
പ്രണയത്തിന് കണ്ണില്ലെന്ന് പറയുന്നത് പണ്ടായിരുന്നു. ഇന്ന് പ്രണയത്തിന് 'ചുറ്റും' കണ്ണുകളുണ്ട്, അത് ഒരു മനുഷ്യൻ്റേതല്ല, മറിച്ച് നിർമ്മിതബുദ്ധിയുടേതാണ്. അമേരിക്കയിലെ ആളുകൾക്കിടയിൽ എ.ഐ. ചാറ്റ്‌ബോട്ടുകളോടുള്ള വൈകാരിക അടുപ്പം വർധിക്കുന്നുവെന്നും, പലരും ഈ സഹായികളുമായി പ്രണയബന്ധത്തിൽ ഏർപ്പെടുന്നുവെന്നും റിപ്പോർട്ട്. മനുഷ്യൻ്റെ ഏകാന്തതയ്ക്ക് മരുന്നായി എ.ഐ. മാറുന്ന ഈ പ്രതിഭാസം ആധുനിക പ്രണയത്തിൻ്റെ സമവാക്യങ്ങൾ മാറ്റിമറിക്കുകയാണ്. മസ്സാചുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (MIT) നടത്തിയ ഒരു പഠനമാണ് ഈ പുതിയ 'ഡിജിറ്റൽ പ്രണയകഥ'യുടെ ചിത്രം ലോകത്തിന് മുന്നിൽ തുറന്നുകാട്ടിയത്. മനുഷ്യർക്ക് എ.ഐ. ചാറ്റ്‌ബോട്ടുകളോട് പ്രത്യേകിച്ച് കംപാനിയൻ ആപ്പുകളോട് അടുപ്പം കൂടുന്നതിൻ്റെ കാരണങ്ങൾ ഈ പഠനം ആഴത്തിൽ പരിശോധിക്കുന്നുണ്ട്.
മനുഷ്യബന്ധങ്ങളിലെ 'സങ്കീർണ്ണതകൾ' ഒഴിവാക്കാനാണ് പുതിയ തലമുറ എ.ഐ.യിലേക്ക് തിരിയുന്നത് എന്നാണ് പ്രധാന കണ്ടെത്തൽ. ഈ 'എ.ഐ. റൊമാൻസി'ന് പിന്നിലെ പ്രധാന പ്രേരകശക്തികൾ ഇവയാണ്:
ഒരു മനുഷ്യനുമായി ബന്ധം സ്ഥാപിക്കുമ്പോൾ ഉണ്ടാകുന്ന സമ്മർദ്ദം, തെറ്റിദ്ധാരണകൾ, അല്ലെങ്കിൽ ഈ ബന്ധം തകർന്നുപോയേക്കാം എന്ന ഭയം എന്നിവയൊന്നും എ.ഐ. ബന്ധത്തിൽ ഇല്ല. എ.ഐ.യെ എപ്പോൾ വേണമെങ്കിലും 'ഓഫ്' ചെയ്യാം, അല്ലെങ്കിൽ സംസാരിക്കുന്നത് നിർത്തുകയും ചെയ്യാം.