പ്രതികളെ കൊന്നുകളയുന്നതിലൂടെ കുറ്റകൃത്യം ആവര്‍ത്തിക്കാതിരിക്കില്ല, ഇരകള്‍ക്ക് നീതിയും കിട്ടില്ല; 2008 ആസിഡ് അക്രമണക്കേസ് ഇര പറയുന്നു

By Web TeamFirst Published Dec 6, 2019, 12:36 PM IST
Highlights

എന്റെ കേസിലെ കുറ്റവാളിയുടെ എൻകൗണ്ടർ കൊലപാതകം മറ്റുള്ളവരിൽ ഭീതി ജനിപ്പിച്ചിരുന്നു എങ്കിൽ, അവരെ അതുപോലുള്ള കുറ്റങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു എങ്കിൽ, ഇവിടെ നിർഭയയോ ദിശയോ ഒന്നും സമാനമായ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവല്ലോ?

വെറ്ററിനറി ഡോക്ടറെ ബലാത്സംഗം ചെയ്‍തശേഷം കൊലപ്പെടുത്തിയ കേസിലെ പ്രതികളെ പൊലീസ് വെടിവെച്ചുകൊന്ന വാര്‍ത്തയിലേക്കാണ് ഇന്ത്യ ഇന്ന് കണ്ണ് തുറന്നതുതന്നെ. എന്നാല്‍, ഇത് ആദ്യത്തെ സംഭവമല്ല. 2008 -ല്‍ സമാനമായ സംഭവം ഇന്ത്യയില്‍ നടന്നിട്ടുണ്ട്. രണ്ട് പെണ്‍കുട്ടികളുടെ മുഖത്ത് ആസിഡ് ഒഴിച്ച പ്രതികളെയാണ് അന്ന് പൊലീസ് വെടിവച്ചുകൊന്നത്. ആ കേസന്വേഷണത്തിന് നേതൃത്വം നല്‍കിയതാകട്ടെ ഇപ്പോഴത്തെ സൈബറാബാദ് കമ്മീഷണര്‍ വി പി സജ്ജനാര്‍ തന്നെ. 

2008 -ല്‍ അവസാന വര്‍ഷ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥിനികളായ സ്വപ്‍നിക, പ്രണിത എന്നിവര്‍ക്ക് നേരെയാണ് ആസിഡ് അക്രമണമുണ്ടായത്. ഇരുവരും കോളേജിലേക്ക് പോകുന്നവഴി ആസിഡ് അക്രമികള്‍ ഇവരുടെ മുഖത്ത് ആസിഡ് ഒഴിക്കുകയായിരുന്നു. മുഖ്യപ്രതി ശ്രീനിവാസന്‍റെ പ്രേമാഭ്യര്‍ത്ഥന നിരസിച്ചതിലുള്ള വിദ്വേഷത്തെ തുടര്‍ന്ന് ശ്രീനിവാസന്‍, സുഹൃത്തുക്കളായ ബി സഞ്ജയ്, പി. ഹരികൃഷ്‍ണന്‍ എന്നിവര്‍ ചേര്‍ന്നാണ് പെണ്‍കുട്ടികളെ അക്രമിച്ചത്. 

ആ അക്രമണത്തെ അതിജീവിച്ച ടി പ്രണിതയെന്ന യുവതിക്ക് ഇന്ന് 31 വയസ്സുണ്ട്. കൊളറാഡോയിലെ ഡെന്‍വറില്‍ താമസിക്കുന്ന പ്രണിത ടെലവിഷനിലൂടെയും മറ്റ് മാധ്യമങ്ങളിലൂടെയും വെറ്ററിനറി ഡോക്ടറുടെ കൊലയും അതിനെത്തുടര്‍ന്ന് നടന്ന പ്രതിഷേധങ്ങളും എല്ലാം അറിയുന്നുണ്ടായിരുന്നു. അതവളെ അന്നത്തെ ദിവസങ്ങളിലെ ഓര്‍മ്മകളിലേക്കാണ് നയിച്ചത്. അന്ന് ആസിഡ് അക്രമണത്തെ തുടര്‍ന്ന് കുറച്ച് ദിവസത്തിനുള്ളില്‍ സ്വപ്‍നികയ്ക്ക് ജീവന്‍ നഷ്‍ടമായി. പ്രണിത മാത്രമാണ് അതിനെ അതിജീവിച്ചത്. ഇന്ന്, പൊലീസ് വെടിവെപ്പില്‍ നാല് പ്രതികള്‍ കൊല്ലപ്പെടുമ്പോള്‍ സമൂഹം മൊത്തം പൊലീസിന് കയ്യടിക്കുകയും അങ്ങനെ തന്നെയാണ് ചെയ്യേണ്ടിയിരുന്നത് എന്ന് അക്രോശിക്കുകയുമാണ്. എന്നാല്‍, ഇത്തരം കൊലപാതകങ്ങളിലൂടെ ഇരകള്‍ക്കോ സര്‍വൈവറിനോ നീതി ലഭിക്കുമെന്ന് കരുതുന്നത് വെറുതെയാണ് എന്നാണ് സംഭവത്തില്‍ പ്രണിതയുടെ പ്രതികരണം. ഹഫിംഗ്‍ടണ്‍പോസ്റ്റിന് പ്രണിത നല്‍കിയ അഭിമുഖത്തിലാണ് അവര്‍ ഇക്കാര്യം വ്യക്തമാക്കിയത്.

പൊലീസ് വെടിവെച്ച് പ്രതികളെ കൊല്ലുന്നത് ഒരിക്കലും ഇരകള്‍ക്ക് നീതിയുറപ്പാക്കും എന്ന് വിശ്വസിക്കുന്നില്ലായെന്നാണ് പ്രണിത പറയുന്നത്. ആൾക്കൂട്ട അക്രമത്തിനുപകരം കർശനമായ നിയമവ്യവസ്ഥയിലൂടെത്തന്നെയാണ് നീങ്ങേണ്ടത് എന്നും അവള്‍ അഭിപ്രായപ്പെട്ടു. പൊലീസ് നിയമം നടപ്പിലാക്കുന്നതിന് പകരം പതിയെ നീങ്ങുന്ന സ്ഥിതി മാറി എളുപ്പത്തില്‍ കേസുകള്‍ തീര്‍പ്പാക്കുന്ന വിചാരണ നടക്കുന്ന ശിക്ഷയുറപ്പാക്കുന്ന തരത്തിലേക്ക് കാര്യങ്ങള്‍ മാറുകയാണ് വേണ്ടത് എന്നും പ്രണിത പ്രതികരിക്കുന്നു. 

അന്നെന്താണ് സംഭവിച്ചത്

അക്രമിക്കപ്പെടുമ്പോള്‍ അവസാനവര്‍ഷ ബി ടെക് വിദ്യാര്‍ത്ഥിനിയായിരുന്നു പ്രണിത. ഹൈദ്രാബാദ് ഇന്‍ഫോസിസില്‍ നിന്നും ഒരു സ്വപ്‍നജോലി തന്നെ ആ സമയത്ത് അവളെ തേടിയെത്തിയിട്ടുണ്ടായിരുന്നു. ഒപ്പം തന്‍റെ അവസാന വര്‍ഷ പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലായിരുന്നു അവള്‍. ''ഒരാള്‍ സ്വപ്‍നികയോട് പ്രേമാഭ്യര്‍ത്ഥന നടത്തിയിരുന്നതായും അവളത് നിരസിച്ചിരുന്നതായും എനിക്കറിയാമായിരുന്നു. അത് കോളേജില്‍ സാധാരണമായിരുന്നുവെന്നതിനാല്‍ത്തന്നെ ഞാനത് ഗൗരവമായി എടുത്തിരുന്നില്ല. അവള്‍ അയാള്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയിരുന്നു എന്നൊന്നും ഞാനറിഞ്ഞിരുന്നില്ല.'' പ്രണിത പറയുന്നു.

അന്ന് പ്രണിതയാണ് വണ്ടിയോടിച്ചിരുന്നത്. സ്വപ്‍നിക പിറകിലിരിക്കുന്നു. അപ്പോഴാണ് ശ്രീനീവാസനടക്കം മൂന്നുപേരെത്തി ഇരുവരുടേയും മുഖത്തേക്ക് ആസിഡ് ഒഴിക്കുന്നത്. അതിനിടയില്‍ അവിടെയുണ്ടായിരുന്ന ചിലര്‍ ഓട്ടോ വിളിച്ചു. പ്രണിത ഓട്ടോ ഡ്രൈവറോട് അടുത്തുള്ള ഏതെങ്കിലും സ്വകാര്യ ആശുപത്രിയിലേക്കെത്തിക്കാന്‍ ആവശ്യപ്പെടുകയും വഴി പറഞ്ഞുകൊടുക്കുകയും ചെയ്‍തു. പൊലീസിനെയോ, ആശുപത്രിയിലോ വിളിക്കുന്നതിന് മുമ്പ് സ്വന്തം വീട്ടുകാരെയാണ് അവള്‍ വിളിച്ചത്. എന്തുകൊണ്ട് പൊലീസിനെ വിളിച്ചില്ലായെന്ന ചോദ്യത്തിന് 'വിളിച്ചിരുന്നുവെങ്കില്‍ ഉടനെത്തന്നെ അവര്‍ വരുമെന്ന് കരുതുന്നുണ്ടോ' എന്നായിരുന്നു അവളുടെ ചോദ്യം. 

അന്ന് ആക്രമണം നടന്ന് മൂന്ന് ദിവസത്തിനുശേഷം ആശുപത്രിക്കിടക്കയില്‍ കിടക്കുകയായിരുന്നു പ്രണിത. കണ്ണ് തുറക്കാനാകുമായിരുന്നില്ല. അപ്പോഴാണ് വാതില്‍ക്കല്‍ നിന്നാരോ 'ആ മൂന്നുപേരെയും പൊലീസ് വെടിവെച്ചുകൊന്നു'വെന്ന് പറയുന്നത് കേട്ടത്. ആദ്യമായി ആ വാര്‍ത്ത കേട്ടപ്പോള്‍ താന്‍ ഭയന്നുപോയി എന്നാണ് പ്രണിത പറയുന്നത്. നിങ്ങള്‍ പ്രതീക്ഷിക്കുന്നത് ഞാനാ വാര്‍ത്ത കേള്‍ക്കുമ്പോള്‍ സന്തോഷിച്ചിരിക്കും എന്നാണ്. എന്നാല്‍, അല്ല എനിക്ക് ഭയമാണ് തോന്നിയത്. ഒന്ന് ചിന്തിച്ചുനോക്കൂ, ഒരു സാധാരണക്കാരിയായ വിദ്യാര്‍ത്ഥിനി. പെട്ടെന്നൊരു ദിവസം അക്രമിക്കപ്പെടുന്നു. ആശുപത്രിയില്‍ പ്രവേശിക്കപ്പെടുന്നു. അതിനുശേഷം മൂന്നുപേര്‍ അവളുടെ വാക്കിനെ തുടര്‍ന്ന് കൊല്ലപ്പെടുന്നുവെന്ന് കേള്‍ക്കുന്നു. മൂന്നുമരണത്തിന് അവള്‍ കാരണക്കാരിയായി എന്നും'' പ്രണിത പറയുന്നു. ഞാന്‍ ജീവിതത്തിലന്നേ വരെ ഒരു പൊലീസ് സ്റ്റേഷനില്‍ പോലും പോയിരുന്നില്ല. ആ ഞാന്‍ ഇതൊക്കെ കേള്‍ക്കുമ്പോള്‍ എങ്ങനെ ഭയപ്പെടാതിരിക്കും എന്നാണ് അവളുടെ ചോദ്യം. 

ആ നടപടിയിലൂടെ പ്രണിതയ്ക്കും സ്വപ്‍നികയ്ക്കും നീതി കിട്ടിയോ എന്ന ചോദ്യത്തിന് ഇല്ലാ എന്ന് തന്നെയാണ് പ്രണിതയുടെ മറുപടി. ഇങ്ങനെയൊരു നടപടികൊണ്ട് നീതി കിട്ടിയെന്ന് പറയാനാവില്ല. എന്‍റെ തൊലി പഴയതുപോലെയാകുന്നു. സാധാരണ ജീവിതത്തിലേക്ക് എനിക്ക് തിരികെ വരാനാകുന്നുവെന്നതൊക്കെയാണ് നീതി കിട്ടി എന്നുറപ്പിക്കുന്നത്. ഇതിപ്പോള്‍ ആ അക്രമത്തിന്‍റെയും കൊലപാതകത്തിന്‍റെയും അനന്തര ഫലങ്ങളിലൂടെയും ഭയത്തിലൂടെയുമാണ് ഞാനിന്നും ജീവിക്കുന്നതെന്നും അവള്‍ പറയുന്നു. 

ഇത്രകൂടി പ്രണിത പറയുന്നുണ്ട്, അന്ന് ഞങ്ങളെ അക്രമിച്ചവരോ, വെറ്ററിനറി ഡോക്ടറെ അക്രമിച്ചവരോ ഒന്നും തന്നെ തങ്ങൾ പിടിക്കപ്പെടുമെന്ന് ഒരിക്കലും കരുതിയിട്ടുണ്ടാവില്ല. കാരണം, തങ്ങളുടെ പ്രവൃത്തികൊണ്ടുണ്ടാകുന്ന പ്രത്യാഘാതങ്ങൾ എന്തായാലും അതിനെയൊക്കെ നേരിടാം എന്ന വല്ലാത്തൊരു ആത്മവിശ്വാസമുണ്ടാകും അവർക്ക്. രാഷ്ട്രീയസ്വാധീനം വെച്ച് കേസും കൂട്ടവുമൊക്കെ ഒഴിവാക്കാമെന്നും ഇനി അഥവാ കേസായാൽ തന്നെ പ്രഗത്ഭരായ അഭിഭാഷകരെവെച്ച് അതിൽ നിന്നൊക്കെ ഊരിപ്പോരാമെന്നും ഒക്കെ അവർ ധരിക്കും. പക്ഷേ, അതിനർത്ഥം കുറ്റവാളികൾക്കെതിരെ കർശനമായ നടപടിയെടുക്കുക എന്നാൽ അവരെ വധശിക്ഷയ്ക്ക് വിധേയരാക്കുക, പറ്റുമെങ്കിൽ കോടതിക്ക് പുറത്തുവെച്ചുതന്നെ എൻകൗണ്ടർ ചെയ്തു കൊന്നുകളയുക എന്നൊക്കെയാണോ?

പ്രതികള്‍ കൊല്ലപ്പെട്ടു കഴിഞ്ഞാല്‍ എല്ലാവരും ആ സംഭവത്തെ കുറിച്ച് തന്നെ മറന്നുപോകുന്നു. പൊലീസിനോ നിയമത്തിനോ പിന്നെ ഒന്നും ചെയ്യേണ്ടതില്ല. മാധ്യമങ്ങളും അതിനെക്കുറിച്ച് സംസാരിക്കില്ല. എല്ലാവരും അതേക്കുറിച്ച് മറന്നുപോവുകയും അതേതരത്തിലുള്ള സംഭവങ്ങള്‍ ആവര്‍ത്തിക്കപ്പെടുകയും ചെയ്യും. എന്റെ കേസിലെ കുറ്റവാളിയുടെ എൻകൗണ്ടർ കൊലപാതകം മറ്റുള്ളവരിൽ ഭീതി ജനിപ്പിച്ചിരുന്നു എങ്കിൽ, അവരെ അതുപോലുള്ള കുറ്റങ്ങളിൽ നിന്ന് പിന്തിരിപ്പിച്ചിരുന്നു എങ്കിൽ, ഇവിടെ നിർഭയയോ ദിശയോ ഒന്നും സമാനമായ ആക്രമണങ്ങൾ ഏറ്റുവാങ്ങേണ്ടി വരില്ലായിരുന്നുവല്ലോ?

ഓരോ രണ്ട് കിലോമീറ്ററിലും പൊലീസ് റെസ്പോണ്‍സ് ടീം, യു എസ്സിലെപ്പോലെയുള്ള കൃത്യമായ ടോള്‍ ഫ്രീ സേവനങ്ങള്‍, എപ്പോഴും ലഭിക്കാവുന്ന മെഡിക്കല്‍ സംഘത്തിന്‍റെ സേവനം ഇവയൊക്കെ ഉണ്ടെങ്കില്‍ കുറ്റകൃത്യങ്ങള്‍ കുറയുമെന്നാണ് പ്രണിത പറയുന്നത്. അങ്ങനെയൊരു മെഡിക്കല്‍ സംഘമുണ്ടായിരുന്നുവെങ്കില്‍ തന്‍റെ മുഖത്തേറ്റ പരിക്ക് കുറഞ്ഞിരുന്നേനെ എന്നും അവള്‍ പറയുന്നു. 

അന്നത്തെ അക്രമണത്തിനുശേഷം പ്രണിതയ്ക്ക് 14 സര്‍ജറി വേണ്ടിവന്നു. പക്ഷേ, അവള്‍ പഠനം തുടരുകയും പരീക്ഷയില്‍ 82 ശതമാനം മാര്‍ക്ക് വാങ്ങുകയും ഇന്‍ഫോസിസില്‍ ജോലിയില്‍ പ്രവേശിക്കുകയും ചെയ്തു. പക്ഷേ, അപ്പോഴും അവളുടെ ജീവിതം പഴയതുപോലെയായില്ല. നീതിയെന്നത് രണ്ടാമതായിരുന്നു. അതിജീവനമായിരുന്നു പ്രധാനമെന്നാണ് പ്രണിത പറയുന്നത്. പുരുഷന്മാരെയെല്ലാം അവള്‍ ഭയക്കുകയും അവിശ്വസിക്കുകയും ചെയ്‍തു. പതിയെ പതിയെയാണ് ആ പേടിയില്‍നിന്ന് അവള്‍ക്ക് മോചനമുണ്ടായത്. 2012 -ല്‍ പ്രണിത വിവാഹിതയായി. പക്ഷേ, ഇന്നും അവളുടെ ഉള്ളില്‍ പഴയ ഓര്‍മ്മകളുണ്ട്. അതിജീവനത്തിന്‍റെ ചൂടും. 

click me!