എഐയെ പഴിചാരി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ല; ജീവനക്കാർക്ക് മുന്നറിയിപ്പുമായി അറ്റ്‌ലാസിയൻ സിഇഒ

Published : Oct 20, 2026, 03:00 PM IST
Atlassian CEO Mike Cannon-Brookes

Synopsis

ജോലിസ്ഥലത്ത് എഐ ഉപയോഗിക്കുമ്പോൾ സംഭവിക്കുന്ന പിഴവുകളുടെ പൂർണ്ണ ഉത്തരവാദിത്തം അത് ഉപയോഗിക്കുന്ന വ്യക്തികൾക്കാണെന്ന് അറ്റ്‌ലാസിയൻ സിഇഒ മൈക്ക് കാനൻ-ബ്രൂക്‌സ് വ്യക്തമാക്കി. എഐ ഏജന്റുകളുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കാനും സുരക്ഷ ഉറപ്പാക്കാനും കമ്പനികൾ ശ്രദ്ധിക്കണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.

ജോലിസ്ഥലത്ത് സംഭവിക്കുന്ന പിഴവുകൾക്ക് നിർമിതബുദ്ധിയെ പഴിചാരി ഉത്തരവാദിത്തത്തിൽനിന്ന് ഒഴിയാനാകില്ലെന്ന് അറ്റ്‌ലാസിയൻ സിഇഒ മൈക്ക് കാനൻ-ബ്രൂക്‌സ്. എഐ ഉപകരണങ്ങളുടെ സഹായത്തോടെ ചെയ്യുന്ന ജോലികളുടെ അന്തിമ ഉത്തരവാദിത്തം അവ ഉപയോഗിക്കുന്ന വ്യക്തിക്ക് തന്നെയായിരിക്കണമെന്നും അദ്ദേഹം വ്യക്തമാക്കി. സിംഗപ്പൂർ ഗ്രാൻഡ് പ്രീയുടെ ഭാഗമായി ഫോർച്യൂൺ മാസികയ്ക്ക് നൽകിയ അഭിമുഖത്തിലാണ് കാനൻ-ബ്രൂക്‌സ് ഇക്കാര്യം പറഞ്ഞത്. ജോലിയുടെ വലിയൊരു ഭാഗം എഐ ഏജന്‍റുകൾ നിർവഹിച്ചാലും അതിന്‍റെ ഉത്തരവാദിത്തം മനുഷ്യരിൽനിന്ന് മാറുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

എഐയുടെ പ്രവർത്തനങ്ങൾ നിരീക്ഷിക്കണം

രേഖകൾ തിരുത്തുക, ജോലികൾ കൈകാര്യം ചെയ്യുക, സ്ഥാപനങ്ങളുടെ ആഭ്യന്തര വിവരങ്ങൾ ഉപയോഗിക്കുക തുടങ്ങിയ പ്രവർത്തനങ്ങൾ നിർവഹിക്കാൻ കഴിയുന്ന എഐ ഏജന്‍റുകളെ കമ്പനികൾ കൂടുതലായി ജോലി സ്ഥലങ്ങളിൽ ഉപയോഗിച്ചുവരുന്ന സാഹചര്യത്തിലാണ് സിഇഒ മൈക്ക് കാനൻ-ബ്രൂക്‌സിന്‍റെ പരാമർശം. ഒക്ടോബർ ആറിന് അറ്റ്‌ലാസിയൻ അവതരിപ്പിച്ച ഏജന്‍റിക് മൾട്ടിപ്ലെയർ പ്രോട്ടോക്കോൾ (AMP) എന്ന സംവിധാനം എഐ ഏജന്‍റുകളെ ജോലിസ്ഥലത്തെ ടീമുകളിലെ തിരിച്ചറിയാവുന്ന അംഗങ്ങളാക്കാൻ ലക്ഷ്യമിടുന്നു. ഓരോ ഏജന്‍റിനും പ്രത്യേക തിരിച്ചറിയലും പ്രവർത്തനാനുമതികളും നൽകുന്നതിനൊപ്പം അവ നടത്തുന്ന പ്രവർത്തനങ്ങൾ ഏതൊക്കെ മനുഷ്യ ഉപയോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് കണ്ടെത്താനും ഇതിലൂടെ സാധിക്കും. സഹപ്രവർത്തകർ രേഖകളിൽ വരുത്തുന്ന മാറ്റങ്ങൾ പോലെ എഐയുടെ സഹായത്തോടെ നടത്തുന്ന തിരുത്തലുകളും നിരീക്ഷിക്കാനും അവയുടെ ഉത്തരവാദിത്തം ഉറപ്പാക്കാനും കഴിയണം.

രഹസ്യവിവരങ്ങൾ ചോരാനുള്ള സാധ്യത

ജോലിസ്ഥലങ്ങളിൽ എഐ ഉപയോഗിക്കുമ്പോൾ സുരക്ഷയ്ക്കും വിവരങ്ങൾ കൈകാര്യം ചെയ്യുന്നതിനുള്ള അനുമതികൾക്കും നിയമപാലനത്തിനും പ്രത്യേക ശ്രദ്ധ നൽകണമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. വ്യക്തിഗത ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്ത എഐ സംവിധാനങ്ങൾ അതേപടി സ്ഥാപനങ്ങളിൽ ഉപയോഗിക്കുന്നത് വെല്ലുവിളികൾ സൃഷ്ടിച്ചേക്കാമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. എഐയ്ക്ക് സങ്കീർണമായ നിരവധി ജോലികൾ ചെയ്യാൻ കഴിയുമെങ്കിലും നിലവിലെ ഇന്‍റർഫേസുകളുടെ പരിമിതികൾ കാരണം ഭൂരിഭാഗം ഉപയോക്താക്കളും ലളിതമായ പ്രവർത്തനങ്ങളിൽ മാത്രമാണ് ഒതുങ്ങുന്നതെന്നും അദ്ദേഹം പറഞ്ഞു.

എഐ മേഖലയിൽ നിക്ഷേപം

ജിറ, കോൺഫ്ലുവൻസ് തുടങ്ങിയ സോഫ്റ്റ്‌വെയർ ഉൽപ്പന്നങ്ങളിലൂടെ ശ്രദ്ധേയമായ ഓസ്‌ട്രേലിയൻ കമ്പനിയാണ് അറ്റ്‌ലാസിയൻ. എഐയുടെ പ്രവർത്തനങ്ങളിൽ മനുഷ്യരുടെ മേൽനോട്ടം ഉറപ്പാക്കാനാണ് കമ്പനിയുടെ പുതിയ നീക്കം. ജൂൺ 30 -ന് അവസാനിച്ച പാദത്തിൽ അറ്റ്‌ലാസിയൻ ഏകദേശം 180 കോടി ഡോളറിന്‍റെ വരുമാനം നേടിയതായി റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. എഐയിലും വലിയ സ്ഥാപനങ്ങളുമായുള്ള ബിസിനസിലും കൂടുതൽ നിക്ഷേപം നടത്തുന്നതിന്‍റെ ഭാഗമായി ഏകദേശം 1,600 ജീവനക്കാരെ പിരിച്ചുവിടാനുള്ള പദ്ധതി കമ്പനി മാർച്ചിൽ പ്രഖ്യാപിച്ചിരുന്നു. കമ്പനിയുടെ ആകെ ജീവനക്കാരുടെ ഏകദേശം 10 ശതമാനമാണ് ഇത്.

PREV
Read more Articles on
click me!

Recommended Stories

സ്പൂണിന്‍റെ രൂപം മാറ്റി, പിന്നാലെ ഇന്ത്യൻ സംരംഭകന്‌ 3.5 ലക്ഷം ഡോളറിന്‍റെ നിക്ഷേപം!
സെൽഫ് ഡ്രൈവിങ് എല്ലാം സേഫ് അല്ല; ഫുൾ സെൽഫ് ഡ്രൈവിംഗ് മോഡിലുള്ള ടെസ്‍ല കാർ പോലീസ് വാഹനത്തിന് ഇടിച്ച് രണ്ട് പോലീസുകാർക്ക് ഗുരുതര പരിക്ക്!