
ടാക്സിക്ക് അധികം കൂലിയീടാക്കുന്നതിനെ കുറിച്ച് പലപ്പോഴും ആളുകൾ പരാതി പറയാറുണ്ട്. എന്നാൽ, തന്റെ കഷ്ടപ്പാടുകൾക്കിടയിലും സത്യസന്ധത കൈവിടാത്ത ഒരു ഓട്ടോ ഡ്രൈവറുടെ അനുഭവമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ കയ്യടി നേടുന്നത്. തൻ്റെ കഷ്ടപ്പാടുകൾക്കിടയിലും യാത്രക്കാരിൽ നിന്ന് നിശ്ചിത നിരക്കിൽ കൂടുതൽ പണം വാങ്ങാൻ ആ ഡ്രൈവർ തയ്യാറായിരുന്നില്ല എന്ന് റെഡ്ഡിറ്റിലെ പോസ്റ്റിൽ പറയുന്നു.
കല്യാൺ സ്റ്റേഷനിലേക്കുള്ള യാത്രയ്ക്കിടയിലാണ് ഈ അനുഭവം ഉണ്ടായതെന്ന് യാത്രികൻ കുറിക്കുന്നു. നാല് പേരുള്ളപ്പോൾ 15 രൂപയും മൂന്ന് പേർ മാത്രമുള്ളപ്പോൾ 20 രൂപയുമാണ് അവിടത്തെ ഓട്ടോ നിരക്ക്. എന്നാൽ, ഭൂരിഭാഗം ഡ്രൈവർമാരും നാല് പേരുണ്ടായാലും 20 രൂപയാണ് ഈടാക്കാറുള്ളത്. പക്ഷേ, ഈ ഡ്രൈവർ നാല് യാത്രികരിൽ നിന്നും 15 രൂപ വീതം മാത്രമാണ് വാങ്ങിയത്. ഡ്രൈവറുടെ സത്യസന്ധത കണ്ട് സന്തോഷം തോന്നിയ യാത്രക്കാരൻ 20 രൂപ നൽകി ബാക്കി ചില്ലറ വെച്ചോളൂ എന്ന് പറയുകയായിരുന്നു. എന്നാൽ ഡ്രൈവർ ഉടൻ തന്നെ ആ 5 രൂപ തിരികെ നൽകി.
ഓട്ടോയുടെ ദയനീയമായ അവസ്ഥയെ കുറിച്ചും യാത്രക്കാരൻ കുറിക്കുന്നു. കനത്ത മഴയായിരുന്നിട്ടും ഓട്ടോയുടെ വൈപ്പർ പ്രവർത്തിച്ചിരുന്നില്ല. കൈകൊണ്ട് തുടച്ചുകൊണ്ടായിരുന്നു ഡ്രൈവർ വാഹനം ഓടിച്ചിരുന്നത്. വളരെ കഷ്ടപ്പെട്ട് ജീവിക്കുമ്പോഴും ചെറിയ തുകയ്ക്കായി സ്വന്തം സത്യസന്ധത അടിയറവ് വെക്കാത്ത ഈ മനുഷ്യനെ കണ്ടപ്പോൾ സങ്കടം തോന്നിയെന്നും, ഇന്നത്തെ ലോകത്ത് സത്യസന്ധതയ്ക്ക് വലിയ വില നൽകേണ്ടി വരുന്നുണ്ടോ എന്ന് ചിന്തിച്ചുപോയെന്നും പോസ്റ്റിൽ കുറിച്ചിരിക്കുന്നതായി കാണാം.
നിരവധി പേരാണ് ഡ്രൈവറെ അഭിനന്ദിച്ച് പോസ്റ്റിന് കമന്റുകൾ നൽകിയത്. 'ഇന്നത്തെ കാലത്ത് ഇങ്ങനെ സത്യസന്ധരായ ആളുകളെ കാണാറില്ല', 'ഈ ഓട്ടോ ഡ്രൈവർക്ക് ആദരവുകൾ', 'ഇത്തരം ആളുകൾ മനുഷ്യത്വത്തിലുള്ള വിശ്വാസം തിരികെ കൊണ്ടുവരുന്നു' തുടങ്ങിയ കമന്റുകളാണ് പോസ്റ്റിന് വരുന്നത്.