Castello Cube : രാവിലെയായപ്പോള്‍ പാര്‍ക്കിലൊരു സ്വര്‍ണ്ണ ക്യൂബ്, ഭാരം 186 കിലോ, വില 87 കോടി!

Web Desk   | Asianet News
Published : Feb 04, 2022, 03:25 PM IST
Castello Cube : രാവിലെയായപ്പോള്‍ പാര്‍ക്കിലൊരു സ്വര്‍ണ്ണ ക്യൂബ്,  ഭാരം 186 കിലോ, വില  87 കോടി!

Synopsis

11.7 മില്യണ്‍ ഡോളറാണ് സ്വര്‍ണ്ണ ക്യൂബിന്റെ ഏകദേശ മൂല്യം, അതായത് 87 കോടി രൂപ. ഈ സ്വര്‍ണ്ണ ക്യൂബിന്റെ സുരക്ഷയ്ക്കായി ഒരു സുരക്ഷാ സംഘത്തെയും പാര്‍ക്കില്‍ വിന്യസിച്ചിരുന്നു. 

പതിവ് പോലെ നടക്കാന്‍ ഇറങ്ങുമ്പോള്‍ അപ്രതീക്ഷിതമായി വഴിയരികില്‍ ഒരു വലിയ സ്വര്‍ണ്ണ സ്തൂപം കണ്ടെത്തിയാല്‍ എന്തായിരിക്കും പ്രതികരണം? കഴിഞ്ഞ ദിവസം അമേരിക്കയിലെ ന്യൂയോര്‍ക്ക് സെന്‍ട്രല്‍ പാര്‍ക്കില്‍ എത്തിയവരുടെ അവസ്ഥയും ഇതുതന്നെയായിരുന്നു.  വഴിയരികില്‍ നിഗൂഢമായി സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണ്ണ ക്യൂബ് കണ്ട് അവിടെയുണ്ടായിരുന്നവര്‍ ഞെട്ടിപ്പോയി. 

11.7 മില്യണ്‍ ഡോളറാണ് സ്വര്‍ണ്ണ ക്യൂബിന്റെ ഏകദേശ മൂല്യം, അതായത് 87 കോടി രൂപ. ഈ സ്വര്‍ണ്ണ ക്യൂബിന്റെ സുരക്ഷയ്ക്കായി ഒരു സുരക്ഷാ സംഘത്തെയും പാര്‍ക്കില്‍ വിന്യസിച്ചിരുന്നു. 

എന്നാല്‍ പെട്ടെന്ന് പാര്‍ക്കില്‍ ഇത്രയും വിലപിടിപ്പുള്ള സാധനം എവിടെ നിന്ന് വന്നുവെന്നത് അവിടെയെത്തിയരെ കുഴപ്പിച്ചു. ഇതെന്ത് പ്രതിഭാസമെന്ന് മാനസിലാക്കാനാകാതെ അവര്‍ തലപുകച്ചു.

പിന്നെയാണ് കഥ മനസ്സിലായത്. ഇത് യാഥാര്‍ത്ഥത്തിലൊരു കലാസൃഷ്ടിയാണ്. 43 കാരനായ ജര്‍മ്മന്‍ കലാകാരന്‍ നിക്ലാസ് കാസ്റ്റെല്ലോയാണ് ഈ സ്വര്‍ണ്ണ ക്യൂബ് നിര്‍മ്മിച്ചത്. അതിന്റെ പേര് 'കാസ്റ്റെല്ലോ ക്യൂബ്'. 24 കാരറ്റ് സ്വര്‍ണ്ണം കൊണ്ട് നിര്‍മ്മിച്ച ഈ ക്യൂബിന്റെ ഭാരം 186 കിലോഗ്രാമാണെന്ന് പറയപ്പെടുന്നു. 

 

നിക്ലാസ് കാസ്റ്റെല്ലോ ഭാര്യയ്‌ക്കൊപ്പം
 

 എന്നാല്‍ എന്തിനാണ് ഇത്രയും മൂല്യമുള്ള ഈ ശില്പം മാന്‍ഹട്ടനിലെ ഏറ്റവും വലിയ പാര്‍ക്കില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നത് എന്നൊരു സംശയം ആര്‍ക്കും തോന്നാം. ഈ ശില്പത്തിനൊപ്പം ഒരു ക്രിപ്റ്റോകറന്‍സിയും ലോഞ്ച് ചെയ്യുന്നുണ്ട്. $CAST എന്ന പേരില്‍ ട്രേഡ് ചെയ്യപ്പെടുന്ന കാസ്റ്റെല്ലോ കോയിന്‍, ഓരോന്നിനും 33 രൂപ എന്ന പ്രാരംഭ വിലയ്ക്ക് ഓണ്‍ലൈനില്‍ ലഭ്യമാണ്. ഒപ്പം NFT ലേലവും ഫെബ്രുവരി 21-ന് നിശ്ചയിച്ചിട്ടുണ്ട്. ഇതിന്റെ പരസ്യത്തിനായിട്ടാണ് ഇത്തരമൊരു ശില്‍പത്തിന് രൂപം നല്‍കിയിട്ടുള്ളത്.  

വിപണിയില്‍ ഇതിന് 87 കോടിയിലധികം രൂപ വില വരും. കൈ കൊണ്ട് നിര്‍മ്മിച്ച പ്രത്യേക തരം ചൂളയിലാണ് ഇത് ഉണ്ടാക്കിയിരിക്കുന്നത്. 1100 ഡിഗ്രി സെല്‍ഷ്യസില്‍ ചൂള ചൂടാക്കിയാണ് ഇത്രയും വലിയ അളവിലുള്ള സ്വര്‍ണം ഉരുകിയത്. ഇത് സൃഷ്ടിക്കാന്‍ 4,500 മണിക്കൂറിലധികം എടുത്തു. ഒന്നരയടിയില്‍ കൂടുതല്‍ വലിപ്പവും ഏകദേശം കാല്‍ ഇഞ്ച് കനവുമുള്ള ഇതിനകം പൊള്ളയാണ്. സ്വിറ്റ്സര്‍ലന്‍ഡിലെ ആറൗവിലെ ഒരു ഫാക്ടറിയിലാണ് ക്യൂബ് നിര്‍മ്മിച്ചതെന്ന് നിക്ലാസ് പറഞ്ഞു.

നിക്ലാസിന്റെ ഭാര്യ സില്‍വി മെയ്സ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടില്‍ ക്യൂബിന്റെ ചിത്രങ്ങള്‍ പങ്കുവെച്ചിട്ടുണ്ട്. ഇത്രയും വലിയ അളവില്‍ സ്വര്‍ണ്ണം ഉരുക്കി ഒരു കലാസൃഷ്ടിയും നിര്‍മ്മിച്ചിട്ടില്ലെന്ന് അവര്‍ അവകാശപ്പെട്ടു. വാള്‍സ്ട്രീറ്റിലെ സിപ്രിയാനി ഹോട്ടലില്‍ നടന്ന ഒരു സ്വകാര്യ അത്താഴ വിരുന്നിലാണ് ക്യൂബ് അനാച്ഛാദനം ചെയ്തത്. പരിപാടിയില്‍ നിരവധി സെലിബ്രിറ്റികള്‍ പങ്കെടുത്തു. 

പാര്‍ക്കില്‍ എത്തിയ നിരവധി പേര്‍ നിക്ലാസിന്റെ കലാസൃഷ്ടിയെ പ്രശംസിച്ചു. മറ്റുചിലര്‍ ഇത് സാധാരണമാണെന്ന് പറഞ്ഞു. 

PREV
click me!

Recommended Stories

വരൻ സ്ത്രീധനം ചോദിച്ചെന്ന് വധു, താൻ തടിച്ചിരിക്കുന്നതിന്റെ പേരിൽ വിവാഹം വേണ്ടെന്ന് വച്ചതാണെന്ന് വരൻ
ആർത്തവമായിരുന്നു, കടുത്ത വയറുവേദനയും, പറഞ്ഞപ്പോൾ എൻജിഒ ഡയറക്ടറുടെ മറുപടി ഇങ്ങനെ; ചർച്ചയായി പോസ്റ്റ്