ഷിംലയിൽ ബാങ്കിൽ നിക്ഷേപിക്കാൻ കൊണ്ടുപോയ 81,800 രൂപ ഒരു കുരങ്ങൻ തട്ടിയെടുത്ത് മരത്തിന് മുകളിൽ നിന്ന് താഴേക്ക് എറിഞ്ഞു. നാട്ടുകാർ ചേർന്ന് ഭൂരിഭാഗം തുകയും വീണ്ടെടുത്തുവെങ്കിലും 1,500 രൂപ നഷ്ടപ്പെടുകയും ചില നോട്ടുകൾ നശിക്കുകയും ചെയ്തു.

ബാങ്കിൽ നിക്ഷേപിക്കാനായി കൊണ്ടുപോയ 81,800 രൂപ തട്ടിയെടുത്ത് കുരങ്ങൻ. ഹിമാചൽ പ്രദേശ് തലസ്ഥാനമായ ഷിംലയിലെ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിന് സമീപമാണ് കൗതുകവും ആശങ്കയും സൃഷ്ടിച്ച സംഭവം. തീർന്നില്ല, പണം തട്ടിയെടുത്ത കുരങ്ങൻ മരത്തിൽ കയറി നോട്ടുകൾ ഓരോന്നായി താഴേക്ക് എറിയാൻ തുടങ്ങിയതോടെ സ്ഥലത്ത് ആളുകൾ തടിച്ചുകൂടി.

പോക്കറ്റിൽ നിന്നും അടിച്ച് മാറ്റിയ 81,800 രൂപ!

നവംബർ 12 -നാണ് സംഭവം നടന്നതെന്ന് റിപ്പോർട്ടുകൾ പറയുന്നു. ബാങ്കിൽ നിക്ഷേപിക്കാനായി 81,800 രൂപയുമായി എത്തിയ ഒരാളുടെ പോക്കറ്റിൽനിന്നാണ് പണത്തിന്‍റെ കെട്ട് കുരങ്ങൻ മോഷ്ടിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്. എന്താണ് സംഭവിക്കുന്നതെന്ന് മനസ്സിലാക്കുന്നതിന് മുമ്പ് കുരങ്ങൻ സമീപത്തെ മരത്തിൽ കയറിക്കഴിഞ്ഞിരുന്നു. തുടർന്ന് കൈവശമുണ്ടായിരുന്ന നോട്ട് കെട്ടിൽ നിന്ന് കറൻസികൾ ഒരോന്നായി എടുത്ത് കുരങ്ങൻ താഴേക്ക് വലിച്ചെറിയാൻ തുടങ്ങിയതോടെ സംഗതി ആകെ മാറി.

Scroll to load tweet…

നഷ്ടപ്പെട്ടത് 1,500 രൂപ

ഇതോടെ പണം നഷ്ടപ്പെടുമെന്ന ആശങ്കയിലായ വ്യക്തിയെ സഹായിക്കാൻ ഡെപ്യൂട്ടി കമ്മീഷണറുടെ ഓഫീസിലെ ജീവനക്കാരും സമീപത്തുണ്ടായിരുന്നവരും ഓടിയെത്തി. മരത്തിന്‍റെ ചുവട്ടിൽ വീണ നോട്ടുകൾ പെറുക്കിയെടുക്കാൻ എല്ലാവരും ചേർന്ന് ശ്രമിച്ചു. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിൽ പണത്തിന്‍റെ ഭൂരിഭാഗവും വീണ്ടെടുക്കാനായി. എന്നാൽ ഏകദേശം 1,500 രൂപയുടെ കണക്ക് ലഭിച്ചില്ലെന്നാണ് പണത്തിന്‍റെ ഉടമ പറയുന്നത്.

ഇതിനിടെ 500 രൂപയുടെ ചില നോട്ടുകൾ കുരങ്ങൻ കടിച്ചുകീറി നശിപ്പിച്ചതായി കണ്ടെത്തി. ഷിംലയിൽ കുരങ്ങുകളുടെ ശല്യം വർധിക്കുന്നുവെന്ന നാട്ടുകാരുടെ പരാതികൾക്കിടെയാണ് സർക്കാർ ഓഫീസിന് സമീപംതന്നെ ഈ സംഭവമുണ്ടായത്. വഴിയാത്രക്കാരുടെ ഭക്ഷണസാധനങ്ങളും മറ്റ് വസ്തുക്കളും കുരങ്ങുകൾ തട്ടിയെടുക്കുന്നതായും ചിലപ്പോൾ കുരങ്ങുകൾ ആളുകളെ കടിക്കുകയും ദേഹോപദ്രവം ഏൽപ്പിക്കുകയും ചെയ്യുന്നതായും പ്രദേശവാസികൾ പരാതിപ്പെടുന്നു.