രണ്ടാഴ്ചത്തെ അബോധാവസ്ഥ, ഹെലികോപ്റ്റര്‍ കൂട്ടിയിടിച്ച് പരിക്കു പറ്റിയ കുട്ടി കണ്ണുതുറന്നു!

By Web TeamFirst Published Jan 16, 2023, 7:10 PM IST
Highlights

മരിച്ചുവെന്ന് കരുതിയ അബോധാവസ്ഥയില്‍നിന്നും 10 വയസ്സുകാരന്‍ അത്ഭുതകരമായ വിധത്തില്‍ കണ്ണുതുറന്നു. 
 

മരിച്ചുവെന്ന് എല്ലാവരും കരുതിയ 10 വയസ്സുകാരന്‍ രണ്ടാഴ്ചത്തെ അബോധാവസ്ഥയ്ക്കു ശേഷം അത്ഭുതകരമായ വിധത്തില്‍ കണ്ണുതുറന്നു. ഓസ്‌ട്രേലിയയില്‍ വിനോദ പറക്കലിനിടെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ച് രണ്ടാഴ്ചയായി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുകയായിരുന്ന ബാലനാണ്, പൊടുന്നനെ ജീവന്റെ തുടിപ്പുകള്‍ കാണിച്ചത്. കുട്ടി പിതാവിന്റെ കൈ പിടിക്കുകയും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായി തലയാട്ടുകയും ചെയ്തതായി  കുടുംബ പുരോഹിതനാണ് അറിയിച്ചത്. 

ബ്രിസ്‌ബെയിനിലെ ഗോള്‍ഡ് കോസ്റ്റ് നഗരത്തിലെ വിനോദ കേന്ദ്രത്തില്‍ നടന്ന അപകടത്തിലാണ് നിക്കോളസ് ടാഡ്‌റോസ് എന്ന 10 വയസ്സുകാരന്‍ അബോധാവസ്ഥയിലായത്. രണ്ടാഴ്ചയായി കോമയിലായിരുന്ന കുട്ടിയുടെ സ്ഥിതി ആദ്യം മുതലേ ഗുരുതരമായിരുന്നു. രക്ഷപ്പെടില്ല എന്ന് ഏതാണ്ട് ഉറപ്പായ അവസ്ഥയിലാണ് ഈ കുട്ടി പൊടുന്നനെ ജീവന്റെ അടയാളങ്ങള്‍ കാണിച്ചത്. ബ്രിസ്‌ബെയിനിലെ ക്വീന്‍സ്‌ലാന്‍ഡ് ചില്‍ഡ്രന്‍ ഹോസ്പിറ്റലില്‍ ഗുരുതരാവസ്ഥയില്‍ കഴിയുകയായിരുന്നു കുട്ടിയെ ഇപ്പോള്‍ വെന്റിലേറ്ററിലേക്ക് മാറ്റിയിട്ടുണ്ട്. ചില ശസ്ത്രക്രിയയകള്‍ കൂടി കഴിഞ്ഞാല്‍ കുട്ടിയെ രക്ഷപ്പെടുത്താനാവുമെന്നാണ് ആശുപത്രി വൃത്തങ്ങള്‍ നല്‍കുന്ന സൂചന. 

ജനുവരി രണ്ടിനാണ് ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. വിനോദ പറക്കലിനിടെയാണ് സീ വേള്‍ഡ് തീം പാര്‍ക്കിലെ ഹെലികോപ്റ്ററുകള്‍ കൂട്ടിയിടിച്ചത്. സംഭവത്തില്‍ കുട്ടിയുടെ മാതാവ് 36-കാരിയായ വനേസ ടാഡ്‌റോസ് മരിച്ചിരുന്നു. ഇതു കൂടാതെ ഒരു ബ്രിട്ടീഷ് വിനോദ സഞ്ചാരിയും ഹെലികോപ്റ്ററിന്റെ പൈലറ്റും അപകടത്തില്‍ മരിച്ചിരുന്നു. വനേസയുടെ സംസ്‌കാര ചടങ്ങുകള്‍ പടിഞ്ഞാറന്‍ ഡിസ്‌നിയിലെ കുടുംബവീടിനടുത്ത് കഴിഞ്ഞ ദിവസമാണ് കഴിഞ്ഞത്. അതിനിടെയാണ്, ഗുരുതരാവസ്ഥയില്‍ കഴിയുന്ന കുട്ടി അബോധാവസ്ഥയില്‍നിന്നും ഉണര്‍ന്നത്. 

കുട്ടി ഉണര്‍ന്ന് പിതാവിന്റെ കൈ പിടിക്കുകയും ചില ചോദ്യങ്ങള്‍ക്ക് ഉത്തരമായി തലയാട്ടുകയും ചെയ്തതായി കുടുംബ പുരോഹിതന്‍ അറിയിച്ചു. കുട്ടിയുടെ നിലയില്‍ മാറ്റം വരുന്നതായി കണ്ടതിനെ തുടര്‍ന്ന് സെഡേഷന്‍ മരുന്നുകളുടെ അളവ് കുറച്ചിരുന്നു. അതിനിടയിലാണ് കുട്ടി അബോധാവസ്ഥയില്‍നിന്നും ഉണര്‍ന്നത്. 


 

click me!