അക്കൗണ്ടിൽ പണമില്ലെന്ന് മെസ്സേജ്; ക്രെഡിറ്റ് കാർഡ് പണിമുടക്കിയതോടെ ജർമ്മനിയിൽ കുടുങ്ങി ഇന്ത്യൻ സഞ്ചാരി

Published : Jun 17, 2026, 01:03 PM IST
Germany

Synopsis

ജർമ്മനിയിൽ യാത്രയ്ക്കിടെ ഏക ക്രെഡിറ്റ് കാർഡ് അപ്രതീക്ഷിതമായി ബ്ലോക്കായതിനെ തുടർന്ന് ഒരു ഇന്ത്യൻ യാത്രക്കാരൻ കുടുങ്ങിപ്പോയി. കുടിശ്ശികകളൊന്നും ഇല്ലായിരുന്നിട്ടും ബാങ്കിന്റെ ഭാഗത്തുനിന്ന് സഹായം ലഭിക്കാത്ത ഈ ദുരനുഭവം അദ്ദേഹം സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ചതോടെ വൈറലായി.

 

യാത്രകൾക്കിടയിൽ ബാങ്ക് കാർഡുകൾ അപ്രതീക്ഷിതമായി പണിമുടക്കുന്നത് പലർക്കും വലിയ പ്രതിസന്ധി സൃഷ്ടിക്കാറുണ്ട്. ഇപ്പോഴിതാ, കയ്യിലുള്ള ഏക ക്രെഡിറ്റ് കാർഡ് പെട്ടെന്ന് പ്രവർത്തനരഹിതമായി ജർമ്മനിയിൽ കുടുങ്ങിപ്പോയ ഒരു ഇന്ത്യൻ യാത്രക്കാരന്‍റെ അനുഭവം സമൂഹ മാധ്യമങ്ങളിൽ വൈറലാവുകയാണ്. 'എക്സ്' (X) പ്ലാറ്റ്‌ഫോമിൽ @IdiotsRoads എന്ന പ്രൊഫൈലിലൂടെയാണ് അദ്ദേഹം ഈ ദുരനുഭവം പങ്കുവെച്ചത്. കുടിശ്ശികകളൊന്നും ബാക്കിയില്ലായിരുന്നിട്ടും തന്‍റെ കാർഡ് പെട്ടെന്ന് ബ്ലോക്ക് ആകുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.

'അക്കൗണ്ടിൽ പണമില്ല'

യാത്രയുടെ ആദ്യ ദിവസങ്ങളിൽ കാർഡ് കൃത്യമായി പ്രവർത്തിച്ചിരുന്നു. എന്നാൽ, പിന്നീട് മുന്നറിയിപ്പുകളൊന്നുമില്ലാതെ ഇടപാടുകൾ പരാജയപ്പെടാൻ തുടങ്ങി. ബാങ്കിന്‍റെ മൊബൈൽ ആപ്പ് പരിശോധിച്ചപ്പോൾ 'Total Amount Due: 0.00', 'Payment Status: All Dues Paid' എന്നാണ് കാണിച്ചിരുന്നത്. എന്നിട്ടും കാർഡ് ഉപയോഗിച്ചുള്ള പേയ്‌മെന്‍റുകൾ നടക്കുന്നുണ്ടായിരുന്നില്ലെന്ന് ഇദ്ദേഹം പറയുന്നു. "ഇടപാട് പരാജയപ്പെടുമ്പോൾ ഫോണിൽ വരുന്ന എസ്എംഎസ് സന്ദേശത്തിൽ പറയുന്നത് അക്കൗണ്ടിൽ ആവശ്യത്തിന് പണമില്ലാത്തതിനാൽ ഇടപാട് നടത്താൻ കഴിയില്ലെന്നാണ്. ആരുടെ അക്കൗണ്ടിലാണ് പണമില്ലാത്തത്, ബാങ്കിന്‍റെയോ?" - അദ്ദേഹം തന്‍റെ പോസ്റ്റിൽ ചോദിക്കുന്നു.

'ഞാൻ പെട്ടു ഗയ്സ്...'

ബാങ്ക് ആപ്പിൽ കുടിശ്ശികകളൊന്നും കാണിക്കുന്നില്ലെന്നതിന്‍റെ സ്ക്രീൻഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. എന്നാൽ, ബാങ്കിന്‍റെ കസ്റ്റമർ കെയർ ഹെൽപ്പ് ലൈനിൽ ബന്ധപ്പെട്ടിട്ടും യാതൊരു പ്രയോജനവുമുണ്ടായില്ല. ഹെൽപ്പ് ലൈനിലേക്ക് വിളിച്ചപ്പോൾ, 'ഇതിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ല' എന്ന തികച്ചും നിരുത്തരവാദപരമായ മറുപടിയാണ് ലഭിച്ചതെന്ന് അദ്ദേഹം കുറിച്ചു. തനിക്ക് അടച്ചു തീർക്കാൻ യാതൊരു കുടിശ്ശികയുമില്ലാതിരുന്നിട്ടും കാർഡ് ഉപയോഗിക്കാൻ പറ്റുന്നില്ലെന്നും ബാങ്ക് കൈമലർത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു. തന്‍റെ റിലേഷൻഷിപ്പ് മാനേജരെ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും അതിനും സാധിച്ചില്ല. "ഇതാ, ഞാൻ ജർമ്മനിയിലാണ്. ഞാൻ പൂർണ്ണമായി വിശ്വസിച്ച് കൂടെക്കരുതിയ ഏക ക്രെഡിറ്റ് കാർഡ് ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അത്യാവശ്യ കാര്യങ്ങൾക്ക് പോലും പണം നൽകാനാവാതെ ഞാൻ ഇവിടെ കുടുങ്ങിക്കിടക്കുകയാണ്,". ബാങ്കുമായുള്ള തന്‍റെ ഇടപാടുകൾ അവസാനിപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

'യാത്ര പോകും മുമ്പ് ബാങ്കിനെ അറിയിക്കൂ'

ഈ പോസ്റ്റ് ചുരുങ്ങിയ സമയത്തിനുള്ളിൽ സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയായി മാറുകയും സമാനമായ അനുഭവങ്ങൾ നേരിട്ട നിരവധി ആളുകൾ പ്രതികരണങ്ങളുമായി രംഗത്തെത്തുകയും ചെയ്തു. "എല്ലാ കാർഡുകളും ഇതുപോലെ തന്നെയാണ്. സിംഗപ്പൂരിൽ വെച്ച് എനിക്കും സമാനമായ അനുഭവം ഉണ്ടായിട്ടുണ്ട്. വിമാനം കയറുന്നതിന് മുൻപ് ബാങ്കിൽ വിളിച്ച് നമ്മൾ വിദേശത്തേക്ക് പോവുകയാണെന്ന കാര്യം അറിയിക്കണം, എങ്കിൽ, മാത്രമേ അവർ കാർഡ് ആക്റ്റീവ് ആക്കി നിർത്തുകയുള്ളൂ. ." എന്നായിരുന്നു ഒരാൾ സ്വന്തം അനുഭവം കുറിച്ചത്. "ബാങ്കുകളുടെ സിസ്റ്റം വളരെ മോശമാണ്. ഇതൊരുപക്ഷേ വിദേശത്തെ ഇടപാടായത് കൊണ്ട് ബാങ്ക് സിസ്റ്റം തെറ്റായി 'സംശയാസ്പദമായ ഇടപാട് ആയി കണക്കാക്കി ബ്ലോക്ക് ചെയ്തതാകാം. കോട്ടക് ബാങ്ക് വ്യത്യസ്ത രാജ്യങ്ങളിൽ വെച്ച് രണ്ടുതവണ എന്‍റെ ഡെബിറ്റ് കാർഡ് ഇതുപോലെ ബ്ലോക്ക് ചെയ്തിട്ടുണ്ട്. രജിസ്റ്റർ ചെയ്ത ഫോൺ നമ്പറിലൂടെ മാത്രമേ അത്തരം സാഹചര്യങ്ങളിൽ ഹെൽപ്പ് ലൈൻ ബന്ധപ്പെടാൻ സാധിക്കൂ." എന്ന് മറ്റൊരാളും അഭിപ്രായപ്പെട്ടു.

 

PREV
Read more Articles on
click me!

Recommended Stories

പലതവണ നിരസിക്കപ്പെട്ടു, ഒടുവിൽ അപേക്ഷിക്കാതെ രണ്ട് കോടിയുടെ ഓക്സ്ഫോർഡ് സ്കോളർഷിപ്പ് നേടി ഇന്ത്യൻ വിദ്യാർത്ഥിനി!
'അച്ഛൻ മരിച്ചു, ഇന്ത്യയിലേക്ക് വന്നാൽ തിരിച്ച് വരാൻ വിസ പ്രശ്നമുണ്ടാകുമോ?' ആശങ്കയോടെ പ്രവാസിയുടെ കുറിപ്പ്