
നമ്മുടെ ഹൃദയത്തെ സ്പർശിക്കുന്ന അനേകം വീഡിയോകളും ചിത്രങ്ങളും ഇന്ന് വിവിധ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ വൈറലായി മാറാറുണ്ട്. തീരെ പ്രതീക്ഷിക്കാത്ത ചില കാഴ്ചകളായിരിക്കാം ഒരുപക്ഷേ, വീഡിയോയിൽ പകർത്തപ്പെടുന്നതും അനേകങ്ങളെ സ്പർശിക്കുന്നതും. അതുപോലെ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. ഈ വീഡിയോ പകർത്തിയിരിക്കുന്നത് ബെംഗളൂരുവിൽ നിന്നാണ്. ഒരു ഓട്ടോഡ്രൈവറാണ് വീഡിയോയിൽ ഉള്ളത്. അയാളുടെ തോളിൽ കിടക്കുന്ന ഒരു കൊച്ചുകുഞ്ഞിനെയും കാണാം.
വരുമാനമുണ്ടാക്കാനാണ് അദ്ദേഹം ഓട്ടോയോടിക്കുന്നതെങ്കിൽ, എന്തിനു വേണ്ടിയാണോ ജീവിക്കുന്നത് അവളെയാണ് കൂടെക്കൊണ്ടുവന്നിരിക്കുന്നത് എന്നാണ് വീഡിയോ ഷെയർ ചെയ്ത യുവതി കുറിച്ചിരിക്കുന്നത്. റിതു എന്ന യൂസറാണ് വീഡിയോ സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിരിക്കുന്നത്.
വീഡിയോയിൽ തിരക്കുള്ള റോഡിലൂടെ പോകുന്ന ഒരു ഓട്ടോയാണ് കാണുന്നത്. ഓട്ടോ ഡ്രൈവറുടെ നെഞ്ചോട് ചേർത്ത് കുഞ്ഞിനെ കിടത്തിയിരിക്കുന്നതും കാണാം. വളരെ പെട്ടെന്നാണ് വീഡിയോ വൈറലായി മാറിയത്. അനേകങ്ങളാണ് വീഡിയോയ്ക്ക് കമന്റുകൾ നൽകിയത്. കണ്ണ് നിറയുന്നു എന്നും ഇതാണ് അച്ഛന്റെ സ്നേഹമെന്നും പലരും കമന്റ് നൽകിയിട്ടുണ്ട്.
എന്നാൽ, അതേസമയത്ത് തന്നെ കുഞ്ഞിന്റെ സുരക്ഷയെ കുറിച്ചും കമന്റുകളുണ്ട്. ഇത് ഒറ്റദിവസം എന്തെങ്കിലും അത്യാവശ്യം വന്നതുകൊണ്ടായിരിക്കട്ടെ കുഞ്ഞിനെയും കൊണ്ട് വന്നത്, എന്നും ഇങ്ങനെ ജോലി ചെയ്യാനിടവരാതിരിക്കട്ടെ എന്നും പലരും അഭിപ്രായപ്പെട്ടു.
നേരത്തെയും ബെംഗളൂരുവിൽ നിന്നും ഓട്ടോ ഡ്രൈവർമാരുടെ പല വീഡിയോകളും വൈറലായി മാറിയിട്ടുണ്ട്. കുറച്ച് നാളുകൾക്ക് മുമ്പാണ് തന്റെ നായയുമായി ട്രിപ്പെടുക്കാനിറങ്ങുന്ന ഒരു ഡ്രൈവറുടെ വീഡിയോ വൈറലായി മാറിയത്. നഗരത്തിൽ ഓട്ടം പോകുമ്പോഴെല്ലാം ഡ്രൈവറുടെ നായയായ ജാക്കിയും അദ്ദേഹത്തോടൊപ്പം ഉണ്ടാകും. ആ വീഡിയോയും ആളുകളുടെ മനം കവർന്നിരുന്നു.