയന്‍റെ പഴയ ചിത്രം അടങ്ങിയ ലഘുലേഖകൾ വിതരണം ചെയ്തു. ഒടുവിൽ ജിയാങ്‌സി പ്രവിശ്യയിലെ ഒരു പോലീസ് ഉദ്യോഗസ്ഥൻ കുട്ടിക്കാലത്തെ ആ ഫോട്ടോ ഉപയോഗിച്ച് ഗ്വാങ്‌ഡോങ്ങിലെ ഒരാളെ സംശയമുണ്ടെന്ന് അറിയിച്ചു. പിന്നാലെ ലി ലിനുവിന്‍റെയും ഹാനിന്‍റെയും ഡിഎന്‍എ പരിശോധിച്ചപ്പോൾ ഇരുവരും സഹോദരങ്ങളാണെന്ന് തെളിഞ്ഞെന്നും റിപ്പോര്‍ട്ടിൽ പറയുന്നു. തന്‍റെ അനിയനെ കാണാനായി പോലീസ് സ്റ്റേഷനിലേക്ക് അവർ ഒരു ബാഗ് നിറയെ റൊട്ടിയുമായാണ് വന്നത്. ഒരു അപ്പന് വേണ്ടിയാണ് തനിക്ക് അവനെ നഷ്ടപ്പെട്ടതെന്നും ഇനിയൊരിക്കലും അവൻ വിശന്ന് ഇരിക്കരുതെന്നും അവർ പറഞ്ഞു. ഈ സംഭവം കഴിഞ്ഞ മാർച്ച് 23 നാണ് ചൈനീസ് സമൂഹ മാധ്യമങ്ങളിൽ പങ്കുവയ്ക്കപ്പെട്ടത്. പിന്നാലെ ദശലക്ഷക്കണക്കിനാളുകളാണ് വാർ‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയത്.

 

PREV
Read more Articles on
click me!

Recommended Stories

ഇന്ദിരാ ഗാന്ധിയുടെ കൊലയാളിയുടെ മരുമകൻ, അറസ്റ്റിലായ മയക്കുമരുന്ന് തലവന്‍റെ പേര് വിവരം വെളിപ്പെടുത്തി ന്യൂസ്‍ലന്‍ഡ്
തന്‍റെ വിവാഹ സ്യൂട്ട് ധരിച്ച് അച്ഛന്‍റെ ആദ്യ വിമാനയാത്ര; മകന്‍റെ വൈകാരിക കുറിപ്പ് വൈറൽ