ജിപിഎസ് ചതിച്ചു: ആമസോണിന്‍റെ ഡെലിവറി വാൻ കുടുങ്ങിയത് ബ്രിട്ടനിലെ ഏറ്റവും അപകടം പിടിച്ച കടൽപ്പാതയിൽ

Published : Feb 18, 2026, 03:20 PM IST
Broomway tidal path

Synopsis

ജിപിഎസ് നാവിഗേഷനെ വിശ്വസിച്ച് ഒരു ആമസോൺ ഡെലിവറി ഡ്രൈവർ ബ്രിട്ടനിലെ ഏറ്റവും അപകടകരമായ 'ബ്രൂംവേ' എന്ന കടൽപ്പാതയിലേക്ക് വാൻ ഓടിച്ചുകയറ്റി. വേലിയേറ്റത്തിൽ വാൻ ചളിയിൽ പുതഞ്ഞെങ്കിലും ഡ്രൈവറും സഹയാത്രികനും രക്ഷപ്പെട്ടു. 

 

ജിപിഎസ് നാവിഗേഷനെ വിശ്വസിച്ച ഒരു ആമസോൺ ഡെലിവറി ഡ്രൈവർ തന്‍റെ വാൻ ഓടിച്ചു കയറ്റിയത് ബ്രിട്ടനിലെ ഏറ്റവും അപകടം പിടിച്ചതും മാരകവുമായ 'ബ്രൂംവേ' എന്ന കടൽപ്പാതയിലേക്ക്. ഫെബ്രുവരി 15 -നാണ് ലോകശ്രദ്ധ നേടിയ ഈ സംഭവം നടന്നത്.

ജിപിഎസ് കാണിച്ച വഴി

ഫെബ്രുവരി 14 ശനിയാഴ്ച വൈകുന്നേരം, ഫോൾനെസ് ദ്വീപിലേക്ക് പാർസൽ എത്തിക്കാൻ പോയതായിരുന്നു ആമസോൺ ഡ്രൈവർ. ദ്വീപിലേക്കുള്ള പ്രധാന പാലം അന്ന് അടച്ചിട്ടിരുന്നതിനാൽ, ജിപിഎസ് കാണിച്ച മറ്റൊരു വഴി ഡ്രൈവർ തെരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ആ വഴി ചെന്നെത്തിയത് 600 വർഷം പഴക്കമുള്ള, ആറ് മൈൽ നീളമുള്ള 'ബ്രൂംവേ' എന്ന ചതുപ്പുനിറഞ്ഞ കടൽപ്പാതയിലേക്കും.

അപ്രതീക്ഷിത വേലിയേറ്റം

രാത്രിയുടെ ഇരുട്ടിൽ വഴി തിരിച്ചറിയാൻ കഴിയാതിരുന്ന ഡ്രൈവർ, വാൻ മുന്നോട്ട് എടുത്തു. എന്നാൽ, അധികം വൈകാതെ വേലിയേറ്റം തുടങ്ങുകയും വാൻ ചളിയിൽ പുതയുകയും ചെയ്തു. വാനിനുള്ളിൽ ഡ്രൈവറും ഒരു യാത്രക്കാരനുമാണ് ഉണ്ടായിരുന്നത്. രക്ഷപ്പെടാൻ മറ്റ് മാർഗ്ഗമില്ലെന്ന് കണ്ടതോടെ ഇരുവരും വാൻ അവിടെ ഉപേക്ഷിച്ച് സുരക്ഷിതമായി കരയിലേക്ക് നടന്നു കയറി.

ഏറ്റവും മാരകമായ നടപ്പാത

പ്രാദേശികമായി "ബ്രിട്ടനിലെ ഏറ്റവും മാരകമായ നടപ്പാത" എന്നാണ് ബ്രൂംവേ അറിയപ്പെടുന്നത്. നൂറ്റാണ്ടുകളായി ഈ പാത മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ ഏകദേശം 100 പേരെങ്കിലും ഇവിടെ മുങ്ങിമരിച്ചിട്ടുണ്ട്. അതിവേഗം ഉയരുന്ന വേലിയേറ്റം, താഴ്ന്നുപോകുന്ന ചളിമണൽ, പെട്ടെന്നുണ്ടാകുന്ന മൂടൽമഞ്ഞ് എന്നിവയാണ് ഇവിടുത്തെ പ്രധാന വില്ലന്മാർ. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന്‍റെ ആയുധ പരീക്ഷണ കേന്ദ്രമാണ് ഈ പ്രദേശം. അതിനാൽ ഇവിടേക്കുള്ള പ്രവേശനം കർശനമായി നിയന്ത്രിക്കപ്പെട്ടിരിക്കുന്നു.

രക്ഷാപ്രവർത്തനം

ഞായറാഴ്ച രാവിലെ വിവരമറിഞ്ഞെത്തിയ എച്ച്എം കോസ്റ്റ്ഗാർഡ് സൗത്തേൻഡ് ഉദ്യോഗസ്ഥർ ഡ്രൈവറുടെയും യാത്രക്കാരന്‍റെയും സുരക്ഷ ഉറപ്പാക്കി. തുടർന്ന് ആമസോൺ അധികൃതർ ഒരു പ്രാദേശിക കർഷകന്‍റെ സഹായത്തോടെ ക്രെയിൻ ഉപയോഗിച്ച് വാൻ ചെളിയിൽ നിന്ന് പുറത്തെടുത്തു. സമുദ്രജലം കയറിയതിനാൽ വാൻ പൂർണ്ണമായും ഉപയോഗശൂന്യമായിരുന്നു.

സാങ്കേതിക വിദ്യയിലുള്ള അമിത വിശ്വാസം എങ്ങനെ വിനയാകും എന്നതിന്‍റെ ഉദാഹരണമായി ഈ സംഭവം സമൂഹ മാധ്യമങ്ങളിൽ വൈറലായി. മുന്നിൽ കടൽവെള്ളം കണ്ടിട്ടും ഡ്രൈവർ എന്തുകൊണ്ട് വണ്ടി നിർത്തിയില്ലെന്ന ചോദ്യം പലരും ഉയർത്തി. ജോലിയിൽ പ്രവേശിച്ച് മൂന്ന് ദിവസം മാത്രമായൊരു യുവതിയായിരുന്നു ഡ്രൈവർ എന്നും, സംശയം തോന്നി സൂപ്പർവൈസറെ വിളിച്ചപ്പോൾ "ജിപിഎസ് പറയുന്ന വഴി തന്നെ പോകൂ" എന്ന് അവർ നിർദ്ദേശിച്ചതായും റിപ്പോർട്ടുകളുണ്ട്.

 

PREV
Read more Articles on
click me!

Recommended Stories

മദ്യം ഒർഡർ ചെയ്യും മുമ്പ് നാഡി പരിശോധിക്കാൻ ഡോക്ടർ; ചങ്കിലെ ചൈനയിലെ 'ഹെൽത്ത് ബാറുകൾ'
വലിയ സ്ക്രീനുകൾ വീണ്ടും സ്വപ്നം കണ്ടുതുടങ്ങുമ്പോൾ; തിയേറ്ററുകളെ പ്രണയിച്ച് ജെൻ സി