അധ്യാപകനാകാന്‍ ആഗ്രഹിച്ചു, ജോലി കിട്ടിയത് പൊലീസില്‍, ഇന്ന് പാവപ്പെട്ട കുട്ടികള്‍ക്കായി സ്‍കൂള്‍...

By Web TeamFirst Published Dec 6, 2019, 1:21 PM IST
Highlights

കുടുംബത്തിന് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ജഖറിന് ഒരു സ്കൂൾ അദ്ധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. ഹിന്ദി സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം ബി.എഡ് എടുക്കാനായി ജഖാർ ശ്രമിച്ചു. നിർഭാഗ്യവശാൽ, അദ്ദേഹത്തിന് അവസാന പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ല. 

രാജസ്ഥാനിലെ ചുരു ഗ്രാമത്തിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിനിയായ ലക്ഷ്‍മിയും അവളുടെ പ്രായത്തിലുള്ള പല കുട്ടികളെയും പോലെ വളരുമ്പോൾ ഒരു പൊലീസുകാരിയാകുന്നത് സ്വപ്‍നം കണ്ടിരുന്നു. അവൾ അനുഭവിച്ച ക്രൂരതകൾ മറ്റുള്ളവർ അനുഭവിക്കരുത് എന്ന് ഉറപ്പാക്കാന്നായിരുന്നു അവര്‍ ആ തീരുമാനം എടുത്തത്.

ലക്ഷ്‍മിയുടെ അച്ഛൻ കിടപ്പിലാണ്. വീട്ടിലെ ഏക വരുമാന മാർഗ്ഗം അമ്മയാണ്. മാത്രമല്ല, പ്രതിമാസം 3,000 രൂപ പോലും തികച്ചു സമ്പാദിക്കാൻ അവർക്കായില്ല. മൂന്ന് വർഷം മുമ്പുവരെ, വീട്ടിലേക്ക് ഒരു അധിക വരുമാന മാർഗ്ഗത്തിനായി ലക്ഷ്‍മിക്ക് പല ജോലികളും ചെയ്യേണ്ടി വന്നിട്ടുണ്ട്. അങ്ങനെ സ്‍‍കൂൾ പഠനം പാതിവഴിയിൽ ഉപേക്ഷിക്കാൻ അവൾ നിർബന്ധിതയായി.

Latest Videos

ഒരു ദിവസം, അടുത്തുള്ള  ഒരു ധാബയിൽ പാത്രം കഴുകുമ്പോഴാണ് ലക്ഷ്‍മി പൊലീസ് കോൺസ്റ്റബിൾ ധർമ്മവീർ ജഖറിനെ കണ്ടുമുട്ടിയത്. ആ കണ്ടുമുട്ടൽ അവളുടെ ജീവിതത്തിന്‍റെ ഗതി തന്നെ മാറ്റി. കുട്ടികളെക്കൊണ്ട് നിയമവിരുദ്ധമായ പണിയെടുപ്പിക്കുന്നത് ജഖാർ റിപ്പോർട്ട് ചെയ്യുമായിരുന്നു. അതുമാത്രമല്ല കുട്ടികൾക്കായി അനവധി കാര്യങ്ങളും അയാൾ ചെയ്‍തുവന്നു.

2016 -ൽ ദരിദ്രരായ കുട്ടികൾക്കായി ജഖാർ ആരംഭിച്ച സൗജന്യ സ്‍കൂളായ 'അപ്‍നി പാഠ്‍ശാല'യിൽ താമസിയാതെ ലക്ഷ്മിയും ചേർന്നു. 1 മുതൽ 5 വരെ ക്ലാസ് വിദ്യാർത്ഥികൾക്ക്, അപ്‍നി പാഠ്‍ശാല ഒരു അനൗപചാരിക വിദ്യാലയമാണ്. കൂടാതെ ആറാം ക്ലാസ്സിന് മുകളിലുള്ള വിദ്യാർത്ഥികൾക്ക് അപ്‍നി പാഠ്‍ശാല അധിക ക്ലാസുകളും നൽകുന്നു. സേനയിലെ സഹപ്രവർത്തകരിൽനിന്ന് പിരിച്ചെടുത്ത് കുറച്ചു തുക അദ്ദേഹം ലക്ഷ്‍മിയുടെ അമ്മയ്ക്ക് നൽകി. ഇത് അവർക്ക് താൽക്കാലികമായിട്ടെങ്കിലും ആശ്വാസമായി. അദ്ദേഹം ഗ്രാമത്തിലെ ദാരിദ്രരായ അഞ്ഞൂറോളം കുട്ടികളെ നിർബന്ധിത തൊഴിൽ, ഭിക്ഷാടനം, അനധികൃത റാക്കറ്റുകളിൽ വീഴുക തുടങ്ങിയ വിപത്തുകളിൽ നിന്ന് രക്ഷിച്ചു. പിന്നീടവരെ അപ്‍നി പാഠ്‍ശാലയിൽ ചേർത്തു.

കുടുംബത്തിന് താല്പര്യം ഉണ്ടായിരുന്നില്ലെങ്കിലും ജഖറിന് ഒരു സ്കൂൾ അദ്ധ്യാപകനാകണമെന്നായിരുന്നു ആഗ്രഹം. ഹിന്ദി സാഹിത്യത്തിൽ ബിരുദം നേടിയ ശേഷം ബി.എഡ് എടുക്കാനായി ജഖാർ ശ്രമിച്ചു. നിർഭാഗ്യവശാൽ, അദ്ദേഹത്തിന് അവസാന പരീക്ഷയിൽ വിജയിക്കാൻ സാധിച്ചില്ല. കുടുംബത്തിലെ സാമ്പത്തിക ഞെരുക്കം അയാളെ ഒരു ജോലി അന്വേഷിക്കാൻ പ്രേരിപ്പിച്ചു. "അവസാനം ഞാൻ പൊലീസ് സേനയിൽ ചേർന്നു. എന്നാലും ഉള്ളിന്‍റെയുള്ളിൽ ഞാൻ ഒരു അധ്യാപകനാകാൻ ആഗ്രഹിച്ചു” അദ്ദേഹം പറഞ്ഞു.

ഒരു ചേരിയിൽ അനൗപചാരിക വിദ്യാലയം ആരംഭിക്കാൻ തീരുമാനിച്ചതും അതുകൊണ്ടാണ്. “ചേരികളിലെ കുട്ടികൾ സ്‍കൂളിൽ പോകാതെ ചുറ്റിക്കറങ്ങുന്നത് കാണുമ്പോൾ എന്നിക്കു വിഷമം തോന്നും. അവരുടെ കുടുംബങ്ങള്‍ക്ക് ചെയ്യാനുള്ളത് അന്നന്നത്തെ വിശപ്പ് മാറ്റാനുള്ളതെന്തെങ്കിലും കണ്ടെത്തുക എന്നതാണ്. അതിനാൽ കുട്ടികൾ ഒരു നിശ്ചിത പ്രായത്തിലെത്തിയ ഉടൻ തന്നെ ഉപജീവനത്തിനായി ജോലികൾ ചെയ്യിക്കുന്നു. അടിസ്ഥാന വിദ്യാഭ്യാസം ഓരോ കുട്ടിയുടെയും അവകാശമാണ്. അതവര്‍ക്ക് കിട്ടാതെ പോകുന്നു.” ജഖാർ പങ്കിടുന്നു.

ഒരു ചെറിയ മുറിയിൽ ഏഴു കുട്ടികളെ പഠിപ്പിച്ചുകൊണ്ടാണ് അദ്ദേഹം ആരംഭിച്ചത്. “തുടക്കത്തിൽ, കുട്ടികളുടെ ശ്രദ്ധയും അവരുടെ മാതാപിതാക്കളുടെ വിശ്വാസവും ഉണ്ടാക്കിയെടുക്കാൻ പ്രയാസമായിരുന്നു. അതിനാൽ, തുടക്കത്തിൽ അവരോട് ഞാൻ കഥകൾ മാത്രമേ പറയുമായിരുന്നുള്ളൂ. ഹാജർ പതിവായിക്കഴിഞ്ഞാൽ ഞാൻ പാഠപുസ്തകങ്ങളിലേക്ക് മാറും." അദ്ദേഹം പറയുന്നു.

പൊലീസ് സ്റ്റേഷന് സമീപമുള്ള പൊലീസിന്‍റെ ഉടമസ്ഥതയിലുള്ള കെട്ടിടം സ്‍കൂളിനായി അനുവദിച്ചു കിട്ടി. “അനേകം കുട്ടികൾ അവിടെ വരാൻ തുടങ്ങി. ഞാനും മറ്റ് വനിതാ കോൺസ്റ്റബിൾമാരും അവരെ പഠിപ്പിച്ചു.” ജഖാർ  പറഞ്ഞു. കുട്ടികൾ സ്‍കൂളിൽ വരുന്നത് മുടങ്ങാതിരിക്കാൻ സൗജന്യ യാത്ര  സേവനം നൽകുന്നതിനായി ഒരു വാനും വാങ്ങി.

"ചുരുവിൽ നിന്ന് നാല് കിലോമീറ്റർ അകലെയാണ് ഗജ്‌സർ ഹനുമംഗടി ചേരി സ്ഥിതിചെയ്യുന്നത്. സർക്കാർ സ്‌കൂളിൽ ചേരുന്നതിന് പകരം അവിടത്തെ കുട്ടികൾ ഭിക്ഷാടനത്തിനാണ് പോയിരുന്നത്. ഈ വാൻ സേവനം അവരിൽ ഒരു നല്ല മാറ്റം വരുത്തിയെന്നതിൽ എനിക്ക് സന്തോഷമുണ്ട്.” അദ്ദേഹം പറയുന്നു.

2-3 ദിവസത്തിൽ കൂടുതൽ വിദ്യാർത്ഥികൾ ഹാജരാകാതിരുന്നാൽ ജഖാർ അവരുടെ വീടുകൾ സന്ദർശിക്കും. ധനത്തിനായി ജഖാർ കൂടുതലും സോഷ്യൽ മീഡിയയുടെയും ആളുകളുടെയും സഹായം തേടും. മുസ്‌കാൻ എന്ന എൻ‌ജി‌ഒയുമായി സഹകരിച്ചാണ് അദ്ദേഹം സ്‍കൂളിലേക്കാവശ്യമുള്ള സ്റ്റേഷനറി സാധങ്ങൾ വാങ്ങുന്നത്. ഓരോ കുട്ടിക്കും വിദ്യാഭ്യാസം ലഭ്യമാകുന്ന തരത്തിൽ അപ്നി പത്‌ശാല എന്ന ആശയം രാജ്യത്തുടനീളം വ്യാപിക്കണമെന്നാണ് ജഖാർ ആഗ്രഹിക്കുന്നത്.

click me!