മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി കടുവാ സങ്കേതത്തിൽ, ഒരു അമ്മക്കടുവ പ്രായപൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെയും നയിച്ച് വനപാത മുറിച്ചുകടക്കുന്ന അപൂർവ ദൃശ്യം വൈറലായി. സഫാരിക്കിടെ പകർത്തിയ ഈ വീഡിയോ, അമ്മക്കടുവയുടെ കരുതലും വനമേഖലയിലെ ജൈവവൈവിധ്യത്തിൻ്റെ പ്രാധാന്യവും വ്യക്തമാക്കുന്നു.
മഹാരാഷ്ട്രയിലെ തഡോബ-അന്ധാരി കടുവാ സങ്കേതത്തിൽ നിന്നുള്ള അപൂർവ വന്യജീവി ദൃശ്യങ്ങളാണ് ഇപ്പോൾ പ്രകൃതിസ്നേഹികളുടെയും വന്യജീവി പ്രേമികളുടെയും ശ്രദ്ധ പിടിച്ചുപറ്റുന്നത്. പ്രായപൂർത്തിയാകാത്ത മൂന്ന് കുഞ്ഞുങ്ങളെ മുന്നിൽ നയിച്ചുകൊണ്ട് ഒരു കടുവപ്പെൺ ശാന്തമായി വനപാത മുറിച്ചുകടക്കുന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നത്. വന്യജീവി സഫാരിക്കിടെ പകർത്തിയ ഈ വീഡിയോ നിരവധി പേരെ അത്ഭുതപ്പെടുത്തുകയും സംരക്ഷിത വനമേഖലകളിലെ ജൈവവൈവിധ്യത്തിന്റെ പ്രാധാന്യം വീണ്ടും ഓർമ്മിപ്പിക്കുകയും ചെയ്തു. ഇന്ത്യയിലെ പ്രധാന കടുവാ ആവാസകേന്ദ്രങ്ങളിലൊന്നാണ് തഡോബ-അന്ധാരി കടുവാ സങ്കേതം. സമ്പന്നമായ വന്യജീവി വൈവിധ്യത്തിന് പേരുകേട്ട ഇവിടെ കടുവകൾ ഒരു സാധാരണക്കാഴ്ചയാണ്.
മൂന്ന് കുട്ടികളുമായി റോഡ് മുറിച്ച് കടക്കാനുള്ള പങ്കപ്പാട്
സഫാരിക്കെത്തിയ ഒരു കുടുംബമാണ് ഈ അപൂർവ നിമിഷം ക്യാമറയിൽ പകർത്തിയത്. വാഹനങ്ങൾ വനപാതയോരത്ത് നിർത്തിയിരിക്കെ ആദ്യം കടുവപ്പെൺ കുറ്റിക്കാട്ടിൽ നിന്ന് പുറത്തേക്ക് വരുന്നത് കാണാം. റോഡും ചുറ്റുപാടുകളും സൂക്ഷ്മമായി വീക്ഷിച്ച ശേഷം അപകടമൊന്നുമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം അമ്മക്കടുവ താന്‍ വന്ന വഴിയിലേക്ക് നോക്കി പ്രത്യേക ശബ്ദമുണ്ടാക്കുന്നു. പിന്നാലെ ആദ്യം ഒരു കുഞ്ഞും പിന്നെ മറ്റൊരു കുഞ്ഞും കാട്ടിൽ നിന്നും പുറത്ത് വന്ന് റോഡിൽ അമ്മയ്ക്കൊപ്പം നിൽക്കുന്നു. അല്പ നേരം കൂടി അവിടെ നിന്ന് ശബ്ദമുണ്ടാക്കിയ അമ്മക്കടുവ പിന്നെ, പതിയെ മുന്നോട്ട് നീങ്ങി റോഡ് മുറിച്ച് കടക്കുന്നു. ഈ സമയം കാട്ടിൽ നിന്നും ഒരു കുഞ്ഞുക്കടുവ കൂടി പെട്ടെന്ന് പുറത്ത് ചാടി റോഡ് മുറിച്ച് അമ്മയോടും സഹോദരങ്ങളോടുമൊപ്പം കൂടുന്നതും വീഡിയോയിൽ കാണാം.
അത്യപൂർവ്വ കാഴ്ചയും ഭാഗ്യവും
ഈ അനുഭവം തന്‍റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ഒരു കടുവാ കാഴ്ചയെന്ന് കുറിച്ച് കൊണ്ടാണ് അങ്കുഷ് ജിസിൽവാർ വീഡിയോ പങ്കുവച്ചത്. പ്രകൃതിയിൽ സ്വതന്ത്രമായി സഞ്ചരിക്കുന്ന കടുവയെയും അതിന്‍റെ കുഞ്ഞുങ്ങളെയും ഒരുമിച്ച് കാണാൻ കഴിയുന്നത് അത്യപൂർവ ഭാഗ്യമാണെന്നും അദ്ദേഹം കുറിച്ചു. ദൃശ്യങ്ങൾ പുറത്തുവന്നതോടെ നിരവധി പേരാണ് വന്യജീവി സംരക്ഷണത്തിന്‍റെ ആവശ്യകതയെക്കുറിച്ചും സഫാരിക്കിടെ സന്ദർശകർ പാലിക്കേണ്ട ഉത്തരവാദിത്തത്തെക്കുറിച്ചും അഭിപ്രായങ്ങൾ പങ്കുവെച്ചത്.


