
ക്രിമിനൽ സംഘങ്ങളും പോലീസും തമ്മിലുള്ള അവിശുദ്ധ കൂട്ടുകെട്ടിനെ കുറിച്ച് നിരന്തരം വീഡിയോകൾ ചെയ്തിരുന്ന വെനിസ്വേലന്‍ സോഷ്യൽ മീഡിയാ ഇന്‍ഫ്ലുവന്‍സറെ ലൈവ് സ്ട്രീമിംഗിനിടെ വെടിവച്ച് കൊലപ്പെടുത്തി. രണ്ട് തോക്കുധാകരികൾ ചേര്‍ന്ന് 25 കാരനായ ഗബ്രിയേൽ ജെസസ് സാർമിയന്‍റോയുടെ നേർക്ക് വെടിയുതിര്‍ക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു.
വെനിസ്വലയിലെ ക്രിമിനൽ സംഘങ്ങളും പോലീസ് സംവിധാനങ്ങളും തമ്മിലുള്ള അവിശുദ്ധ ബന്ധത്തെ കുറിച്ച് തന്‍റെ വീഡിയോകളിലൂടെ നിരന്തരം സംസാരിച്ചിരുന്ന ഗബ്രിയേൽ ജെസസ് സാർമിയന്‍റോയ്ക്ക് പോലീസില്‍ നിന്നും ക്രിമിനല്‍ സംഘങ്ങളില്‍ നിന്നും ഭീഷണി ഉയര്‍ന്നിരുന്നു. തന്നെ കൊലപ്പെടുത്തുമെന്ന് ഇരുസംഘങ്ങളും ഭീഷണിപ്പെടുത്തിയതായി ഗബ്രിയേൽ തന്‍റെ വീഡിയോകളിലൂടെ നേരത്തെ പറഞ്ഞിരുന്നു. സംഘടിത ക്രിമിനൽ ഗ്രൂപ്പുകളിലെ അംഗങ്ങളിൽ നിന്നും ആരോപണ വിധേയരായ പോലീസ് ഉദ്യോഗസ്ഥരിൽ നിന്നും തനിക്ക് ഭീഷണി സന്ദേശങ്ങൾ ലഭിച്ചിരുന്നതായി സാർമിയന്‍റോ പരസ്യമായി പറഞ്ഞിട്ടുണ്ട്.
ഇതിനിടെയാണ് സാർമിയന്‍റോയുടെ കൊലപാതകം. സമൂഹ മാധ്യമങ്ങളില്‍ വൈറലായ ടിക് ടോക്ക് ലൈവ് സ്ട്രീമിൽ ഒരു സ്ത്രീ ഓഫ് സ്‌ക്രീനിൽ നിലവിളിക്കുന്നത് കേൾക്കാം, എന്താണ് സംഭവിക്കുന്നതെന്ന് ഒരു പുരുഷ ശബ്ദം ചോദിക്കുന്നു. അല്പ നേരത്തേക്ക് ചോദ്യവും നിലവിളിയും ഉയര്‍ന്ന് കേൾക്കാം. പിന്നാലെ വെടി പൊട്ടുന്ന ശബ്ദം. എന്നെ അവര്‍ വെടിവച്ചെന്ന് പറഞ്ഞു കൊണ്ട് സാർമിയന്‍റോ മുന്നോട്ട് നീങ്ങാന്‍ ശ്രമിക്കുന്നു. മുറിക്കുള്ളിലേക്ക് പ്രവേശിക്കുമ്പോൾ അവിടെ തോക്കുമായി രണ്ട് യുവാക്കൾ. അതിലൊരാൾ സാർമിയന്‍റോയുടെ നേര്‍ക്ക് നിറയൊഴിക്കുന്നതോടെ വീഡിയോ അവസാനിക്കുന്നു.
അക്രമികൾ സാർമിയന്‍റോയുടെ നേര്‍ക്ക് ഒമ്പത് തവണ വെടിവച്ചെന്ന് റിപ്പോര്‍ട്ടുകൾ പറയുന്നു. വീഡിയോയില്‍ കേട്ട നിലവിളി സാർമിയന്‍റോയുടെ അമ്മയാണെന്ന് തിരിച്ചറിഞ്ഞെന്ന് പീപ്പിൾ റിപ്പോർട്ട് ചെയ്തു. അക്രമത്തിന്‍റെ ഭയപ്പെടുത്തുന്ന ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളില്‍ വൈറലായതിന് പിന്നാലെ കൊലയാളികളെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ഉയർന്നു.