
ഓൺലൈനിലൂടെ പരിചയപ്പെട്ട 19 -കാരനെ വിവാഹം ചെയ്യാനായി പാകിസ്ഥാനിൽ എത്തിയ യുവതി മാസങ്ങൾക്ക് ശേഷം സ്വന്തം നാടായ അമേരിക്കയിലേക്ക്. വലിയ കോലാഹലവും വാർത്തയും സൃഷ്ടിച്ചതിന് പിന്നാലെയാണ് യുവതി ഇപ്പോൾ തിരികെ പോകുന്നത്.
33 -കാരിയായ ഒനിജ ആൻഡ്രൂ റോബിൻസൺ 2024 ഒക്ടോബറിലാണ് നിദാൽ അഹമ്മദ് മേമൻ എന്ന 19 -കാരനെ വിവാഹം ചെയ്യാനെന്ന് പറഞ്ഞ് കറാച്ചിയിലെത്തിയത്. ഇരുവരും ഓൺലൈനിലാണ് പരിചയപ്പെട്ടത്. എന്നാൽ, തന്റെ കുടുംബം ഒരിക്കലും ഈ ബന്ധം അംഗീകരിക്കില്ല എന്ന് പറഞ്ഞ് നിദാൽ കയ്യൊഴിഞ്ഞു എന്നാണ് ഒനിജ പറയുന്നത്. അതോടെ അവൾ അവിടെ കുടുങ്ങി. അതിനിടയിൽ അവളുടെ ടൂറിസ്റ്റ് വിസയും കാലഹരണപ്പെട്ടു.
അതോടെ ഒനിജ കറാച്ചിയിൽ ലക്ഷ്യങ്ങളൊന്നും ഇല്ലാതെ അലഞ്ഞുതിരിയാൻ തുടങ്ങി. മാത്രമല്ല, നിദാലിന്റെ വീടിന് മുമ്പിൽ ഇരിക്കാനും തുടങ്ങി. എന്നാൽ, അവന്റെ കുടുംബം ഒന്നാകെ അവിടെ നിന്നും വീടും പൂട്ടി പോയി. ഒനിജ ഈ സംഭവത്തെ കുറിച്ച് സോഷ്യൽ മീഡിയയിലൂടെ പറയാൻ തുടങ്ങിയപ്പോഴാണ് സംഭവം ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. മാത്രമല്ല, അവൾ പത്രസമ്മേളനവും വിളിച്ചു തുടങ്ങി. പാകിസ്ഥാൻ സർക്കാർ തനിക്ക് കാശ് തരണം എന്നായിരുന്നു അവളുടെ ഡിമാൻഡ്.
ചിപ്പ വെൽഫെയർ ഓർഗനൈസേഷൻ ഓഫീസിൽ നടത്തിയ പത്രസമ്മേളനത്തിൽ ഒനിജ പറഞ്ഞത്, എനിക്ക് പണം വേണം. സർക്കാർ എനിക്ക് 100,000 ഡോളർ നൽകണം എന്നാണ്. അതിൽ 20,000 ഡോളർ ഈ ആഴ്ച തന്നെ കിട്ടണം, കാശായി തന്നെ കിട്ടണം എന്നും അവൾ പറഞ്ഞു. അതേസയമം, അവളെ നാട്ടിലേക്ക് തിരികെ അയക്കാൻ സഹായം വാഗ്ദ്ധാനം ചെയ്ത് എൻജിഒകൾ രംഗത്തെത്തിയെങ്കിലും അവൾ പോകാൻ തയ്യാറായില്ല. നിദാലിനെ ഓൺലൈനിൽ വിവാഹം കഴിച്ചു എന്നാണ് അവൾ പറഞ്ഞത്.
താൻ നിദാലിനെ വിവാഹം ചെയ്തു. ദുബായിലേക്ക് പോകാൻ ആലോചിക്കുകയാണ് എന്നും അവൾ പറഞ്ഞു. എന്നാൽ, ഒനിജയ്ക്ക് മാനസികമായി ചില പ്രശ്നങ്ങളുണ്ട് എന്നാണ് അവരുടെ മകൻ പറയുന്നത്. എന്തായാലും, ഇപ്പോൾ ഒനിജ നാട്ടിലേക്ക് തിരിച്ചിട്ടുണ്ട് എന്നാണ് വിവിധ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
വിവാഹച്ചടങ്ങിന് പിന്നാലെ വധുവിനെ തല്ലി പൊലീസുകാരനായ വരന്‍, പിന്നാലെ സസ്പെൻഷൻ, വൈറലായി വീഡിയോ