
39 വര്‍ഷം അധ്യാപക ജോലി ചെയ്ത വകയില്‍ കിട്ടിയ സര്‍വ ആനുകൂല്യങ്ങളും പഠിപ്പിച്ച സ്‌കൂളിനു നല്‍കി അധ്യാപകന്‍.
വിരമിക്കുന്ന ദിവസമാണ് പ്രൊവിഡന്റ് ഫണ്ടില്‍ നിന്നുള്ള മുഴുവന്‍ തുകയും ഗ്രാറ്റുവിറ്റിയും പാവപ്പെട്ട വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി സംഭാവന ചെയ്തത്.
മധ്യപ്രദേശിലെ പന്ന ജില്ലയിലെ ഖണ്ഡിയ ഗ്രാമത്തിലെ പ്രൈമറി സ്‌കൂളിലെ അധ്യാപകന്‍ വിജയ് കുമാര്‍ ചന്‍സോരിയയാണ് സമാനതകളില്ലാത്ത ഈ മാതൃക കാണിച്ചത്. 40 ലക്ഷം രൂപയാണ് അദ്ദേഹം സ്‌കൂളിന് സംഭാവന ചെയ്തത്.
ജനുവരി 31 ന് സഹപ്രവര്‍ത്തകര്‍ അദ്ദേഹത്തിനെ ആദരിക്കാന്‍ സംഘടിപ്പിച്ച പരിപാടിയിലാണ് വിജയ് കുമാര്‍ ഈ പ്രഖ്യാപനം നടത്തിയത്. 'എന്റെ ഭാര്യയുടെയും കുട്ടികളുടെയും സമ്മതത്തോടെ, എന്റെ മുഴുവന്‍ പ്രൊവിഡന്റ് ഫണ്ടും ഗ്രാറ്റുവിറ്റി തുകയും ദരിദ്രരും നിരാലംബരുമായ വിദ്യാര്‍ത്ഥികള്‍ക്കുള്ള പഠനത്തിനായി സ്‌കൂളിലേക്ക് സംഭാവന ചെയ്യുന്നു. ഈ ലോകത്തിന്റെ കഷ്ടപ്പാടുകളെല്ലാം കുറയ്ക്കാന്‍ ആര്‍ക്കും കഴിയില്ല, പക്ഷേ നമുക്ക് കഴിയുന്ന നന്മകള്‍ നമ്മള്‍ ചെയ്യണം'-വിരമിച്ച അധ്യാപകന്‍ പരിപാടിയില്‍ പറഞ്ഞു.
പഠിക്കുന്ന സമയത്ത് താന്‍ ഒരുപാട് കഷ്ടപ്പെട്ടിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. റിക്ഷ ഓടിച്ചും, പാല്‍ വില്‍പ്പന നടത്തിയുമൊക്കെയാണ് അദ്ദേഹം പഠനത്തിനായുള്ള തുക കണ്ടെത്തിയിരുന്നത്. പിന്നീട് 1983 -ല്‍ അദ്ദേഹം അദ്ധ്യാപകനായി. രണ്ട് ആണ്മക്കളും, ഒരു മകളുമാണുള്ളത്. ആണ്‍മക്കള്‍ പഠനം പൂര്‍ത്തിയാക്കി ഇപ്പോള്‍ ജോലികളില്‍ പ്രവേശിച്ചു. മകള്‍ വിവാഹിതയാണ്.
അധ്യയനസമയത്ത് അദ്ദേഹം നിരവധി നിര്‍ധനരായ വിദ്യാര്‍ത്ഥികളെ കണ്ടുമുട്ടുകയുണ്ടായി. തന്നെ കൊണ്ടാവും വിധമെല്ലാം അദ്ദേഹം അവരെ സഹായിച്ചു. അവരുടെ മുഖത്തെ സന്തോഷം കാണുമ്പോള്‍ തന്റെയും ഉള്ള് നിറയുമെന്ന് അദ്ദേഹം പറഞ്ഞു. അദ്ദേഹം സഹായിച്ച കുട്ടികളില്‍ പലരും ഇന്ന് നല്ല നിലയില്‍ കഴിയുന്നു.
ഭാര്യ ഹേമലതയും അധ്യാപികയാണ്. കുടുംബം മുഴുവന്‍ അദ്ദേഹത്തിന്റെ തീരുമാനത്തെ പിന്തുണച്ചതായി ഹേമലതയും മകള്‍ മഹിമയും പറഞ്ഞു.
ഇതുപോലെ അടുത്തിടെ തമിഴ്നാട്ടില്‍ ഒരു ഇളനീര്‍ വില്‍പ്പനക്കാരി അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി തന്റെ മക്കള്‍ പഠിക്കുന്ന സര്‍ക്കാര്‍ സ്‌കൂളിന് ഒരു ലക്ഷം രൂപ സംഭാവന നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. തായമ്മാള്‍ എന്നാണ് അവരുടെ പേര്. അവരുടെ ഈ നല്ലമനസ്സിനെ പ്രധാനമന്ത്രി നരേന്ദ്ര മോദി മന്‍ കി ബാത്തിലൂടെ അഭിനന്ദിക്കുകയും ചെയ്തിരുന്നു. റോഡരികില്‍ ഇളനീര്‍ വിറ്റു ജീവിച്ചിരുന്ന അവര്‍ക്ക് സ്വന്തമായി ഒരു തുണ്ട് ഭൂമിയോ, സ്വത്തുവകകളോ ഉണ്ടായിരുന്നില്ല. ഇളനീര്‍ വിറ്റു കിട്ടുന്ന പണം മാത്രമായിരുന്നു ആകെയുള്ള വരുമാനം. എന്നിട്ടും തന്റെ മക്കള്‍ക്കൊപ്പം മറ്റ് കുട്ടികള്‍ക്കും മികച്ച വിദ്യാഭ്യസം ലഭിക്കണമെന്ന ആഗ്രഹത്താല്‍ കൈയിലുള്ള സമ്പാദ്യം അവര്‍ സ്‌കൂളിനായി ദാനം ചെയ്തു.