
അമ്പത്തിയഞ്ച് കുട്ടികളുടെ പിതാവ്. ഈ ലക്ഷ്യത്തിലേക്ക് അടുക്കുകയാണ് കൈൽ ഗോർഡി. ചുമ്മാ കുട്ടികളെ ഉണ്ടാക്കുന്ന ആൾ ആണ് ഇയാളെന്ന് കരുതേണ്ട. അമേരിക്കയിലെ പ്രശസ്തനായ ഒരു ബീജദാതാവാണ് ഇദ്ദേഹം.
കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസ് സ്വദേശിയാണ് 30 കാരനായ കൈൽ ഗോർഡി. ഇപ്പോൾ തന്നെ 45 കുട്ടികൾക്ക് വേണ്ടി ഇയാൾ ബീജം നൽകിയിട്ടുണ്ട്. അതിന് പുറമെ, നിലവിൽ ഒമ്പത് പേർ കൂടി ഗർഭിണികളാണ് എന്നദ്ദേഹം പറയുന്നു. അതിൽ മൂന്ന് പേർ യുകെയിലുള്ളവരാണ്. കേംബ്രിഡ്ജിൽ നിന്നുള്ള ഒരു ലെസ്ബിയൻ സ്ത്രീയും ഗർഭിണികളിൽ ഉൾപ്പെടുന്നു. ഗർഭം ധരിക്കാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ബീജം ദാനം ചെയ്യാൻ യൂറോപ്പിലുടനീളം അദ്ദേഹം ഒരു ടൂർ നടത്തുകയുമുണ്ടായി.
എന്നാൽ ഇത് അദ്ദേഹത്തിന്റെ ആദ്യത്തെ ബീജദാന ടൂറല്ല. മുൻപ് 2021 ഓഗസ്റ്റിലും അദ്ദേഹം ബീജം ദാനം ചെയ്യാൻ യുകെയിലും യൂറോപ്പിലും യാത്ര ചെയ്തിരുന്നു. അവിടെയുള്ള സമയം താൻ ശരിക്കും ആസ്വദിക്കുകയിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ആ യാത്രയിൽ കേംബ്രിഡ്ജിൽ വച്ച് അദ്ദേഹം കണ്ടുമുട്ടിയ ദമ്പതികളാണ് 26 കാരി കാതറിനും, 25 കാരി ആലീസും. അവർക്ക് ഒരു കുട്ടി വേണമെന്ന് പറഞ്ഞപ്പോൾ, കൈൽ രണ്ടാമതൊന്ന് ആലോചിച്ചില്ല. ഇപ്പോൾ കാതറിൻ ഗർഭിണിയാണ്. തങ്ങളുടെ സ്വപ്‌നങ്ങൾ സാക്ഷാത്കരിക്കാൻ അദ്ദേഹം നൽകിയ സഹായത്തിന് നന്ദിയുണ്ടെന്ന് അവർ പറയുന്നു.
2014 ലാണ് അദ്ദേഹം ആദ്യമായി ബീജം ദാനം ചെയ്യുന്നത്. അതൊരു ലെസ്ബിയൻ ജോഡിയ്ക്ക് വേണ്ടിയായിരുന്നു. ദമ്പതികൾ ഗർഭിണിയായതിന് ശേഷം, ഈ വാർത്ത വളരെ വേഗം എല്ലായിടവും പ്രചരിച്ചു. തുടർന്ന്, ബീജം ആവശ്യപ്പെട്ട് കൂടുതൽ ആളുകൾ വരാൻ തുടങ്ങി. താമസിയാതെ അദ്ദേഹം തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടായ @KyleGordy123-ൽ തന്റെ സേവനങ്ങൾ പങ്കിട്ടു. 'എനിക്ക് കുട്ടികളുണ്ടാകാൻ എപ്പോഴും ആഗ്രഹമുണ്ടായിരുന്നു. എന്നാൽ എന്റെ ബന്ധങ്ങൾ പലതും പരാജയമായിരുന്നു," അദ്ദേഹം പറയുന്നു.
കൃത്രിമ ബീജസങ്കലനത്തിലൂടെയോ ലൈംഗിക ബന്ധത്തിലൂടെയോ തന്റെ ബീജം അദ്ദേഹം സംഭാവന ചെയ്യുന്നു. 'ചില സ്ത്രീകൾ ലൈംഗിക ബന്ധത്തിലൂടെ തന്നെ ബീജം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നു. അവർക്ക് പഴയ രീതിയാണ് ഇഷ്ടം. കാരണം അവർ സമയം പാഴാക്കാൻ ആഗ്രഹിക്കുന്നില്ല. അത് കൂടുതൽ ഫലപ്രദമാകുമെന്ന് അവർക്ക് തോന്നുന്നു. നമുക്ക് ലൈംഗിക ബന്ധത്തിൽ ഏർപ്പെടാമോ എന്ന് അവർ ചോദിക്കും, തയ്യാറാണെന്ന് ഞാൻ അവരോട് പറയും," അദ്ദേഹം പറഞ്ഞു. തന്റെ ബീജത്തെ ആരോഗ്യകരമായി നിലനിർത്താൻ, ഹെൽത്തിയായ, ഓർഗാനിക് ഭക്ഷണങ്ങൾ മാത്രമാണ് താൻ കഴിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
കൈൽ തന്റെ കുട്ടികളിൽ ഒമ്പത് പേരെ മാത്രമേ നേരിട്ട് കണ്ടിട്ടുള്ളുവെങ്കിലും, എല്ലാ കുട്ടികളെയും കുറിച്ചുള്ള അപ്‌ഡേറ്റുകൾ അദ്ദേഹത്തിന് ലഭിക്കുന്നുണ്ട്. ഇതിനായി അമ്മമാരുടെ ഒരു ചാറ്റ് ഗ്രൂപ്പും ഉണ്ട്. അതിൽ തന്റെ കുട്ടികളുടെ അമ്മമാരുമായി കൈൽ സംസാരിക്കുകയും, കുട്ടികളുടെ ഫോട്ടോകൾ കൈമാറുകയും ചെയ്യുന്നു.
അദ്ദേഹം തന്റെ ബീജം തികച്ചും ഫ്രീയായിട്ടാണ് ദാനം ചെയ്യുന്നത്. കുട്ടികളുണ്ടാകാൻ സ്ത്രീകളെ സഹായിക്കുന്നതിലാണ് തന്റെ സന്തോഷമെന്ന് അദ്ദേഹം പറയുന്നു. തന്റെ ബീജം നല്ല കണ്ടിഷനിലായിരിക്കാൻ അദ്ദേഹം ഓർഗാനിക് ഭക്ഷണം മാത്രമല്ല, ഒരു ദിവസം 18 വ്യത്യസ്ത ഔഷധങ്ങളും സപ്ലിമെന്റുകളും കഴിക്കുന്നു. അതുപോലെ, താൻ ഒരിക്കലും കഫീൻ അടങ്ങിയ ഭക്ഷണം കഴിക്കുകയോ, മദ്യം കഴിക്കുകയോ, മയക്കുമരുന്ന് ഉപയോഗിക്കുകയോ, സിഗരറ്റ് വലിക്കുകയോ ചെയ്യാറില്ലെന്നും അദ്ദേഹം അവകാശപ്പെടുന്നു.