
2017 -ൽ തമിഴ്നാട്ടിൽ ഉണ്ടായ ഓഖി ചുഴലിക്കാറ്റിൽ നിന്നും തമിഴ്‌നാട് വനംവകുപ്പ് രക്ഷപ്പെടുത്തിയ കഴുകൻ വീണ്ടും പറക്കാൻ ഒരുങ്ങുന്നു. 7 വയസ്സുള്ള സിനറിയസ് കഴുകനെ രാജസ്ഥാനിലെ ജോധ്പൂരിൽ വിട്ടയക്കാൻ ആണ് തമിഴ്നാട് വനം വകുപ്പിന്റെ തീരുമാനം.
ഓഖി ചുഴലിക്കാറ്റ് അതിശക്തമായ സമയത്ത് ചുഴലിക്കാറ്റിനുള്ളിൽ അകപ്പെട്ടുപോയ കഴുകനെ കന്യാകുമാരി ജില്ലയിലെ നാഗർകോവിലിലെ ആശാരിപള്ളം പട്ടണത്തിൽ വെച്ചാണ് നാഗർകോവിൽ വനംവകുപ്പ് ഉദ്യോഗസ്ഥർ രക്ഷപ്പെടുത്തിയത്. സിനറിയസ് ഇനത്തിൽപ്പെട്ട കഴുകന് അന്ന് രണ്ടു വയസ്സായിരുന്നു പ്രായം. തുടർന്ന് കഴുകനെ കന്യാകുമാരിയിലെ ഉദയഗിരി ബയോ ഡൈവേഴ്‌സിറ്റി പാർക്കിലേക്ക് മാറ്റി പാർപ്പിച്ചു. അവിടെയായിരുന്നു കഴിഞ്ഞ അഞ്ചു വർഷക്കാലമായി സിനറിയസ് കഴുകനെ പരിപാലിച്ചു പോന്നിരുന്നത്.
ചുഴലിക്കാറ്റിൽ നിന്നും രക്ഷിക്കുമ്പോൾ കഴുകന്റെ ശാരീരിക അവസ്ഥ വളരെ മോശമായിരുന്നെന്നും എന്നാൽ കഴിഞ്ഞ അഞ്ചു വർഷക്കാലമായി ഇതിനെ അതീവ ശ്രദ്ധയോടെയാണ് ശുശ്രൂഷിച്ചു വരുന്നതെന്നും കന്യാകുമാരി ഡിഎഫ്ഒ ഇളയരാജ പറഞ്ഞു. കഴിഞ്ഞ കുറച്ച് നാളുകളായി നടത്തിവരുന്ന വിദഗ്ധ പരിശോധനകളിൽ കഴുകൻ പൂർണ ആരോഗ്യവാനായി എന്നും ഇനി സ്വയം പറക്കാനും ഭക്ഷണം കണ്ടെത്താനും ഇതിന് സാധിക്കുമെന്ന് മനസ്സിലായതിന്റെ വെളിച്ചത്തിലാണ് കഴുകനെ മോചിപ്പിക്കാൻ തീരുമാനമായതെന്ന് അദ്ദേഹം പറഞ്ഞു
തെക്കൻ പ്രദേശങ്ങളിൽ കഴുകന്മാർ കുറവായതിനാൽ രാജസ്ഥാനിലെ ജോധ്പൂരിലുള്ള മച്ചിയ ബയോളജിക്കൽ പാർക്കിൽ കഴുകനെ സ്വതന്ത്രനാക്കാൻ ആണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ തീരുമാനം. ഈ പ്രദേശം കന്നുകാലി സംസ്‌കരണ കേന്ദ്രം കൂടിയായതിനാൽ കഴുകന് ഭക്ഷണം കണ്ടെത്തുന്നതിൽ മറ്റു പ്രശ്നങ്ങൾ ഒന്നും നേരിടേണ്ടി വരില്ല.
ഇപ്പോൾ ചെന്നെയ്ക്കടുത്തുള്ള വണ്ടലൂർ മൃഗശാലയിൽ ആണ് കഴുകനുള്ളത്. വനം വകുപ്പിന്റെ എസി കാറിൽ പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കിയാണ് കഴുകനെ ഇവിടേക്ക് എത്തിച്ചത്. ജോധ്പൂർ വനമേഖലയിൽ ഇതിനെ തുറന്നു വിടുന്നതിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും പൂർത്തിയാക്കിയ ശേഷം ശേഷം നവംബർ മൂന്നിന് രാജസ്ഥാനിലേക്ക് കൊണ്ടുപോകും.
ഇന്ത്യയിൽ അപൂർവ്വ ഇനത്തിൽ ഉൾപ്പെടുത്തിയിരിക്കുന്ന കഴുകനാണ് സിനറിയസ് കഴുകൻ. ഏകദേശം മൂന്നര അടി ഉയരവും, വിടർന്ന കണ്ണുകളും, കൂർത്ത അറ്റത്തോടുകൂടിയ വളഞ്ഞ ചുണ്ടുകളും, കാൽവിരലുകളിൽ കൂർത്ത നഖങ്ങളും, പൂർണ്ണമായും ചിറകുകൾ വിടർത്തുമ്പോൾ ആറടി വലിപ്പവും, 14 കിലോ വരെ ഭാരവുമുണ്ട് ഈ ഭീമാകാരമായ കഴുകന്മാർക്ക്. ആകാശത്തിലൂടെ ഇരയെ വേട്ടയാടാനും മീൻ പിടിക്കാനും അവരുടെ തീക്ഷ്ണമായ കാഴ്ച പ്രയോജനപ്പെടുത്തുന്നു. രാജസ്ഥാൻ സംസ്ഥാനത്താണ് ഇത് ഏറ്റവും കൂടുതലായി കാണപ്പെടുന്നതെന്നാണ് റിപ്പോർട്ട്. പ്രത്യക്ഷത്തിൽ, ഈ കഴുകന് 32 മുതൽ 35 വർഷം വരെ ആയുസ്സ് ഉണ്ടെന്ന് ഉദ്യോഗസ്ഥർ പറയുന്നു.