
നീറ്റ് പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയിൽ വിദ്യാർത്ഥികൾക്ക് നീതി ആവശ്യപ്പെട്ട് ഇന്ത്യയിലെ ജൻസി പ്രസ്ഥാനമായ 'കോക്രോച്ച് ജനത പാർട്ടി' (CJP) ദില്ലിയിൽ നയിച്ച വിദ്യാർത്ഥി പ്രതിഷേധം കേന്ദ്ര വിദ്യാഭ്യാസ മന്ത്രിയുടെ രാജി നേടിയെടുത്തതോടെ അന്താരാഷ്ട്രാതലത്തിൽ തന്നെ ശ്രദ്ധ നേടി. പിന്നാലെ പാകിസ്ഥാനിലെ ജൻസി തലമുറയുടെ പുതിയ രാഷ്ട്രീയ-സാമൂഹിക കൂട്ടായ്മ രംഗത്തെത്തിയെന്ന് മണി കണ്ട്രോൾ ഡോട്ട് കോം റിപ്പോർട്ട് ചെയ്യുന്നു. 'കോക്രോച്ച് പാർട്ടി പാകിസ്ഥാൻ' (CPP) എന്ന പേരിൽ ഇതിനകം സാമൂഹിക മാധ്യമങ്ങളിലൂടെ സജീവമായ പ്രസ്ഥാനം രാജ്യത്തെ അഴിമതി, തൊഴിലില്ലായ്മ, ഭരണപരമായ വീഴ്ചകൾ, സാമ്പത്തിക പ്രതിസന്ധി എന്നിവയ്‌ക്കെതിരെ ശബ്ദമുയർത്തി സമൂഹ മാധ്യമങ്ങളിൽ സജീവമാവുകയാണെന്ന് റിപ്പോർട്ടുകൾ പറയുന്നു.
അടിസ്ഥാനപരമായ ഭരണപരിഷ്‌കാരങ്ങൾ നടപ്പാക്കിയില്ലെങ്കിൽ യുവാക്കളുടെ അസംതൃപ്തി വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കാമെന്ന പാകിസ്ഥാൻ ആഭ്യന്തരമന്ത്രി മൊഹ്‌സിൻ നഖ്‌വിയുടെ മുന്നറിയിപ്പിന് ഇടെയാണ് ഇത്തരമൊരു കൂട്ടായ്മ പാകിസ്ഥാനിൽ സജീവമായതെന്നതും ശ്രദ്ധേയം. ഇന്ത്യയിലെ സിജെപിയുമായി ഔദ്യോഗിക ബന്ധമുണ്ടെന്ന് സംഘടന അവകാശപ്പെടുന്നില്ലെങ്കിലും, സിപിപി തങ്ങളുടെ സമൂഹ മാധ്യമങ്ങളിൽ സമാനമായ ബ്രാൻഡിംഗും ജനകീയ സമീപനവുമാണ് സ്വീകരിച്ചിരിക്കുന്നത്.
രാജ്യത്ത് സാമ്പത്തിക - രാഷ്ട്രീയ സ്ഥിരത ഉറപ്പാക്കുക, തൊഴിലവസരങ്ങൾ വർധിപ്പിക്കുക, വിദ്യാഭ്യാസ മേഖലയെ ശക്തിപ്പെടുത്തുക, ഊർജപ്രതിസന്ധിക്കും ജലക്ഷാമത്തിനും പരിഹാരം കാണുക, സുതാര്യമായ ഭരണസംവിധാനം ഉറപ്പാക്കുക എന്നിവയാണ് സംഘടന മുന്നോട്ടുവയ്ക്കുന്ന പ്രധാന ലക്ഷ്യങ്ങൾ. ഇൻസ്റ്റഗ്രാമിലെ ഔദ്യോഗിക അക്കൗണ്ടിലൂടെ 'പാകിസ്ഥാൻ ജനങ്ങളുടേതാണ്, അഴിമതിക്കാരായ മാഫിയകളുടേതല്ല' എന്ന മുദ്രാവാക്യവും സംഘടന പ്രചരിപ്പിക്കുന്നുണ്ട്. അക്കൗണ്ടിന് ഇതിനകം ഒരു ലക്ഷത്തിലധികം അനുയായികളുണ്ട്.
സൽമാൻ തരാറി എന്ന ന്യൂയോർക്ക് സർവകലാശാലയിലെ വിദ്യാർത്ഥി കൂടിയായ പാകിസ്ഥാനിയ്ക്കാണ് സിപിപിയുടെ ചെയർമാനെന്നും റിപ്പോർട്ടുകൾ പറയുന്നു. സമൂഹിക മാധ്യമങ്ങളിലെ പ്രചാരണത്തിൽ മാത്രം ഒതുങ്ങാതെ പാർട്ടി പദവികളിലേക്ക് അപേക്ഷ ക്ഷണിച്ചുകൊണ്ട്, സിപിപി സംഘടനാ ശൃംഖല വിപുലീകരിക്കാനുള്ള നീക്കം ശക്തമാക്കിയെന്ന് റിപ്പോർട്ടുകൾ പറയുന്നു. ഡിജിറ്റൽ പ്രചാരണത്തിലൂടെ തങ്ങളുടെ രാഷ്ട്രീയ സാന്നിധ്യം ഉറപ്പിക്കാനുള്ള ശ്രമമാണ് 'കോക്രോച്ച് പാർട്ടി പാകിസ്ഥാൻ' നടത്തുന്നതെന്ന് വിലയിരുത്തപ്പെടുന്നു.