
ഇതൊരു ഊരാക്കുടുക്കിന്റെ കഥയാണ്. ഒരച്ഛന്‍ മകള്‍ക്ക് എഴുതി വെച്ച വില്‍പ്പത്രത്തിലെ വ്യവസ്ഥകളുടെ കഥ. അതിലെ വ്യവസ്ഥ പാലിക്കാനാവാത്തതിനാല്‍, അച്ഛന്റെ വകയായി ലഭിക്കേണ്ട ലക്ഷങ്ങള്‍ ലഭിക്കാതാവുന്ന അവസ്ഥ.
ഓസ്ട്രേലിയയില്‍ നിന്നുള്ള ക്ലെയര്‍ ബ്രൗണാണ് ഈ ഒരു ഊരാക്കുടുക്കില്‍ പെട്ടത്. അവളുടെ അച്ഛന്‍ അടുത്ത കാലത്താണ് മരിച്ചത്. മരണസമയത്ത്, അദ്ദേഹം മകള്‍ക്കായി 12 മില്യണ്‍ ഡോളര്‍ വില വരുന്ന (92 കോടി രൂപ) സ്വത്തുക്കള്‍ എഴുതിവെച്ചു. എന്നാല്‍, സ്വത്ത് എഴുതി വച്ച അച്ഛന്‍ വേറെ ഒരു കാര്യം കൂടി അതിനോടൊപ്പം എഴുതി ചേര്‍ത്തു. തന്റെ അന്ത്യാഭിലാഷം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ മകള്‍ക്ക് ആ സ്വത്തുക്കള്‍ അനുഭവിക്കാന്‍ സാധിക്കൂ എന്നതായിരുന്നു അത്.
മകള്‍ക്ക് സ്ഥിരവരുമാനമുള്ള ഒരു ജോലി. അതായിരുന്നു അദ്ദേഹത്തിന്റെ ആ ആഗ്രഹം.
മകള്‍ ജോലിക്ക് ആവുന്നതും ശ്രമിച്ചു. എന്നിട്ടും ഇതുവരെ സ്ഥിരവരുമാനമുള്ള ഒരു ജോലി കിട്ടിയിട്ടില്ല. ഇതോടെ കൈയില്‍ പണമില്ലാതെ ആകെ ബുദ്ധിമുട്ടിലായിരിക്കയാണ് ബ്രൗണ്‍.
കുറേ വര്‍ഷമായി അവള്‍ക്ക് ജോലി ഇല്ലാതായിട്ട്. എന്നാല്‍ അത് അവളുടെ മടി കൊണ്ടല്ല. മറിച്ച് അവളുടെ രോഗങ്ങള്‍ കാരണമാണ്. അറ്റന്‍ഷന്‍ ഡെഫിസിറ്റ്/ഹൈപ്പര്‍ ആക്ടിവിറ്റി ഡിസോര്‍ഡറും, ഓട്ടിസവും ഉള്‍പ്പെടെയുള്ള അസുഖങ്ങളുണ്ട് അവള്‍ക്ക്. അതുകൊണ്ട് തന്നെ ഒരു ജോലി കിട്ടുക എന്നത് ഒട്ടും എളുപ്പമല്ലാത്ത ഒരു സ്വപ്നമാണ്. ദശലക്ഷക്കണക്കിന് രൂപയുടെ സ്വത്ത് കൈയിലുണ്ടായിട്ടും, അതില്‍ നിന്ന് ചില്ലി കാശ് എടുക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് അവള്‍ ഇപ്പോള്‍.
ദേശീയ വികലാംഗ ഇന്‍ഷുറന്‍സ് സ്‌കീമിലേക്കുള്ള സര്‍ക്കാര്‍ ഫണ്ടിംഗ് വെട്ടിക്കുറച്ചത് തനിക്ക് തൊഴിലവസരങ്ങള്‍ കുറച്ചതായി അവള്‍ പറയുന്നു.
ബ്രൗണിന്റെ അവസ്ഥ അറിഞ്ഞവരൊക്കെ ഇപ്പോള്‍ അവളെ വിളിക്കുന്നത് 'തകര്‍ന്ന കോടീശ്വരി' എന്നാണ് വിളിക്കുന്നത്. സിഡ്നിയിലെ ഏറ്റവും വലിയ സ്‌കൂളുകളില്‍ ഒന്നിലാണ് അവള്‍ പഠിച്ചത്. ആഡംബരപൂര്‍ണമായ ജീവിതമാണ് അവള്‍ നയിച്ചിരുന്നത്. എന്നാല്‍ അച്ഛന്റെ മരണത്തോടെ എല്ലാം അവസാനിച്ചു. ഈ വര്‍ഷം ജനുവരിയിലാണ് ക്ലെയര്‍ ബ്രൗണിന്റെ അച്ഛന്‍ ക്രിസ് മരിക്കുന്നത്. അദ്ദേഹം ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്നു. അച്ഛന്റെ വില്‍പത്രത്തില്‍ 12 മില്യണ്‍ ഡോളര്‍ വില വരുന്ന സ്വത്തുക്കളാണ് ക്ലെയര്‍ ബ്രൗണിന് നല്‍കിയിരിക്കുന്നത്.
എന്നാല്‍ അത് അനുഭവിക്കാനുള്ള യോഗം തനിക്കുണ്ടാകുമോ എന്ന ആശങ്കയിലാണ് അവള്‍ ഇപ്പോള്‍. സാമൂഹ്യ ക്ഷേമ നിധിയില്‍ നിന്ന് മാസം തോറും ലഭിക്കുന്ന തുകയിലാണ് അവള്‍ ഇപ്പോള്‍ കഴിയുന്നത്. പിതാവിന്റെ ആഗ്രഹം നടപ്പിലാകാത്ത കാലത്തോളം, അവള്‍ക്ക് ഈ സ്വത്ത് കിട്ടില്ല. ജോലി കിട്ടിയില്ലെങ്കില്‍ സമൂഹത്തിന് വേണ്ടി എന്തെങ്കിലും സംഭാവന ചെയ്താലും മതിയെന്ന് വ്യവസ്ഥയില്‍ പറയുന്നുണ്ട്. എന്നാല്‍ അതെന്ത് എങ്ങനെ ചെയ്യണം എന്നൊന്നും അവള്‍ക്കൊരു പിടിയുമില്ല.
കാര്യങ്ങള്‍ ഇങ്ങനെ എങ്ങും എത്താതെ പോയതോടെ അവള്‍ ഒടുവില്‍ ഒരു തീരുമാനമെടുത്തു. അച്ഛന്റെ ഈ ആഗ്രഹത്തെ വെല്ലുവിളിച്ച് കോടതിയില്‍ കേസ് കൊടുക്കുക. അങ്ങന്‍െ, പിതാവിന്റെ ഇഷ്ടത്തെ കോടതിയില്‍ അവള്‍ വെല്ലുവിളിച്ചിരിക്കയാണ്.
'ഞാന്‍ തന്നെ എന്നെയിപ്പോള്‍ തകര്‍ന്ന കോടീശ്വരി എന്നാണ് വിളിക്കുന്നത്. കാരണം ഞാന്‍ നിരന്തരം തകര്‍ന്നുകൊണ്ടിരിക്കയാണ്. എനിക്കാണെങ്കില്‍ അതില്‍ ഒന്നും ചെയ്യാനും സാധിക്കുന്നില്ല''-ബ്രൗണ്‍ പറഞ്ഞു. തനിക്ക് ജോലി കിട്ടുന്ന കാര്യം ആലോചിക്കുകയേ വേണ്ടെന്ന് അവള്‍ പറയുന്നു. അത് ഒരിക്കലും സംഭവിക്കാന്‍ പോകുന്നില്ലെന്നാണ് അവളുടെ അഭിപ്രായം.
അതേസമയം അവള്‍ വിവാഹിതയാണ്. സ്വവര്‍ഗ വിവാഹം. ഭാര്യ ലോറനും അവരുടെ ഒരു വയസ്സുള്ള മകളുമൊത്ത് സിഡ്നിയുടെ പടിഞ്ഞാറുള്ള മൗണ്ട് ഡ്രൂയിറ്റിലാണ് അവള്‍ ജീവിക്കുന്നത്.