ഇണചേരൽ സമയത്ത് അക്രമാസക്തമായി, ആൺചീങ്കണ്ണികളെയും ജീവനക്കാരെയും ആക്രമിക്കുന്നു, ചീങ്കണ്ണിയെ ഒറ്റപ്പെടുത്തി

By Web TeamFirst Published Oct 30, 2021, 3:04 PM IST
Highlights

അമേരിക്കൻ അലിഗേറ്ററുകളുടെ താടിയെല്ല് വളരെ ശക്തിയേറിയതാണ്. അവയുടെ വായിൽ 74 മുതൽ 80 വരെ പല്ലുകളുണ്ടാകും. അവയുടെ ശക്തമായ താടിയെല്ലുകൾക്ക് ആമയുടെ പുറംതോട് പോലും നിഷ്പ്രയാസം കടിച്ച് പൊട്ടിക്കാൻ സാധിക്കും. 

ഇണചേരൽ സമയത്ത് ആക്രമണോത്സുകമായതിനെ തുടർന്ന് ഓസ്‌ട്രേലിയൻ മൃഗശാലാ പ്രവർത്തകർ കാനിയെന്ന് പേരുള്ള ചീങ്കണ്ണിയെ(alligator) ഒറ്റപ്പെടുത്തി. ഓസ്‌ട്രേലിയ(Australia)യിൽ ഏറ്റവും കൂടുതൽ അമേരിക്കൻ ചീങ്കണ്ണികളുള്ള ഒരു പാർക്കാണ് ഓസ്‌ട്രേലിയൻ റേപ്റ്റയിൽ പാർക്ക്. അവിടെയാണ് റാപ്പർ കാനി വെസ്റ്റിന്റെ പേരുള്ള ഈ ചീങ്കണ്ണിയുള്ളത്. ഇണചേരൽ കാലമായപ്പോഴേക്കും കാമാതുരനായ ഇത് മറ്റ് ആൺ ചീങ്കണികളെയും, മൃഗശാലയിലെ ജീവനക്കാരെയും ആക്രമിക്കാൻ തുടങ്ങിയപ്പോഴാണ് അതിനെ അവിടെ നിന്ന് മാറ്റിയത്. ഇതിനെ കൂടാതെ 54 ചീങ്കണ്ണികൾ കൂടി ലഗൂണിൽ ഉണ്ടായിരുന്നു.

ചൂടുള്ള കാലാവസ്ഥയിലാണ് ഇവ ഇണചേരുന്നത്. ചൂട് ആരംഭിക്കുകയും, ഇണചേരൽ കാലമാവുകയും ചെയ്തതിനെ തുടർന്ന് കാമപരവശനായ അത് ആക്രമണാസക്തനായി. സാധാരണയായി മെയ് മാസത്തിന്റെ തുടക്കത്തിലാണ് അവ ഇണചേരുന്നത്. അതിന് മുന്നോടിയായി പെൺവർ​ഗങ്ങളെ ആകർഷിക്കാനും മറ്റ് ആൺവർ​ഗങ്ങളെ അകറ്റി നിർത്താനും വേണ്ടിയാണ് ആണുങ്ങൾ ഇങ്ങനെ ശൗര്യം കാണിക്കുന്നത്. കാനിക്ക് 881 പൗണ്ട് ഭാരവും ഏകദേശം 13 അടി നീളവുമുണ്ട്. 12-ലധികം ജീവനക്കാർ അടങ്ങുന്ന ഒരു വിദഗ്ധ സംഘം തന്നെ വേണ്ടിവന്നു അതിനെ ഒടുവിൽ പിടിച്ച് കെട്ടാൻ. “അവനെ ഒരു ഒറ്റപ്പെട്ട പ്രദേശത്തേക്ക് മാറ്റിയിട്ടുണ്ട്. അവിടെ അവനെ ഒരു മാസമോ അതിൽ കൂടുതലോ തനിച്ച് പാർപ്പിക്കും,” ഓസ്‌ട്രേലിയൻ റേപ്റ്റയിൽ പാർക്ക് പറഞ്ഞു.

മൃഗശാല പറയുന്നതനുസരിച്ച്, കാനി അടുത്തിടെ ജീവനക്കാരോട് അക്രമാസക്തമായി പെരുമാറാൻ തുടങ്ങിയിരുന്നു. വളരെ ശാന്തമായ ഒരു പ്രദേശമാണ് അത്. ഈ വർഷം ആദ്യം 20 പുതിയ ആൺചീങ്കണികളെ തടാകത്തിലേക്ക് കൊണ്ടുവന്നപ്പോഴും അവൻ പ്രശ്‌നമുണ്ടാക്കി. കാനി മറ്റ് ചീങ്കണ്ണികളെ പിരിമുറുക്കത്തിലാക്കി. വളരെ ചെറുപ്പമായ അവനിൽ ലൈംഗിക ഹോർമോണായ ടെസ്റ്റോസ്റ്റിറോൺ വളരെ കൂടുതലാണെന്ന് ജീവനക്കാർ പറയുന്നു. അതുകൊണ്ട് തന്നെ അവനെ നിയന്ത്രിക്കാൻ പാടാണ്. ഒടുവിൽ വല്ലവിധേനയുമാണ് അവനെ അവിടെ നിന്ന് മാറ്റിയത്.

അമേരിക്കൻ അലിഗേറ്ററുകളുടെ താടിയെല്ല് വളരെ ശക്തിയേറിയതാണ്. അവയുടെ വായിൽ 74 മുതൽ 80 വരെ പല്ലുകളുണ്ടാകും. അവയുടെ ശക്തമായ താടിയെല്ലുകൾക്ക് ആമയുടെ പുറംതോട് പോലും നിഷ്പ്രയാസം കടിച്ച് പൊട്ടിക്കാൻ സാധിക്കും. അതിനാൽ അതിന്റെ ഒരു കടി മതി, മനുഷ്യന്റെ ആയുസ്സ് തീരാൻ. അതുകൊണ്ട് തന്നെ ടീം അതീവ ശ്രദ്ധയോടെയാണ് അതിനെ കൈകാര്യം ചെയ്തത്. ഇണചേരൽ കാലം അവസാനിക്കുകയും ഹോർമോണിന്റെ അളവ് സാധാരണ നിലയിലാകുകയും ചെയ്യുമ്പോൾ മാത്രമേ കാനിയെ തിരികെ ലഗൂണിലേക്ക് കൊണ്ടുവരികയുള്ളൂവെന്ന് മൃഗശാല ജീവനക്കാർ പറഞ്ഞു.  

തെക്കുകിഴക്കൻ യുണൈറ്റഡ് സ്റ്റേറ്റ്‌സാണ് അമേരിക്കൻ ചീങ്കണ്ണിയുടെ ജന്മദേശം. മെയ് മാസത്തിൽ ഇണചേരലിനുശേഷം, ജൂലൈ ആദ്യം  പെൺ ചീങ്കണ്ണികൾ 35 മുതൽ 50 വരെ മുട്ടകൾ ഇടുന്നു. ഇത് 65 ദിവസത്തെ ഇൻകുബേഷൻ കാലയളവിനുശേഷം വിരിയുന്നു. 

click me!