
ഇന്ത്യയ്ക്ക് അഭിമാന മുഹൂര്‍ത്തം സമ്മാനിച്ച്, ലഖ്‌നൗവിൽ നിന്നുള്ള ഇന്ത്യൻ വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയെയും മറ്റ് മൂന്ന് ബഹിരാകാശയാത്രികരെയും വഹിച്ചുകൊണ്ട് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള ആക്‌സിയം-4 ദൗത്യം ബുധനാഴ്ച ഇന്ത്യൻ സമയം ഉച്ചയ്ക്ക് 12:01 ന് ഫ്ലോറിഡയിലെ നാസയുടെ കെന്നഡി സ്‌പേസ് സെന്‍ററിലെ ലോഞ്ച് കോംപ്ലക്‌സ് 39A -യിൽ നിന്ന് പറന്നുയരും. നിരവധി തവണ വിക്ഷേപണം മാറ്റിവയ്ക്കപ്പെട്ടിരുന്നു. ഇതോടെയാണ് പ്രാദേശിക സമയം പുലര്‍ച്ചെ 2.32 ന് (ഇന്ത്യന്‍ സമയം ഉച്ചയ്ക്ക് 12ന്) വിക്ഷേപണം നിശ്ചയിച്ചത്.
അന്താരാഷ്ട്ര ബഹിരാകാശ നിലയം സന്ദർശിച്ച ആദ്യത്തെ ഇന്ത്യൻ ബഹിരാകാശ യാത്രികനായി ചരിത്രം എഴുതുന്നതിനുമുമ്പ്, ഭാര്യ കാംനയ്ക്ക് നന്ദി പറഞ്ഞ് കൊണ്ട് ഇന്ത്യന്‍ ബഹിരാകാശ സഞ്ചാരി ശുഭാൻഷു ശുക്ല എഴുതിയ പ്രത്യേക കുറിപ്പ് സമൂഹ മാധ്യമങ്ങളില്‍ വൈറലായി. ' ജൂൺ 25 -ന് അതിരാവിലെ ഈ ഗ്രഹം വിടാൻ ഞങ്ങൾ പദ്ധതിയിടുമ്പോൾ, ഈ ദൗത്യത്തിൽ പങ്കാളികളായ എല്ലാവർക്കും അവരുടെ പിന്തുണയ്ക്കും, വീട്ടിലെ എല്ലാവരുടെയും അനുഗ്രഹത്തിനും സ്നേഹത്തിനും നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു,' അദ്ദേഹം തന്‍റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ കുറിച്ചു.
'കാംനയ്ക്ക് പ്രത്യേക നന്ദി, നിങ്ങളില്ലാതെ ഇതൊന്നും സാധ്യമല്ലായിരുന്നു, പക്ഷേ, അതിലും പ്രധാനമായി ഇതൊന്നും പ്രശ്നമാകില്ല,' ശുഭാൻഷു ശുക്ല എഴുതി. ഒപ്പം ഒരു ഗ്ലാസിന് ഇരുപുറവുമായി നില്‍ക്കുന്ന ഇരുവരുടെയും ചിത്രവും ആക്‌സിയം-4 ന്‍റെ ചിത്രവും അദ്ദേഹം പങ്കുവച്ചു. വ്യോമസേന ഗ്രൂപ്പ് ക്യാപ്റ്റൻ ശുഭാൻഷു ശുക്ലയും ഭാര്യ കാംനയെ ലഖ്‌നൗവിലെ പ്രൈമറി സ്കൂൾ കാലം മുതല്‍ സുഹൃത്തുക്കളാണ്. തൊട്ട് താഴെയായി ആദ്യ കുറിപ്പായി, 'എല്ലാ ദിവസവും നിങ്ങളെന്നെ അഭിമാനിയാക്കുന്നു, എന്‍റെ പ്രണയമേ' കാംന എഴുതി.
'മൂന്നാം ക്ലാസ് മുതൽ ഞങ്ങൾ ഒരുമിച്ചാണ് പഠിച്ചത്. ഞങ്ങൾ ഉറ്റ സുഹൃത്തുക്കളാണ്. ഗുഞ്ചൻ, ശുഭാൻഷു എന്നീ പേരുകളിൽ ഞാൻ അവനെ അറിയുന്നു - ഞങ്ങളുടെ ക്ലാസ് മുറിയിലെ ലജ്ജാശീലനായ ആൾ - ഇപ്പോൾ നിരവധി ആളുകളെ പ്രചോദിപ്പിക്കുന്നു,' കാംന പറഞ്ഞു. ഇരുവര്‍ക്കും ആറ് വയസുള്ള ഒരു മകനുണ്ട്. ശുഭാൻഷുവിന്‍റെ അമ്മ ആശ ശുക്ലയും കാംനയെ അഭിനന്ദിച്ചു. മരുമകളുടെ അചഞ്ചലമായ പിന്തുണയില്ലെങ്കില്‍ ഈ നേട്ടം സാധ്യമാകില്ലായിരുന്നെന്ന് ആശ ശുക്ല പറഞ്ഞു.