
ഇൻഡോറിലെ ഹൈബ്രിഡ് ഇന്റർനെറ്റ് എന്ന കമ്പനിയുടെ സ്ഥാപകനായ ദുർഗേഷ് ഓജ, തന്‍റെ ലിങ്ക്ഡ്ഇനിൽ ആദ്യ വിമാന യാത്രയ്ക്കായി അച്ഛൻ, തന്‍റെ വിവാഹ സ്യൂട്ട് ധരിച്ചെത്തിയെന്ന ഹൃദയസ്പർശിയായ അനുഭവം പങ്കുവച്ചു. ജീവിതത്തിന്‍റെ ഉയരങ്ങളിലേക്ക് കടക്കുമ്പോൾ അച്ഛനമ്മമാരെ പുതിയ ലോകം കാണിക്കുന്നത് ഇന്നൊരു ട്രെന്‍റാണ്. ജീവിതകാലം മുഴുവനും കുട്ടികൾക്കായി മാറ്റിവച്ച അച്ഛനെ പുതിയ ലോകം കാണിക്കാനായി ദുർഗേഷ് ഓജ അദ്ദേഹത്തെ ആദ്യ വിമാനയാത്രയ്ക്കായി കൊണ്ട് പോയി. ആ അനുഭവ വിവരണം സമൂഹ മാധ്യമ ഉപയോക്താക്കളെ ഏറെ ആകർഷിച്ചു.
അച്ഛൻ മുമ്പൊരിക്കലും വിമാനത്തിൽ കയറിയിട്ടില്ലെന്ന് അദ്ദേഹം പറയുന്നു. അങ്ങനെ അച്ഛന്‍റെ ആദ്യ വിമാനയാത്രയ്ക്ക് ടിക്കറ്റ് ബുക്ക് ചെയ്തപ്പോളുണ്ടായ അനുഭവത്തെ കുറിച്ചാണ് അദ്ദേഹം തന്‍റെ കുറിപ്പിൽ വിശദീകരിച്ചത്. യാത്രയുടെ ഓരോ ചെറിയ വിശദാംശങ്ങളും അദ്ദേഹം കുറിപ്പിൽ പങ്കുവച്ചു. ജീവിതത്തിന്‍റെ മുഴുവൻ ലക്ഷ്യവും മാതാപിതാക്കൾക്ക് തിരികെ നൽകുക എന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തന്‍റെ ആദ്യ വിമാനയാത്രയ്ക്ക് അച്ഛൻ ഒരു സ്യൂട്ട് ധരിച്ചിരുന്നത് തന്നെ അത്ഭുതപ്പെടുത്തി. അദ്ദേഹത്തിന് ഇതുവരെ എത്തിപ്പിടിക്കാനാവാത്ത ഒരു ലോകത്തേക്കുള്ള യാത്രയെ സൂചിപ്പിക്കുന്നതായിരുന്നു അദ്ദേഹത്തിന്‍റെ വസ്ത്രമെന്നും ദുർഗേഷ് ഓജ പറഞ്ഞു. അച്ഛന് വിമാന യാത്രയിലെ കാഴ്ചകൾ ആസ്വദിക്കാനായി ജനാലയ്ക്കരികിലുള്ള സീറ്റ് തന്നെ തെരഞ്ഞെടുത്തു. അച്ഛൻ ശ്രദ്ധിക്കുമെന്ന് ഉറപ്പില്ലെങ്കിലും വിമാനത്തിലെ ഏറ്റവും നല്ല ഭക്ഷണം തന്നെ ബുക്ക് ചെയ്തുവെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.
വിമാനയാത്രയുടെ ദിവസമെത്തിയപ്പോൾ അച്ഛൻ ആ പ്രത്യേക അവസരത്തിനായി ഒരുങ്ങിയത് തന്നെ അത്ഭുതപ്പെടുത്തി. ജീവിതത്തിൽ ഒരിക്കലും അച്ഛൻ ഒരു സ്യൂട്ട് വാങ്ങിയിട്ടില്ല. എന്തിന് പാന്‍റും ഷർട്ടും പോലും അദ്ദേഹം കുടുംബത്തിലെ പ്രത്യേക അവസരങ്ങൾക്കായി മാറ്റിവച്ചിരുന്നു. എന്നാൽ, തന്‍റെ ആദ്യ വിമാനയാത്രയ്ക്കായി അദ്ദേഹം ഒരു സ്യൂട്ട് ധരിച്ചിരുന്നു. അത് തന്നെ അങ്ങേയറ്റം അത്ഭുതപ്പെടുത്തി. കാരണം ആ സ്യൂട്ട് 2023 -ൽ തന്‍റെ വിവാഹത്തിന് ധരിച്ചിരുന്നതാണെന്നും അത് അദ്ദേഹത്തിന് ഏറെ യോജിച്ചിരുന്നെന്നും ഓജ കൂട്ടിച്ചേർത്തു. വിമാനയാത്രയ്ക്ക് ശേഷമുള്ള രണ്ട് മൂന്ന് ദിവസങ്ങൾ, വിമാനം എങ്ങനെ പറന്നുയരുന്നു, ഭക്ഷണം എങ്ങനെ വിളമ്പുന്നു എന്നിവയുൾപ്പെടെ വിമാനത്തിലെ ഓരോ ചെറിയ വിശദാംശങ്ങളും അച്ഛൻ സ്വന്തം നാട്ടിലുള്ള ആളുകളെ വിളിച്ച് വിവരിക്കുകയായിരുന്നു. അച്ഛന്‍റെ ചിത്രം പങ്കുവച്ച് കൊണ്ട് ഈ ചിത്രത്തിലേക്ക് നോക്കുമ്പോൾ ജീവിതത്തിന്‍റെ മുഴുവൻ പോയിന്‍റും ഇതാണെന്ന് തന്നെ ഓർമ്മപ്പെടുത്തുന്നെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ലിങ്ക്ഡ്ഇനിൽ ദുർഗേഷ് ഓജയുടെ കുറിപ്പ് വൈറലായി. നിരവധി പേർ തങ്ങളുടെ സ്നേഹവും അഭിനന്ദവും കുറിച്ചു. അച്ഛനമ്മമാർ തങ്ങളെ എത്രമാത്രം കരുതലോടെയാണ് വളർത്തുന്നതെന്നും എന്നാൽ പല മക്കളും അവരുടെ വാർദ്ധക്യകാലത്ത് തിരിഞ്ഞ് നോക്കാറില്ലെന്നും ചിലർ കുറിച്ചു.