
ഇന്ത്യയിലെ വലിയ അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങളെ 'സ്വയംഭരണ രാജ്യങ്ങളോട്' ഉപമിച്ച് ബെംഗളൂരു സ്വദേശിനി പങ്കുവെച്ച കുറിപ്പ് സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ചയാകുന്നു. ദിപിക ജയകിഷൻ എന്ന യുവതിയാണ് തമാശ രൂപേണ എക്സ് പ്ലാറ്റ്‌ഫോമിൽ ഈ കുറിപ്പ് പങ്കുവെച്ചത്. ഇന്നത്തെ അപ്പാർട്ട്മെന്‍റുകളിൽ സ്വന്തമായി ഭരണകൂടവും പ്രതിപക്ഷവും വാട്സാപ്പ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന പാർലമെന്‍റുമൊക്കെ ഉണ്ടെന്നാണ് ദിപികയുടെ ട്രോൾ.
റസിഡന്‍റ്സ് വെൽഫെയർ അസോസിയേഷനുകൾ തങ്ങളുടെ അധികാരപരിധി ലംഘിക്കുന്നതിനെക്കുറിച്ചുള്ള ഗൗരവമേറിയ ചർച്ചകൾക്കാണ് ഈ പോസ്റ്റ് വഴിതുറന്നിരിക്കുന്നത്. പല സൊസൈറ്റികളിലും പൊതുബോധത്തേക്കാൾ പ്രാധാന്യം നൽകുന്നത് അധികാരക്കൊതിക്കാണെന്ന് ഭൂരിഭാഗം താമസക്കാരും സമ്മതിക്കുന്നു. "നിലവിലെ സാഹചര്യത്തിൽ ഇന്ത്യയിലെ അപ്പാർട്ട്മെന്‍റ് സമുച്ചയങ്ങൾ വെറുമൊരു പാർപ്പിട മേഖലയല്ല, മറിച്ച് സ്വയംഭരണ രാജ്യങ്ങളാണ്. അവർക്ക് സ്വന്തമായി ഭരണകൂടവും, പ്രതിപക്ഷ പാർട്ടികളും, ഉദ്യോഗസ്ഥവൃന്ദവും, നിയമപാലകരും ഉണ്ട്. പിന്നെ പൂർണ്ണമായും വാട്സാപ്പിൽ മാത്രം സമ്മേളിക്കുന്ന ഒരു പാർലമെന്‍റും!" ദിപിക എക്സിൽ കുറിച്ചു. "ചില എംഎൽഎമാരേക്കാൾ കൂടുതൽ ജനശ്രദ്ധ ഇത്തരം അസോസിയേഷൻ പ്രസിഡന്‍റുമാർക്കുണ്ട്. സംസ്ഥാന തെരഞ്ഞെടുപ്പിൽ വർഷങ്ങളായി വോട്ട് ചെയ്യാത്തവർ പോലും ട്രഷറർ സ്ഥാനത്തേക്ക് ആര് വരണമെന്നതിനെക്കുറിച്ച് മൂന്ന് ആഴ്ചയോളം ആവേശത്തോടെ വാദപ്രതിവാദങ്ങൾ നടത്തും. വളർത്തുനായ്ക്കൾ, പാർക്കിംഗ്, ഫയർ എക്സിറ്റുകൾ, ഗെയിൽ ഗ്യാസ് പൈപ്പ് ലൈനുകൾ, നീന്തൽക്കുളത്തിന്‍റെ സമയം തുടങ്ങി എല്ലാ വിഷയങ്ങളും ഇവിടെ വലിയൊരു ഭരണഘടനാ പ്രതിസന്ധിയായാണ് ചിത്രീകരിക്കപ്പെടുന്നത്," ദിപിക കൂട്ടിച്ചേർക്കുന്നു.
At this point, Indian apartment complexes aren't residential communities.
They're sovereign nations.
They have their own government, opposition parties, bureaucracy, law enforcement, and a Parliament that meets exclusively on WhatsApp.
There are elections. There is…— Dipika Jaikishan (@dipikajaikishan) June 17, 2026
ഇത്തരം ചർച്ചകളുടെ തീവ്രത കാണുമ്പോൾ ജനാധിപത്യത്തിന്‍റെ യഥാർത്ഥ ആത്മാവ് ഇപ്പോൾ നിലനിൽക്കുന്നത് ഈ ഗേറ്റഡ് കമ്മ്യൂണിറ്റികളിലാണെന്ന് തോന്നിപ്പോകുമെന്നും അവർ പരിഹസിക്കുന്നു. ഈ പോസ്റ്റിന് താഴെ നിരവധി ആളുകളാണ് തങ്ങളുടെ അനുഭവങ്ങൾ പങ്കുവെച്ച് കൊണ്ട് രംഗത്തെത്തിയത്. "യഥാർത്ഥ ഇന്ത്യയെ രണ്ട് സ്ഥലങ്ങളിൽ കാണാം. ഒന്ന് ആർ.ഡബ്ല്യു.എ വാട്സാപ്പ് ഗ്രൂപ്പുകളിലും, രണ്ട് വാട്സാപ്പ് സ്റ്റാറ്റസുകളിലും. ബാക്കിയുള്ളതെല്ലാം വെറും കാപട്യമാണ്," എന്ന് ഒരു ഉപയോക്താവ് കുറിച്ചു. "നമ്മുടെ മഹത്തായ പാരമ്പര്യം വിളിച്ചോതുന്ന പഞ്ചായത്തീരാജിന്‍റെ പുതിയ പതിപ്പ്," എന്നായിരുന്നു മറ്റൊരാളുടെ കമന്‍റ്. "ഇത്തരം ഭീതിജനകമായ സമുച്ചയങ്ങളിൽ നിന്നും ദൂരെ നിൽക്കാൻ ഞാൻ എല്ലാവരെയും ഉപദേശിക്കുന്നു. ഇവിടെ സ്വന്തമായി കാശ് കൊടുത്ത് വീട് വാങ്ങി എന്ന ഒറ്റക്കാരണത്താൽ മറ്റുള്ളവരുടെ മേൽ അധികാരം സ്ഥാപിക്കാനാണ് പലരും ശ്രമിക്കുന്നത്," എന്നായിരുന്നു മറ്റൊരാൾ അഭിപ്രായപ്പെട്ടത്.